സുവിശേഷ പ്രവര്‍ത്തകരെ യുവമോര്‍ച്ചാ സംഘം ആക്രമിച്ചു
കണ്ണൂര്‍: വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പുഴാതിയിലെ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യന്‍ സുവിശേഷ പ്രവര്‍ത്തകരെ യുവമോര്‍ച്ച നേതാക്കളടങ്ങുന്ന സംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. പുതിയതെരുവിനടുത്ത് പുഴാതിയിലെ ഒരുവീട്ടില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ കണ്ണൂര്‍ ഒണ്ടേന്‍ റോഡിലെ ചര്‍ച്ച് ഓഫ് ഗോഡെന്ന പൊന്തക്കോസ്ത് പള്ളിയിലെ സുവിശേഷ പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. പ്രവാസികളായ ഗീതാഞ്ജലിയിലെ അനീഷിന്റെ വീട്ടില്‍ കൂട്ടപ്രാര്‍ഥനയ്‌ക്കെത്തിയതായിരുന്നു പീറ്റര്‍ ജോസ്, ബേബി ജോസ് തുടങ്ങി ഇരുപതോളം പേര്‍. ഇവര്‍ പ്രാര്‍ഥന നടത്തികൊണ്ടിരിക്കെ യുവമോര്‍ച്ച അഴീക്കോട് മണ്ഡലം ട്രഷറര്‍ കൊല്ലറത്തിക്കല്‍ പടുവിലാന്‍ വീട്ടില്‍ രാഹുല്‍(27), അഴീക്കോട് മണ്ഡലം സെക്രട്ടറി അര്‍ജുന്‍(28) എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തുകയും അനീഷ്, ഭാര്യ ഗീത, ഇവരുടെ മക്കള്‍ എന്നിവരെ സുവിശേഷപ്രചാരകന്‍മാര്‍ മതംമാറ്റാനെത്തിയതാണെന്നു ആരോപിച്ചു അസഭ്യം പറയുകയുമായിരുന്നു.
ഇതിനിടെയില്‍ അവിടെയുണ്ടായിരുന്ന ശ്രീജിത്തെന്ന യുവാവിനെ ഇവര്‍ മര്‍ദിച്ചവശനാക്കുകയും സുവിശേഷകര്‍ തന്നെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് എഴുതിവാങ്ങുകയും ചെയ്തു. നാട്ടുകാര്‍ വിളിച്ചുപറഞ്ഞതോടെ സ്ഥലത്തെത്തിയ വളപട്ടണം പൊലിസ് അര്‍ജുന്‍, രാഹുല്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ക്കെതിരെ കേസെടുത്തു. അക്രമത്തില്‍ പരുക്കേറ്റ സുവിശേഷകരും ശ്രീജിത്തും ആശുപത്രിയില്‍ ചികിത്സതേടി. അനീഷിന്റെ പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."