സര്‍ക്കാര്‍ വരുമ്പോള്‍ കാലിയായ ഖജനാവ്: ഒഴിയുമ്പോള്‍ അയ്യായിരം കോടിയുടെ മിച്ചമെന്ന് തോമസ് ഐസക്
ആലപ്പുഴ: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായായിരുന്നുവെന്നും അധികാരം വിട്ടൊഴിയുമ്പോള്‍ കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ് ബുക്ക് കുറിപ്പിലാണദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ വര്‍ഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.
അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.
ട്രഷറി അക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ ഒരുപത്രം വിമര്‍ശിച്ചത് കണ്ടു. ട്രഷറിയില്‍ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചെലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പില്‍ നിന്ന് അത്രയും തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഏപ്രിലില്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടില്‍ തിരിച്ചു നല്‍കും. ഒരുകാര്യം കൂടി ഓര്‍മിക്കുക. ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണ്. കാര്യം വ്യക്തമായി മനസ്സിലാക്കാതെ ഇലക്ഷന്‍ സമയത്ത് സര്‍ക്കാരിന് ഒരു കുത്ത് കിടക്കട്ടെ എന്ന് വിചാരിച്ചതുകൊണ്ടാകും തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇങ്ങനെയൊക്കെ എഴുതി വിടുന്നത്.
നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള പെന്‍ഷന്‍ എല്ലാവരിലും എത്തിക്കഴിഞ്ഞു. സാമൂഹ്യ പെന്‍ഷനുള്ള തുക മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. മിക്കവാറും സംഘങ്ങള്‍ സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നതിന് മുന്നേ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി കഴിഞ്ഞത് ഇരട്ടി സന്തോഷം തരുന്നു.
വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന തദ്ദേശ സ്ഥാപന പ്ലാന്‍ ചിലവുകള്‍ എണ്‍പത് ശതമാനം എത്തിക്കാനായതില്‍ അഭിമാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പകുതിയില്‍ കൂടുതലും നൂറു ശതമാനത്തിലേറെ ചിലവാക്കിയ വര്‍ഷമാണിത്. ഇതില്‍ ഭൂരിഭാഗത്തിന്റെയും ബില്ലുകള്‍ അധികമായി തുക അനുവദിച്ച് നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളില്‍ ബില്ലുകള്‍ സമര്‍പ്പിച്ച ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നല്‍കുന്നതായിരിക്കും.
അവസാന ദിവസം ട്രഷറി കമ്പ്യൂട്ടര്‍ ശൃഖലയിലെ തിരക്ക് കാരണം ചില ഇടപാടുകാര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടതായി മനസിലാക്കുന്നു. അങ്ങനെയുള്ളവര്‍ പേടിക്കണ്ട അത്തരം തുകകള്‍ ഈ മാസം ശമ്പള വിതരണത്തിന് ശേഷം നല്‍കുന്നതായിരിക്കും.
ഇനി ശ്രദ്ധ ചെലുത്തുന്നത് വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും നല്‍കാനുള്ള നടപടികളാണ്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെന്‍ഷന്‍കാര്‍ക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ് നല്‍കിക്കഴിഞ്ഞു. പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലാതെ ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."