HOME
DETAILS

വിഗ്രഹവല്‍ക്കരിക്കുന്ന രാഷ്ട്രീയം

  
backup
April 02 2021 | 04:04 AM

6546545364165-2021

 

എറിക് ആര്‍തര്‍ ബ്ലയര്‍ എന്ന ജോര്‍ജ് ഓര്‍വലിന്റെ 1945ല്‍ പ്രസിദ്ധീകരിച്ച നോവലാണ് ആനിമല്‍ ഫാം. സോവിയറ്റ് സ്റ്റാലിനിസത്തിന്റെ ഏകാധിപത്യ പ്രവണതകളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന കൃതിയാണിത്. മനുഷ്യരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടാനായി മൃഗങ്ങളുടെ പോരാട്ടവും സംഘര്‍ഷവുമാണ് പ്രതിപാദ്യം. മൃഗാധിപത്യമെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി മേജര്‍ 'ബീറ്റ്‌സ് ഓഫ് ഇംഗ്ലണ്ട്' എന്ന വിപ്ലവഗാനം മറ്റുള്ളവരെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ നെപ്പോളിയന്‍ ഏകാധിപത്യത്തിലേക്ക് കടന്നതോടെ പഴയ വിപ്ലവഗാനം ബീറ്റ്‌സ് ഓഫ് ഇംഗ്ലണ്ട് നിരോധിച്ചു. പകരം നെപ്പോളിയനെ പ്രകീര്‍ത്തിക്കുന്ന ഗാനം നിലവില്‍ വന്നത് നോവലിന്റെ ഒരു ഭാഗമാണ്. ഭരണാധികാരിയെ പ്രകീര്‍ത്തിക്കുകയും അതിനു സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗിക്കുകയും ചെയ്യുന്ന മലയാളത്തിലെ ആക്ഷേപഹാസ്യ നോവലാണ് ഒ.വി വിജയന്റെ ധര്‍മ്മപുരാണം. ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അധികാരപ്രയോഗത്തിനായി ഓശാന പാടുന്ന ആശ്രിതരെയും നിസ്സഹായരായ പ്രജകളെയുമാണ് നോവലില്‍ ചിത്രീകരിക്കുന്നത്. സമാനമോ അല്ലെങ്കില്‍ ഭാഗികമോ ആയ അന്തരീക്ഷത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയവും സഞ്ചരിക്കുന്നത്. വിഗ്രഹവല്‍ക്കരിച്ച രാഷ്ട്രീയമാണ് ഇവിടെയുള്ളത്. ഒരു കേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന രാഷ്ട്രീയത്തില്‍ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മാത്രമല്ല എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയോ വിമര്‍ശനത്തിന്റെ വിരല്‍ ഉയരാത്ത രീതിയില്‍ ഒതുക്കുകയോ ചെയ്യുകയാണ്.
നേതാവിന്റെ വാഴ്ത്തുപാട്ടുമായി ഇറങ്ങുന്ന പ്രജകളാണ് പലപ്പോഴും രാഷ്ട്രീയവിഗ്രഹങ്ങള്‍ക്ക് താങ്ങും തണലും ഒരുക്കാറുള്ളത്. ഇതിനിടെ നേതാവിന്റെ വീഴ്ചകളെ പ്രത്യക്ഷമാകാത്ത രീതിയില്‍ ഇവര്‍ മായ്ച്ചുകളയും. