കെ.റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണം: പരിഹസിച്ച് മുഖ്യമന്ത്രി, നടക്കില്ലെന്നു കരുതിയ പല പദ്ധതികളും യാഥാര്‍ഥ്യമായിട്ടുണ്ടെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സില്‍വര്‍ ലൈനിന് എതിരെ കേരളത്തില്‍ വിചിത്ര സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും യാഥാര്‍ഥ്യമായിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി. സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ പ്രചാരണമാണ് കെ. റെയില്‍ പദ്ധതിക്കെതിരെ നടക്കുന്നത്. വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്.
വേഗവും സുരക്ഷയും ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് കേരളത്തിനു വേണ്ടത്. അത് പരിസ്ഥിതി സൗഹൃദവുമാവണം. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം-കാസര്‍ക്കോട് യാത്രാ സമയം നാലു മണിക്കൂറായി ഇതിലൂടെ കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."