ദേശങ്ങള്‍ മാറുന്നു, പ്രശ്‌നങ്ങളോ?
ദേശങ്ങളെ മാറുന്നുള്ളൂ. കര്‍ഷകരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മാറുന്നേയില്ല. എവിടെയും അവയ്ക്ക് ഒരേ മുഖം. കാട്ടുമൃഗങ്ങള്‍ക്ക് ഒരേ ശൗര്യം. മലയോര മേഖലയിലെല്ലാം കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും മനുഷ്യന്റെ ഉറക്കം കെടുത്തുന്നു. ഹൈറേഞ്ചിന്റെ പല മേഖലകളിലും പകല്‍പോലും വന്യമൃഗങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു.
മനുഷ്യന്‍ മൂലം മൃഗങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ കേസെടുക്കാം. മൃഗങ്ങളാല്‍ നഷ്ടമാകുന്ന ജീവനും സ്വത്തിനും ആര്‍ക്കും ഉത്തരവാദിത്വമില്ല. രണ്ട് പതിറ്റാണ്ടിനിടെ നാല്‍പതോളം പേരെയാണ് ഇടുക്കി ദേവികുളം റേഞ്ചിന് കീഴില്‍ മാത്രം കാട്ടാനകള്‍ ചവിട്ടിക്കൊന്നത്.
പത്തോളം പേരെ കൊലപ്പെടുത്തിയത് അരിക്കൊമ്പന്‍ എന്ന ആനയാണ്. ശങ്കരപാണ്ഡ്യമെട്ടിന് സമീപം കഴിഞ്ഞ ദിവസവും രാത്രി വീട് തകര്‍ത്തു. ജില്ലയിലെ ഏറ്റവും പ്രശ്‌നക്കാരനായ ഈ ഒറ്റയാനെ പിടികൂടാന്‍ വനംവകുപ്പ് പഠിച്ചപണിയെല്ലാം പയറ്റിയിട്ടും ഫലം കണ്ടിട്ടില്ല.
അരിക്കൊമ്പന്‍ മുതല്‍
പടയപ്പവരെ
45-50 വയസുള്ള പടയപ്പ മൂന്നാര്‍ മേഖലയിലെ തലയെടുപ്പുള്ള കൊമ്പനാണ്. പടയപ്പ സിനിമയിലെ രജനീകാന്ത് സ്‌റ്റൈലിന് സമാനമായ നടപ്പാണെന്ന് കണ്ടെത്തിയാണ് കൊമ്പന് നാട്ടുകാര്‍ ഈ പേരിട്ടത്. വാഗുവര, മൂന്നാര്‍, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാണ് പടയപ്പയുടെ സാമ്രാജ്യം. പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ് ഇഷ്ടവിഭവങ്ങള്‍. ഇതിനായി ഏതുകടയും തകര്‍ക്കും. പൊതുവേ ശാന്ത സ്വഭാവക്കാരനായ പടയപ്പ ആളുകളെ ആക്രമിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍, നാലഞ്ചുമാസമായി അക്രമസ്വഭാവവും പുറത്തെടുത്തിരിക്കുന്നു.
മുറിവാലന്‍ കൊമ്പന്‍, ചക്ക കൊമ്പന്‍, സിഗരറ്റ് കൊമ്പന്‍ എന്നീ ഒറ്റയാന്‍മാരും ആക്രമണം പതിവാക്കിയ ഒരു പിടിയാനയും ചിന്നക്കനാല്‍ മേഖലയിലുണ്ട്. ഇവയെ പിടികൂടി ആനവളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് പരിഹാരം മാത്രമുണ്ടാകുന്നില്ല.
നശിപ്പിച്ചത് കാൽകോടിയുടെ കൃഷി
ഒന്നര വര്‍ഷത്തിനിടെ വന്യമൃഗങ്ങള്‍ ഇടുക്കി ജില്ലയിലുണ്ടാക്കിയ കൃഷിനാശം കാല്‍ക്കോടി രൂപയാണ്. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 2021-22ല്‍ 12,39,676 രൂപയും 2022 മുതല്‍ 2023 ജനുവരി 13വരെ 11,84,550 രൂപയുടെയും നാശമാണ് വരുത്തിയത്. ഓരോ ദിനവും നാശനഷ്ടം കൂടിവരുന്നു. ഈ ഒറ്റക്കാരണത്താല്‍ കൃഷി ഉപേക്ഷിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്തവരും കുറവല്ല. ശല്യം രൂക്ഷമായ ഇടങ്ങളില്‍ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകുന്നില്ല. നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
വില്ലനായി മയിലുകളും
മറയൂര്‍ മേഖലയില്‍ വില്ലനായി മാറുന്നത് മയിലുകളാണ്. കരിമ്പ് കൃഷി തളിര്‍ത്തു തുടങ്ങുമ്പോഴേക്കും തലഭാഗം കൊത്തി നശിപ്പിക്കുന്നു. ശീതകാല പച്ചക്കറി കേന്ദ്രങ്ങളില്‍ വിളവെടുക്കാവുന്ന കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ മുളച്ചുവരുമ്പോള്‍ തന്നെ കൊത്തിത്തിന്നുന്നു. വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. മറ്റ് മൃഗങ്ങളെ വേലികെട്ടി തടയാം. എന്നാല്‍ പറന്നിറങ്ങുന്ന മയിലുകളെ എങ്ങനെ തടയുമെന്നാണ് കര്‍ഷകരുടെ ചോദ്യം.