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനു നല്‍കിയ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം വിഭജനകാലത്ത് ജമ്മുവില്‍ നടന്ന കൂട്ടക്കൊലയിലെ അദ്ദേഹത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യാതെ പോയത് ഇത്തരം കള്‍ട്ട് നിര്‍മിച്ചതിനാലാണ്. നെഹ്‌റുവിന്റെ ഉറ്റ സുഹൃത്തും കശ്മിര്‍ മഹാരാജാവുമായിരുന്ന ഹരിസിങ്ങായിരുന്നു കശ്മിര്‍ മേഖലയെ ഇന്ത്യന്‍ യൂനിയനിലേക്ക് ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത്. ഹരിസിങ്ങിന്റെ ദോഗ്ര സൈന്യം ജമ്മു മേഖലയില്‍നിന്നു മാത്രം 2,34,000 മുസ്‌ലിംകളെ കൊന്നൊടുക്കിയെന്നാണ് ബ്രിട്ടിഷ് പത്രപ്രവര്‍ത്തകനായ ഹൊറേസ് അലക്‌സാണ്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ വേദ് ഭാസിനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്‍പതു ദിവസത്തെ കൂട്ടക്കൊലയ്ക്ക് ശേഷമാണ് ജമ്മു കശ്മിരിനെ ഇന്ത്യയിലേക്ക് ലയിപ്പിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഇത്രയും ദിവസം നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല.
രാജ്യവും 'രാജ്ഞി'യും ഒന്നാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതിനായി വ്യക്തമായി ശ്രമിക്കുകയും ചെയ്ത ഭരണകാലമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. അന്ധമായ ഭക്തിയുടെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ ബറുവയൊക്കെ മുന്നോട്ടുവച്ച ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്നുള്ളത്. ഇന്ദിരാഗാന്ധിയെ വിമര്‍ശനങ്ങളില്‍നിന്ന് സംരക്ഷിക്കാനായി പാര്‍ലമെന്റില്‍ പ്രത്യേകമായി എം.പിമാരുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സി.പി.എമ്മിന്റെ ബംഗാള്‍ നേതാവ് ജ്യോതിര്‍മൊയ് ബസുവിനോട് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍വച്ച് പറയുകയും ചെയ്തു. നിങ്ങളെന്തിനാണ് പാര്‍ലമെന്റില്‍ ഇങ്ങനെ ബഹളംവയ്ക്കുന്നതെന്ന ജ്യോതിര്‍മൊയിയുടെ ചോദ്യത്തിനുള്ള മറുപടി 'താങ്കള്‍ കോണ്‍ഗ്രസിനെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ ഇന്ദിരയ്‌ക്കെതിരേ ഒരു വാക്കു പറയാന്‍ സമ്മതിക്കില്ലെന്നായിരുന്നു'. അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഇന്ദിരാഗാന്ധി എത്തിയത് ഇത്തരത്തില്‍ പാര്‍ട്ടിക്കപ്പുറത്ത് തന്നെ അന്ധമായി പിന്തുണക്കാന്‍ ഒരു വിഭാഗമുണ്ടായതിനാലാണ്. അധികാരത്തിലിരിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിച്ചതെന്നും ഇവിടെ കൂട്ടിവായിക്കണം.


