ഇന്ന് ലോക ക്ഷയരോഗ ദിനം; അറിയാം പ്രാരംഭ ലക്ഷണങ്ങള്‍
ഇന്ന് ലോക ക്ഷയരോഗദിനം. ആളുകള്‍ ഭീതിയോടെ കാണുന്ന ആരോഗ്യമേഖലയ്ക്ക് ഭീഷണിയായ ഒരു രോഗമായി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളുടെ പട്ടിക പരിശോധിച്ചാല്‍ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ടിബി അഥവാ ക്ഷയരോഗം. അതേസമയം പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സിച്ചുമാറ്റാവുന്ന രോഗമാണിത്. ആറുമാസത്തോളം നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് സാധാരണയായി ക്ഷയരോഗത്തിനുള്ളത്. രണ്ടാഴ്ച കൃത്യമായി മരുന്ന് കഴിച്ചാല്‍ത്തന്നെ രോഗം പകരാനുള്ള സാധ്യത കുറയും.
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയല്‍ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്.
1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്.
ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 'ക്ഷയരോഗം അവസാനിപ്പിക്കാന്‍ നിക്ഷേപിക്കുക. ജീവന്‍ രക്ഷിക്കുക..' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ചില ലക്ഷണങ്ങള്‍ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാന്‍ കഴിയും, എന്നിരുന്നാലും സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല.
കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ചുമയ്ക്കുന്ന സമയത്ത് രക്തത്തോടൊപ്പം കഫം ഉണ്ടാകുന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണമാണ്.വിറയല്‍, പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ക്ഷയരോഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും. തുടക്കത്തിലേ കണ്ടെത്തിയാല്‍ ക്ഷയരോഗം ചികിത്സിക്കാം.
ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ ക്ഷയരോഗങ്ങളെത്തുടര്‍ന്ന് മരിക്കുന്ന രാജ്യം ഇന്ത്യയാണ്. 2020ല്‍ 5.04 ലക്ഷം പേരാണ് രാജ്യത്ത് ക്ഷയം ബാധിച്ച് മരിച്ചത്. ഇക്കൊല്ലം ഇതുവരെ 4.4 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തില്‍ 4649 പേര്‍ക്ക് രോഗം ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."