ധാനധർമം പ്രതിരോധമാർഗമാണ്
ഉൾക്കാഴ്ച
മുഹമ്മദ്
രക്താർബുദം ബാധിച്ച് പ്രയാസത്തിലായ സ്ത്രീക്ക് പരസഹായത്തിന് ആളെ വേണമായിരുന്നു. സന്നദ്ധത തേടി പരസ്യം വിട്ടപ്പോൾ ഒരു ഇന്തോനേഷ്യക്കാരിയെ കിട്ടി. സദ്സ്വഭാവവും ധാർമികബോധവുമുള്ള യുവതി. എടുത്തുകാണിക്കാൻ മാത്രമുള്ള കുറ്റങ്ങളോ കുറവുകളോ അവളിൽ കണ്ടില്ല. പക്ഷേ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്കിടെ അവൾ കുളിപ്പുരയിൽ പോവുകയും കൂടുതൽ സമയം അവിടെ ചെലവിടുകയും ചെയ്യുന്നു. കാരണം അന്വേഷിച്ചപ്പോൾ അവൾ കരയുകയാണുണ്ടായത്. കാര്യമായ എന്തോ പന്തികേടുണ്ടെന്ന് ആ കണ്ണീർതുള്ളികൾ നിശബ്ദം പറയുന്നുണ്ടായിരുന്നു. അൽപം പ്രയാസപ്പെട്ടാണെങ്കിലും അവൾതന്നെ അതു വിശദീകരിച്ചു:
‘ഞാനൊരു കുഞ്ഞിനു ജന്മം നൽകിയിട്ട് ഇരുപതു ദിവസമായിട്ടേയുള്ളൂ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന എനിക്ക് പണത്തിനു തിടുക്കമുണ്ടായിരുന്നു. ആ സമയത്താണ് ഇങ്ങനെയൊരു ജോലിയുണ്ടെന്നറിയുന്നത്. അവസരം പാഴാക്കേണ്ടെന്നു കരുതി ഞാനീ സാഹസികതയ്ക്കു മുതിർന്നു. ഇപ്പോൾ കുഞ്ഞ് എന്റെ കൂടെയില്ലെങ്കിലും അവനു കൊടുക്കാനുള്ള പാൽ എന്റെ മാറിൽ നിറഞ്ഞുനിൽക്കുകയാണ്. ഇടക്കിടെ അതു പിഴിഞ്ഞൊഴിവാക്കിയില്ലെങ്കിൽ മാറിനു കനംവയ്ക്കും. കനം വച്ചാൽ അതൊരു പ്രയാസമാണ്. അതില്ലാതിരിക്കാൻ ഇടയ്ക്കിടെ കുളിപ്പുരയിൽ ചെന്ന് ഞാൻ പാൽ ഒഴിവാക്കുന്നു’.
വേലക്കാരിയുടെ ഈ വെളിപ്പെടുത്തൽ കേട്ടപ്പോൾ ആ സ്ത്രീ ശരിക്കും ഞെട്ടിപ്പോയി. പിന്നെ ഒന്നും നോക്കിയില്ല. ഇന്തോനേഷ്യയിലേക്കുള്ള അടുത്ത ഫ്ളൈറ്റിനു ടിക്കറ്റ് ബുക്ക് ചെയ്തു.
വേലക്കാരിയോടു പറഞ്ഞു: ‘രണ്ടു വർഷത്തേക്കുള്ള നിന്റെ ശമ്പളം മുൻകൂറായി ഞാൻ നൽകാം. ഇനി നീ കുഞ്ഞിന്റെ മുലകുടി കഴിഞ്ഞിട്ടു വന്നാൽ മതി’.
ആവശ്യം വരുമ്പോൾ വിളിക്കണമെന്ന വ്യവസ്ഥയോടെ ഫോൺ നമ്പർ അടക്കം നൽകി വേലക്കാരിയെ അവൾ നാട്ടിലേക്കു പറഞ്ഞുവിട്ടു. ദിനരാത്രങ്ങൾ കടന്നുപോയി. അർബുദപരിശോധന നടത്തേണ്ട ദിവസം. ആശുപത്രിയിൽ ചെന്ന് പരിശോധന നടത്തിയപ്പോൾ ഡോക്ടർ അതിശയപ്പെട്ടു. രോഗത്തിന്റെ ഒരംശംപോലും കാണാനില്ല. മാറിമാറി പരിശോധിച്ചിട്ടും ഫലം നെഗറ്റീവ്. ഡോക്ടർ ചോദിച്ചു:
‘വേറെ വല്ല ചികിത്സയും തേടിയിരുന്നോ?’
‘ഇല്ല, അർബുദത്തിനു വേണ്ടിയുള്ള ഒരു ചികിത്സയും നടത്തിയിട്ടില്ല’.
‘പിന്നെ എങ്ങനെ ഈ രോഗം അപ്രത്യക്ഷമായി?’
അവൾ പറഞ്ഞു: ‘ധാനധർമംകൊണ്ട് നിങ്ങളെ നിങ്ങളിലെ രോഗികളെ ചികിത്സിക്കുക എന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ടല്ലോ. ഈ അധ്യാപനം നടപ്പാക്കിയതിന്റെ ഫലമായി സംഭവിച്ചതാകാം’.
സ്വയം മറന്ന് മറ്റുള്ളവരെ സഹായിക്കുന്നവർക്കു സങ്കടങ്ങളുണ്ടാവില്ല. സങ്കടങ്ങളുണ്ടാകണമെങ്കിൽ സങ്കടകാരണങ്ങൾ മനസിലേക്കു വരണം. സ്വന്തത്തെ കുറിച്ചു തന്നെ ബോധമില്ലാത്തവന് എങ്ങനെ സ്വന്തത്തിന്റേതിനെ കുറിച്ച് ബോധമുണ്ടാകും? ഉറങ്ങുമ്പോൾ രോഗിക്കു രോഗമോ ഭയമുള്ളവനു ഭയമോ അസ്വസ്ഥതയുള്ളവനു അസ്വസ്ഥതയോ അസംതൃപ്തന് അസ്തൃപ്തിയോ ഇല്ലാതിരിക്കാൻ കാരണം സ്വന്തത്തെ കുറിച്ചുള്ള ബോധമില്ലാത്തതുകൊണ്ടാണ്. സ്വന്തത്തിലേക്കു ചുരുങ്ങുമ്പോൾ സ്വന്തത്തിന്റേതെല്ലാം മനസിലേക്കു വരും. സങ്കടങ്ങളും പ്രയാസങ്ങളും വേദനകളും യാതനകളുമെല്ലാം ഒന്നൊന്നായി കയറിക്കൂടും. ആ അവസ്ഥയില്ലാതിരിക്കാൻ സ്വന്തത്തിൽനിന്ന് മോചനം നേടി മറ്റുള്ളവരിലേക്കു കയറിപ്പോവുക. മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുമ്പോൾ സ്വന്തം കാര്യം സ്രഷ്ടാവ് നോക്കിക്കൊള്ളും. ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്ന കാലമത്രയും അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും എന്നാണല്ലോ.
സന്തോഷിപ്പിക്കുന്നവനു സന്തോഷമുണ്ടാകും. സന്തോഷമുള്ളവനു മാനസികാരോഗ്യം കിട്ടും. മാനസികാരോഗ്യമുള്ളവനു ശാരീരികാരോഗ്യവും കിട്ടും. നന്മയ്ക്കു നന്മയാണു പ്രതിഫലം. ഒരാളെ സന്തോഷിപ്പിക്കാനുള്ള ഏറ്റവും മികച്ച മാധ്യമങ്ങളിലൊന്നാണ് ധാനധർമം. അതിനു കഴിയണമെങ്കിൽ മാനസികാരോഗ്യം നന്നായി വേണം. അകത്തുനിന്ന് അത്യാർത്തി ഇല്ലാതാകണം. പിശുക്കും അസൂയയും അപ്രത്യക്ഷമാകണം. ദാരിദ്ര്യഭയവും ഉത്കണ്ഠകളും നീങ്ങിമറയണം. ഈവക വൈകല്യങ്ങൾ മറയുമ്പോൾ മനസിൽ മുറുക്കങ്ങളോ സമ്മർദങ്ങളോ ഉണ്ടാവില്ല. മനസ് ആരോഗ്യത്തോടെയിരിക്കുമ്പോൾ ശരീരത്തിനു പ്രതിരോധശേഷി വർധിക്കും. ധാനശീലം രോഗപ്രതിരോധ മാർഗമാകുന്നതിന്റെ പിന്നിൽ ഇതാകാം ഒരു കാരണം.
കാൽമുട്ടിൽ കുരു വന്നു പ്രയാസത്തിലായ ഒരു സഹോദരനുണ്ടായിരുന്നു. ചികിത്സകൾ പലതും പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ സൂഫിയായ ഇബ്നുൽ മുബാറക് (റ)നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു:
‘ജനങ്ങൾക്കു ജലം ആവശ്യമുള്ളിടത്ത് നീ കിണർ കുഴിക്കുക’. നിർദേശം പാലിച്ചു. രോഗം ഭേദമാവുകയും ചെയ്തു.
ഇബ്നുൽ ഖയ്യിം തന്റെ ‘അൽവാബിലുസ്വയ്യിബി’ൽ പറയുന്നു: ‘പരീക്ഷണങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ ധാനധർമത്തിന് അതിശയകരമായ സ്വാധീനമുണ്ട്. ധാനം ചെയ്യുന്നത് തെമ്മാടിയോ അക്രമിയോ സത്യനിഷേധിതന്നെയോ ആണെങ്കിലും അങ്ങനെത്തന്നെ. ഇതെല്ലാവർക്കും അറിയാം. അനുഭവയാഥാർഥ്യമാകയാൽ ഭൂലോകത്തുള്ളവരെല്ലാം തുറന്നു സമ്മതിക്കുന്ന സത്യവുമാണിത് ’.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."