നരേന്ദ്ര മോദിയിലേക്കെത്തുമ്പോള്‍ ജനങ്ങളെ പ്രജകളായി കാണുന്ന രാജാവിന്റെ വ്യക്തമായ ചിത്രമാണ് തെളിയുന്നത്. അതിനായുള്ള പ്രസ്താവനകളും ഒരുക്കങ്ങളുമാണ് രാജ്യത്ത് നടന്നതും നടക്കുന്നതും. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ യു.എസ് വിസ നിഷേധിച്ച മോദിയില്‍ നിന്നുള്ള പടിപടിയായുള്ള 'വളര്‍ച്ച' ഇതാണ് വ്യക്തമാക്കുന്നത്. അവിശ്വസനീയവും അവാസ്തവവുമായി നിരവധി കഥകളും പ്രചാരണങ്ങളും മോദിയുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ നിരവധി അസംബന്ധ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ഇവ തിരുത്തുന്നതിനു പകരം മഹത്വവല്‍ക്കരണത്തിനായി പുതിയ കഥകളാണ് പലപ്പോഴുമുണ്ടാവുന്നത്.


രാജ്യത്ത് കൊവിഡ് പടര്‍ന്നപ്പോള്‍ പാത്രം കൊട്ടാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഗൂഢമോ തീവ്രമോ ആയ അന്വേഷണങ്ങളുടെ ആവശ്യമില്ലാത്ത ഈ അസംബന്ധത്തെ തിരുത്താന്‍ മോദി ഇതുവരെ തയാറായില്ലെന്ന് മാത്രമല്ല അത് ചരിത്രത്തില്‍ അടയാളപ്പെടുന്ന സംഭവമാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടാണ് നീക്കം ചെയ്തത്. ബഹിരാകാശത്തേക്ക് കഴിഞ്ഞ മാസം അയച്ച ഉപഗ്രഹത്തില്‍ മോദിയുടെ ചിത്രവുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേര് മാറ്റി മോദിയുടേത് നല്‍കിയത്. 1930കളില്‍ സ്റ്റുട്ട്ഗര്‍ട്ടിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് തന്റെ പേരിടാന്‍ പ്രോത്സാഹിച്ച അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നടപടിയോടാണ് ഇതിനെ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഏകാധിപതികളായ മുസോളനി, കിം ഇല്‍ സുങ്, സദ്ദാം ഹുസൈന്‍ എന്നിവരും സ്വന്തം പേര് സ്റ്റേഡിയങ്ങള്‍ക്കിട്ടവരാണ്.


കള്‍ട്ട്‌വല്‍ക്കരണത്തിന്റെ ഭാഗമായി മോദിയുടെ ചിത്രം ഭാവിയില്‍ അനുയായികള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്‌തേക്കാം. മഹാത്മാഗന്ധിയ്ക്ക് ശേഷമുള്ള രണ്ടാം ഐക്കണായാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ മോദിയെ ചിത്രീകരിക്കുന്നത്. കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, സി.എ.എ, എന്‍.ആര്‍.സി അങ്ങനെ ദീര്‍ഘമാണ് പ്രജകളുടെ വീക്ഷണത്തില്‍ മോദിയുടെ മഹത്തായ സംഭാവനകള്‍. പ്രധാനമന്ത്രിയായതിനുശേഷം ഇതുവരെ പത്രസമ്മേളനം നടത്താത്ത മോദിയുടെ ധൈര്യമില്ലായ്മയല്ല മന്‍കീ ബാത്തിന്റെ വണ്‍വേ കമ്യൂണിക്കേഷനാണ് അനുയായികള്‍ക്ക് ആവശ്യം. 'ബായിയോ ബഹനോം' വിളികള്‍ക്കപ്പുറത്ത് രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ ജനം തിരിച്ചറിയാത്ത കാലത്തോളം 'നമോ' രാജ്യത്ത് ഉടയാത്ത വിഗ്രഹമായി തുടരും.
ദേശീയമാധ്യമങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് പറയുന്നതുപോലെ മറ്റൊരു 56 ഇഞ്ച് നെഞ്ചളവുകാരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റനും രാജാവുമൊക്കെയായി പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികളിലൊരു വിഭാഗം അദ്ദേഹത്തെ ആഘോഷിക്കുകയാണ്. വിയോജിപ്പുകളെയും വിമത സ്വരങ്ങളെയും പിണറായി നേരിടുന്ന രീതികള്‍ സാധാരണ രാഷ്ട്രീയ നേതാവില്‍ നിന്ന് വിഭിന്നമാണ്. മാധ്യമപ്രവര്‍ത്തകരോടെന്നല്ല കോളജ് വിദ്യാര്‍ഥികളോടു പോലും വിമര്‍ശന ചോദ്യമുയര്‍ത്തിയതിനാല്‍ അസഹിഷ്ണുതയോടെയാണ് കഴിഞ്ഞ ഭരണ കാലയളവില്‍ അദ്ദേഹം പെരുമാറിയത്. പാര്‍ട്ടിക്കു പകരം വ്യക്തി മാത്രമായി മാറിയതിന്റെ ലക്ഷണമാണ് വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ പറ്റാതിരിക്കുകയെന്നത്.