എന്തുകൊണ്ട് ആനയും കടുവയും?
സൈബീരിയയില്‍ 3,000 ചതുരശ്രകിലോമീറ്റര്‍ ആണ് ഒരു കടുവയ്ക്കു വേണ്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ ഒരു കടുവയ്ക്കു വിഹരിക്കാന്‍ കിട്ടുന്നതുപരമാവധി നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രം. ഇതും കടുവകള്‍ കാടിറങ്ങുന്നതിന് കാരണമാകുന്നു. കേരളത്തിലെ വനങ്ങളിലാകെ 1000 ആനകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂവെന്നാണ് നിയമസഭാ രേഖകള്‍.
എന്നാല്‍, 2011ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെയുള്ളത് 7,490 ആനകളാണ്. അതായത് 6.5 മടങ്ങ് കൂടുതല്‍. 2005ല്‍ വയനാട്ടില്‍ ആകെ 882 കാട്ടാനകളായിരുന്നു. 2007ല്‍ ഇത് 1,240ആയും 2012ല്‍ 1,155 ആയും ഉയര്‍ന്നു.
2017ല്‍ കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് നടന്നെങ്കിലും ജില്ലതിരിച്ചുള്ള എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. കുറഞ്ഞത് 1500 ആനകളെങ്കിലും ഇപ്പോള്‍ വയനാട്ടിലുണ്ടാകുമെന്നാണ് അനുമാനം. എന്നാല്‍ അവയുടെ പകുതിപോലും ഉള്‍ക്കൊള്ളാനുള്ള വലിപ്പം വയനാടന്‍ വനത്തിനില്ല.
പെറ്റുപെരുകുന്നു
ഒരു പ്രസവത്തില്‍ കടുവയ്ക്ക് ഒന്നുമുതല്‍ നാലുവരെ കുഞ്ഞുങ്ങളുണ്ടാകും. 18-22 മാസമാണ് കാട്ടാനകളുടെ ഗര്‍ഭകാലം. നാലുവര്‍ഷത്തിലൊരിക്കല്‍ പ്രസവിക്കും. 70 വയസുവരെ ജീവിച്ചാല്‍ ഒരാനയ്ക്ക് അഞ്ചു കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകും. പുള്ളിമാനും കാട്ടുപന്നികളുമാണു ശരവേഗത്തില്‍ പ്രസവിച്ചുകൂട്ടുന്നത്. 12 വയസിനുള്ളില്‍ പുള്ളിമാന്‍ 25 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും. കാട്ടുപന്നികള്‍ വര്‍ഷത്തിലൊരുതവണ പ്രസവിക്കും. ഒറ്റ പ്രസവത്തില്‍ 56 കുട്ടികള്‍ വരേയുണ്ടാകും. മറ്റ് മൃഗങ്ങളുടെ കണക്കുകള്‍ ഇത്തരത്തില്‍ തന്നെയാണ്.
മറ്റു രാജ്യങ്ങളിലെങ്ങനെ?
മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ജീവികളെ കൊന്നൊടുക്കുകയാണ് പല വിദേശരാജ്യങ്ങളിലെയും രീതി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഇതിന് ഉദാഹരണങ്ങളുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും നീല്‍ഗായ്, കാട്ടുപന്നി എന്നിവയെ ക്ഷുദ്രജീവികളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു. ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നീല്‍ഗായ്, കുരങ്ങ്, കാട്ടുപന്നി എന്നിവയെ നിശ്ചിതകാലയളവിലേക്ക് ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചു.
ഫിന്‍ലന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നിവിടങ്ങളില്‍ വംശവര്‍ധന തടയാനായി ചെന്നായ്ക്കളെ കൊന്നൊടുക്കുകയാണ്. കങ്കാരുവിനെ വെടിവച്ചുകൊല്ലാന്‍ ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുകയും അനിയന്ത്രിതമായി പെറ്റുപെരുകുകയും ചെയ്യുമ്പോഴാണ് അവയെ കൊന്നൊടുക്കാറ്. ക്ഷുദ്രജീവി (വെര്‍മിന്‍) ആയി പ്രഖ്യാപിക്കുകയാണ് ആദ്യപടി. എന്നാല്‍ ഇന്ത്യയില്‍ വന്യജീവി സംരക്ഷണനിയമം ഡിസംബറില്‍ കര്‍ശനവ്യവസ്ഥകളോടെ ഭേദഗതി ചെയ്തതിനാല്‍ ഇവയെ വെര്‍മിന്‍ ആയി പ്രഖ്യാപിക്കുക എളുപ്പമേയല്ല.
വാര്‍ത്തകള്‍
ഫൈസൽ കോങ്ങാട്
ഇ.പി മുഹമ്മദ്
ബാസിത്ത് ഹസന്‍
നിസാം കെ. അബ്ദുല്ല
അഷ്‌റഫ് കൊണ്ടോട്ടി
ഏകോപനം
ഹംസ ആലുങ്ങല്‍
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."