അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതി; കരാര്‍ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വീണ്ടും
തിരുവനന്തപുരം: അദാനികെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല. 8850 കോടിയുടെ കരാറില്‍ ആയിരം കോടി ലാഭമാണ് അദാനിക്കുണ്ടാവുകയെന്നും അദ്ദേഹം വെളിപെടുത്തി.
'300 മെഗാവാട്ട് വൈദ്യുതി അദാനിയില്‍ നിന്ന് വാങ്ങാനാണ് നിലവില്‍ കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാര്‍. ഇതിലൂടെ 1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാന്‍ പോകുന്നത്'- അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ 2 രൂപയ്ക്ക് സോളാര്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 25 വര്‍ഷത്തേക്കാണ് കരാര്‍. ഓരോ യൂണിറ്റിനും ഒരു രൂപയോളം ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനിയുമായി ഉണ്ടാക്കിയ കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യതി വാങ്ങുന്നതിനാണ്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉല്‍പാദകര്‍ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു രൂപക്ക് വൈദ്യുതി ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്രയും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത്. ഈ കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."