പറയൂ... കേൾക്കാനാളുണ്ട്
കെ.എ സലിം
ഷെയറിങ് ദ ഡാർക്നെസ് എന്ന പുസ്തകമെഴുതിയ പ്രശസ്ത ഇംഗ്ലീഷ് ഡോക്ടർ ഷീലാ കാസിഡി പറഞ്ഞു: ‘നാമെല്ലാവരും ദുർബലരും മുറിവേറ്റവരുമാണ്. നമ്മളിൽ ചിലർ മറ്റുള്ളവരെക്കാൾ അത് മറച്ചുവെക്കുന്നതിൽ കൂടുതൽ മിടുക്കരാവും. എല്ലാം ശരിയാവുമെന്ന വാക്കാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ. ബലഹീനരും മുറിവേറ്റവരുമായിരിക്കുകയെന്നത് തെറ്റല്ല. ദൈവം ആളുകളെ സൃഷ്ടിച്ചത് അങ്ങനെയാണ് ’. മുറിവേറ്റ മനസ്സുള്ളവരാണോ നിങ്ങൾ. പറയാൻ ഒരുപാടുണ്ട്, കേൾക്കാനാരുമില്ലെന്ന ആവലാതിയുള്ളവരുണ്ടോ. അവരിലേക്ക് കാതും ഹൃദയും തുറന്നുവച്ച സംഘമുണ്ട് ഡൽഹിയിലും കേരളത്തിലും. ഏതാനും മലയാളി മനശ്ശാസ്ത്ര ഗവേഷക വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആരംഭിച്ച് ഇപ്പോൾ കേരളത്തിലും സജീവമായ ലിസണിങ് കമ്മ്യൂണിറ്റി ഇന്ന് രാജ്യത്തിനാകെ മാതൃകയാണ്.
ജീവിച്ചിരിക്കുമ്പോൾ ഉള്ളതിനെക്കാൾ ഏകാന്തത മരണത്തിനുപോലും തരാനാവില്ലെന്നാണ് സ്റ്റോറി ഓഫ് സാൻമിഷേലെന്ന വിഖ്യാത കൃതിയെഴുതിയ ഡോ. ആക്സൽ മുൻതെ പറഞ്ഞത്. പറയുന്നതിൽ മാത്രമല്ല, കേൾക്കുന്നതിലുമുണ്ട് കാര്യം. നമുക്ക് ചുറ്റും വേദനിക്കുന്നവരുണ്ട്. വിഷാദമുള്ളവരുണ്ട്. അവർക്കെല്ലാം ഒരുപാട് പറയാനുമുണ്ട്. പറഞ്ഞോളൂ.. ഞാൻ കേൾക്കാമെന്ന് അവരോടൊന്നു പറഞ്ഞു നോക്കൂ... ക്ഷമയോടെ കേട്ടുനോക്കൂ. അവരുടെ നെഞ്ചിൽ നിന്ന് പുറത്തേക്കിഴയുന്ന നിശ്വാസങ്ങളിൽ, കണ്ണീരിൽ ദുഃഖങ്ങളുടെ വിഴുപ്പുഭാണ്ഡം തന്നെ ഒലിച്ചുപോയിട്ടുണ്ടാകും. അപ്പോൾമുതൽ ജീവിതം പുതിയ വെളിച്ചമായി അവരുടെ മുന്നിൽ നിറഞ്ഞുനിൽക്കുന്നുണ്ടാകും. ആത്മഹത്യകൾ തടയുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതാണ് ലിസണിങ്ങെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്.
ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ പാലക്കാട് മാരായമംഗലം സ്വദേശി ഡോ. അബ്ദുൽ ഗഫൂറാണ് ലിസിണിങ് കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പരിശീലനം ചെയ്യുന്ന കാലത്തെ അനുഭവങ്ങളാണ് ലിസണിങ് കമ്മ്യൂണിറ്റിയെന്ന ആശയത്തിലേക്ക് നയിച്ചതെന്ന് അബ്ദുൽ ഗഫൂർ പറയുന്നു. തന്റെയടുക്കൽ വന്ന രോഗികളിൽ പലർക്കും ഒരു രോഗവുമുണ്ടായിരുന്നില്ല. അവർക്ക് പറയാനുള്ളതും അവരുടെ സങ്കടങ്ങളും കേൾക്കാൻ ആളില്ലാത്തതാണ് പ്രശ്നമെന്ന് കണ്ടെത്തി. ഇത്തരം ആളുകളെ വേർതിരിച്ച് ഒരു മുറിയിലാക്കി പരസ്പരം സംസാരിക്കാൻ അവസരം നൽകി. ഒരു ചികിത്സയും വേണ്ടിവന്നില്ല, പ്രശ്നങ്ങൾ അതോടെ അത്ഭുതകരമായി മാറിയെന്നും അബ്ദുൽ ഗഫൂർ പറഞ്ഞു.
തുടർന്നാണ് അബ്ദുൽ ഗഫൂർ ഈ ആശയം അബ്ദുൽബാരി, സയ്യിദ് ഇബ്രാഹിം മുബഷിർ, വിശാൽ തുടങ്ങിയ സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത്. അതായിരുന്നു ലിസണിങ് കമ്മ്യൂണിറ്റിയെന്ന സംവിധാനത്തിന്റെ തുടക്കം. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സംഘടനയായ ഡിനിപ് കെയറിന് കീഴിൽ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും എയിംസ് ട്രോമകെയർ സെന്ററിലും മറ്റും കിടപ്പിലായ രോഗികൾക്കിടയിലും കേൾക്കാനാളുണ്ടാകുന്നത് ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടായിരുന്നു തുടക്കം. കേൾക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയതലത്തിൽ ഇവർ നടത്തിയ സർവേയിൽ 80 ശതമാനം ആളുകളും കേൾക്കാൻ ആരെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരായിരുന്നു. കേൾക്കാൻ ആളില്ലാതെ പോയതിലുള്ള പ്രയാസം ഓരോ രണ്ടാമനും പങ്കുവച്ചു. സങ്കടങ്ങൾ മാത്രമല്ല ചിലപ്പോൾ സന്തോഷങ്ങൾ കേൾക്കാനും ആളില്ലെന്നായിരുന്നു ഇതിൽ 75 ശതമാനം പേരും പറഞ്ഞത്.
ലിസണിങ് കമ്മ്യൂണിറ്റിയെ ഒരാൾക്ക് സമീപിക്കാൻ വളരെ എളുപ്പമാണ്. പറയാനുള്ളവർക്ക് ഇവരെ നേരിട്ട് സമീപിക്കുകയോ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം. ഫോണിൽ ഐ.എൻ.എൽ (ഐ നീഡ് എ ലിസണർ) എന്ന് മെസേജിട്ടാലും മതി. കേൾക്കാൻ ആളെത്തും. മനസ്സു തുറന്നു സംസാരിക്കാം. നേരിട്ട് പറയാം. ഫോൺ വിളിച്ചു പറയാം. വാട്സാപ്പിൽ പറയാം. സേവനം പൂർണമായും സൗജന്യമാണ്. ആദ്യം വോളണ്ടിയർമാരായി കുറച്ച് പേർ മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ ആശയം കൂടുതൽ പേരിലേക്ക് പങ്കുവച്ചതോടെ നിരവധി പേരെത്തി. ഇന്ന് ഡൽഹിയിലും കേരളത്തിലുമായി ലിസണിങ് കമ്മ്യൂണിറ്റിക്ക് ആയിരത്തിലധികം വോളണ്ടിയർമാരുണ്ട്. കേൾക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും ജനങ്ങളിലെത്തിക്കാനുള്ള ബോധവൽക്കരണ പരിപാടികൾ, ലിസണിങ് സ്കിൽ പരിപോഷിപ്പിക്കുന്നതിനായുള്ള പരിശീലനപരിപാടികൾ, ആവശ്യമായി വരുന്നിടത്ത് പ്രത്യേക പരിശീലനം നേടിയ ലിസണിങ് വോളണ്ടിയർമാരെ ലഭ്യമാക്കൽ തുടങ്ങിയവയാണ് ലിസണിങ് കമ്മ്യൂണിറ്റി പ്രധാനമായും ചെയ്ത് വരുന്നത്. ഇന്ന് ഇന്ത്യയിലെ ഏത് ഭാഷയിലും ലിസണിങ് കമ്യൂണിറ്റിക്ക് വോളണ്ടിയർമാരുണ്ട്.