മാവോയിസ്റ്റ് കേസില്‍ അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലിലടച്ചപ്പോള്‍ ഇത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരല്ലേയെന്ന യെച്ചൂരിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രിയോട് ചോദിക്കാനാണ്. അതായത് പാര്‍ട്ടി തീരുമാനത്തിനപ്പുറത്താണ് മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെന്ന്.


ലെനിനെ ലക്ഷ്യമാക്കി റോസ ലക്‌സംബര്‍ഗ് ചൂണ്ടിക്കാട്ടിയിരുന്നു 'സ്വാതന്ത്ര്യമെന്നുള്ളത് എപ്പോഴും വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന്'. സാധാരണ രാഷ്ട്രീയക്കാരോട് ചോദിക്കുന്നതുപോലെയുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാന്‍ പൊതുജനവും മാധ്യമപ്രവര്‍ത്തകരും ഭയക്കുന്നെങ്കില്‍ അവിടെയാണ് വിഗ്രഹവല്‍ക്കരിച്ച പിണറായിയുള്ളതെന്നാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെട്ടുകിളിയാക്രമണമുണ്ടാവുന്നത് ഇതിന്റെ തുടര്‍ച്ചയാണ്.
ഇം.എം.എസിനെയും പരിധിവിട്ട ആരാധനയോടെ ഒരു കാലത്ത് കണ്ടിരുന്നു. പക്ഷേ അദ്ദേഹം വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുമായിരുന്നു. സാമൂഹികശാസ്ത്രജ്ഞനും ചിന്തകനുമായ എം. കുഞ്ഞാമന്‍ ഇം.എം.എസുമായുള്ള സംവാദ അനുഭവം പങ്കുവയ്ക്കുകയുണ്ടായി. എ.കെ.ജി സെന്ററില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പതിവായി വിമര്‍ശിക്കുന്ന കുഞ്ഞാമന്‍ ഒരു ദിവസം ഒന്നും സംസാരിച്ചില്ല. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഇ.എം.എസും അച്യുതാനന്ദനും അദ്ദേഹത്തിന്റെ അടുത്തുവന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചു. 'ഞാന്‍ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഞാന്‍ വിമര്‍ശിക്കുന്നു. ഞാന്‍ സഖാവിനെയും വിമര്‍ശിക്കുന്നു എന്നാണ് പലരുടെയും പരാതി' - കുഞ്ഞാമന്‍ പറഞ്ഞു. അപ്പോള്‍ ഇം.എം.എസ് പറഞ്ഞു: 'വിമര്‍ശിക്കണം. വിമര്‍ശനത്തിലൂടെയാണ് മാര്‍ക്‌സിസം വളരുന്നത്. എന്നെയും വിമര്‍ശിക്കണം. ഞാന്‍ ദൈവമല്ല'.
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി അച്യുതാനന്ദനെയാണ് പറയാറുള്ളത്. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നില്ല. അതേസമയം, രമേശ് ചെന്നിത്തലയെന്ന മികച്ച പ്രതിപക്ഷ നേതാവിനെ (അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ എന്നും വിളിക്കാം) വേണ്ട രീതിയില്‍ കേരളം ചര്‍ച്ച ചെയ്യാതെ പോയത് ഗ്രൂപ്പ് 'വിഗ്രഹങ്ങള്‍' കാരണത്താലാണ്. സര്‍ക്കാരിന്റെ നിരവധി കൈവിട്ട കളികളെ അദ്ദേഹം തിരുത്തിച്ചു. പക്ഷേ കൂടെയുള്ളവര്‍പോലും അതു ചര്‍ച്ച ചെയ്യാതെ മനഃപൂര്‍വം അവഗണിച്ചത് ഗ്രൂപ്പ് താല്‍പര്യത്താലാണ്. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരേ കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗമെഴുതിയതും ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതും ഇക്കാരണത്താലാണ്. ഇതിലൂടെ നഷ്ടമാവുന്നത് മികച്ച രാഷ്ട്രീയത്തെയും ക്രിയാത്മകമായ അണികളെയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  24 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago