അന്വേഷിക്കുക ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ
സ്വന്തം ലേഖകൻ
കോഴിക്കോട്
പൊലിസിൽ രൂപീകരിക്കാൻ പോകുന്ന സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുക ഓൺലൈനിലടക്കം വരുന്ന സാമ്പത്തിക തട്ടിപ്പുകൾ. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ ഇനി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ പരിധിയിൽ വരും. ഓൺലൈൻ വ്യാപാരത്തിലെ കുറ്റകൃത്യങ്ങൾ,എ.ടി.എം തട്ടിപ്പ്, സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ്, ഓഹരി കമ്പോളത്തിലെ കബളിപ്പിക്കൽ, സ്വകാര്യ ചിട്ടി തട്ടിപ്പ്, ബ്ലേഡ് പലിശ തുടങ്ങിയവ ഈ വിഭാഗം അന്വേഷിക്കും. കൊവിഡ് കാലത്താണ് ഇ-കൊമേഴ്‌സ് സജീവമായതോടെ ഇത്തരത്തിൽ തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിച്ചത്.
നൈജീരിയ ഉൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ കുറ്റകൃത്യങ്ങൾ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പലപ്പോഴും തെളിയിക്കപ്പെടാതെ പോവുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വൈദഗ്ധ്യം നേടിയ അന്വേഷകർ ഉൾപ്പെടുന്നതാണ് ഈ വിഭാഗം. നിലവിലെ അംഗബലത്തിൽ ക്രൈംബ്രാഞ്ചിന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സാധ്യമല്ലാത്തതിനാൽ പ്രത്യേക വിഭാഗം രൂപീകരിക്കുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. നേരത്തേ ക്രൈംബ്രാഞ്ചിന് കീഴിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ 'ഇക്കണോമിക് ഒഫൻസ് വിങ്' പ്രവർത്തിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ച് പുനഃസംഘടനയുടെ ഭാഗമായി ഈ വിങ്ങിനെ താഴെത്തട്ടിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."