ലിസണിങ് ക്ലിനിക്ക്, ലിസണിങ് സർക്കിൾ, ആത്മഹത്യാ പ്രതിരോധത്തിനായുള്ള ‘ഗെയ്റ്റ് കീപ്പർ’ ട്രയിനിങ്ങുകൾ, മനശ്ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികൾ എന്നിവക്ക് പുറമെ കൊവിഡ് കാലം മുതൽ ടെലി-ലിസണിങ്, വെബിനാറുകൾ തുടങ്ങിയ പരിപാടികളും ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർ, ഉയർന്ന ജോലിയിലിരിക്കുന്നവർ, സ്കൂൾ വിദ്യാർഥികൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ തുടങ്ങി പലവിഭാഗങ്ങളിലുള്ളവർ സഹായം തേടുകയും ചെയ്തുവരുന്നു. ലിസണിങ് കമ്മ്യൂണിറ്റിയിലേക്ക് വിളിക്കുന്ന എല്ലാവരും രോഗമില്ലാത്തവരല്ലെന്നും ചിലരെങ്കിലും ശാരീരികമായോ മനസികമായോ ഉള്ള രോഗങ്ങൾ ഉള്ളവരാണെന്നും ഡോ. അബ്ദുൽ ഗഫൂർ പറയുന്നു. ഇത്തരക്കാരെ രോഗം തീവ്രഘട്ടങ്ങളിലേക്ക് പ്രവേശിക്കാതെ നോക്കാനും ആവശ്യമായി വരുന്നവരെ പ്രൊഫഷണലുകളിലേക്ക് റഫർ ചെയ്യാനും കഴിയുന്നുണ്ട്.
പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയെന്നതാണ് മാനസിക രോഗത്തിൽ പ്രധാനം. പ്രത്യക്ഷത്തിൽ രോഗികളല്ലാത്തവർ നമുക്ക് ചുറ്റുമുണ്ട്. ആളുകൾ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും ഒറ്റപ്പെടലുകളുടെയും ഏകാന്തതകളും പങ്കുവയ്ക്കുന്നവരാണവർ. അവരെ കേൾക്കാനും നമ്മൾ തയാറാവണം. വികസിത രാജ്യങ്ങളിൽ മാനസികാരോഗ്യം അർഹിക്കുന്ന പ്രാധാന്യത്തോടെ ഗണിക്കപ്പെടുന്നുണ്ടെങ്കിലും വികസ്വര -അവികസിത രാജ്യങ്ങളിൽ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയാണ്. ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരാൾ സ്വയം ജീവനൊടുക്കുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലെ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ 75 ശതമാനം പേർക്കും ഒരു തരത്തിലുള്ള ചികിത്സയും ലഭിക്കുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആത്മഹത്യയിലേക്ക് നടന്നുപോകുന്നൊരാളെ മുൻവിധിയില്ലാതെ ഒന്നു കേട്ടുനോക്കൂ. ഒരു സഹായവും ചെയ്തുകൊടുക്കേണ്ട. പരിഹാരവും നിർദേശിക്കണ്ട. കേട്ടിരിക്കൂ. അയാൾ പിന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനിടയില്ല.
ഷീലാ കാസിഡിയുടെ വാക്കുകൾ കൊണ്ടുതന്നെ പറഞ്ഞുനിർത്താം: ‘ഒരു വേദനയും നഷ്ടമായിട്ടില്ല, ഒരു കണ്ണീരും അടയാളപ്പെടുത്താതെപോയിട്ടില്ല, ഹൃദയം തകർന്നുള്ള ഒരു നിലവിളിയും കേൾക്കാതെ പോയിട്ടില്ല. വേദനയുടെ ആലിപ്പഴ വർഷത്തിൽ വേദനയും പ്രാർഥനയും ദൈവത്തിനടുക്കൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുണ്ട് ’.
•
ലിസണിങ് കമ്മ്യൂണിറ്റിയിലേക്ക്
ബന്ധപ്പെടാം - നമ്പർ:
86 06 96 60 00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."