പ്രളയം സര്‍ക്കാര്‍ അനാസ്ഥയുടെ അനന്തരഫലം
2018ലെ മഹാപ്രളയം മനുഷ്യനിര്‍മിതം എന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ ഫലം എന്നുപറയുന്നതായിരിക്കും ഉചിതം. സര്‍ക്കാര്‍ തലത്തിലുണ്ടായ ഗുരുതരമായ അനാസ്ഥയും കഴിവുകേടുമാണ് ഒഴിഞ്ഞുപോകുമായിരുന്ന പ്രളയത്തെ വിളിച്ചുവരുത്തിയത്. 54 ലക്ഷം പേരെ നിരാലംബരാക്കുകയും 433 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 14 ലക്ഷം പേരെ ഭവനരഹിതരാക്കുകയും ചെയ്ത പ്രളയത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയായി നിര്‍ണയിക്കാനേ പറ്റൂ.
റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, വാര്‍ത്താവിനിമയം, അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ത്താണ് പ്രളയം കുത്തിയൊലിച്ചുപോയത്. കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്താല്‍ സംസ്ഥാനത്തിനുണ്ടായത്. സര്‍ക്കാര്‍ അനാസ്ഥയാണ് പ്രളയത്തെ ക്ഷണിച്ചുവരുത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ സര്‍ക്കാര്‍ പതിവ് പരിഹാസത്തോടെയാണ് അതിനെ നേരിട്ടത്. പൊതുസമൂഹത്തിന് ഇതു സംബന്ധിച്ച സാങ്കേതികജ്ഞാനം ഇല്ലാതെ പോയതിനാല്‍ സര്‍ക്കാര്‍ വാദത്തിനെതിരായ എതിര്‍വാദങ്ങള്‍ എവിടെ നിന്നും ഉയര്‍ന്നില്ല. പ്രതിപക്ഷാരോപണത്തെ രാഷ്ട്രീയാരോപണമായി സര്‍ക്കാര്‍ തള്ളിക്കളയുകയും ചെയ്തു.
എന്നാല്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി) നിര്‍ദേശപ്രകാരം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) നടത്തിയ പഠനത്തിലാണ് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതര വീഴ്ചയാണ് മഹാപ്രളയത്തിന് വഴിവച്ചതെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഇടുക്കി ഡാമില്‍ ജലനിരപ്പ് നിയന്ത്രിക്കുന്ന സംവിധാനമില്ലെന്നും ജലവൈദ്യുതി പദ്ധതിയായാണ് ഇടുക്കി ഡാം ഉപയോഗപ്പെടുത്തുന്നതെന്നും ആയിരുന്നു. എന്നാല്‍ ഐ.ഐ.എസ്.സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഡാമില്‍ വെള്ളപ്പൊക്ക നിയന്ത്രണം സംവിധാനം ഉണ്ടെന്നായിരുന്നു. ഇടുക്കി ഡാമിന്റെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു രേഖകളും ഇടുക്കി ഡാമിന് പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടെന്ന വസ്തുത വെളിച്ചത്ത് കൊണ്ടുവന്നു. പ്രളയമേഖലയിലെ എല്ലാ ഡാമുകള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഐ.ഐ.എസ്.സി സംഘത്തോട് പറഞ്ഞത് അത്തരമൊരു സംവിധാനം ഡാമില്‍ ഇല്ലെന്നായിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുവേണം മനസിലാക്കാന്‍.
ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്‌ളഡ് കുഷ്യന്‍ ഉപയോഗപ്പെടുത്തിയില്ലെന്നതും പഠനസംഘം കണ്ടെത്തിയിരുന്നു. മുഴുവന്‍ ജലസംഭരണത്തിനും പരമാവധി ജലനിരപ്പിനും ഇടയ്ക്കുള്ള സ്ഥലത്തെയാണ് ഫ്‌ളഡ് കുഷ്യന്‍ കൊണ്ടുദ്ദേശിക്കുന്നത്. വര്‍ഷകാലത്ത് അധികമായി ഒഴുകിയെത്തുന്ന ജലം ഈ സ്ഥലത്താണ് സംഭരിക്കുന്നത്. എന്നാല്‍ പ്രളയസമയത്ത് ഈ സ്ഥലത്ത് വെള്ളം സംഭരിക്കുകയുണ്ടായില്ല. ഇത് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ പ്രളയാരംഭത്തില്‍ തുറന്നുവിട്ട ജലം ഒഴിവാക്കാമായിരുന്നു. ഇതേപിഴവ് ഇടമലയാര്‍ അണക്കെട്ടിലും ആവര്‍ത്തിച്ചു. ഒരു വര്‍ഷം ഉണ്ടാകുന്ന മഴയില്‍ ഏതെല്ലാം സമയങ്ങളില്‍ എത്ര അളവുവരെ വെള്ളം ശേഖരിക്കാം, എത്ര സ്ഥലം വെറുതെ ഇടണം എന്നൊക്കെ വ്യക്തമാക്കുന്ന സംവിധാനമാണ് റൂള്‍ കര്‍വ്. ഈ സംവിധാനവും പ്രളയസമയത്ത് ഉപയോഗപ്പെടുത്തിയില്ല. ഇതൊന്നുമറിയാതെ പ്രളയവേളയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുഴുവന്‍ യാതൊരു തത്വദീക്ഷയുമില്ലാതെ തുറന്നുവിട്ടതിന്റെ അനന്തരഫലമാണ് 54 ലക്ഷം പേര്‍ അനുഭവിച്ചത്.
പ്രളയ പഠനരംഗത്തെ പ്രഗത്ഭരായ പി.പി മജുംദാര്‍, ഐഷ ശര്‍മ, ആര്‍. ഗൗരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐ.ഐ.എസ്.സിയുടെ പരിശോധന. പെരിയാര്‍ നദീതടം കേന്ദ്രീകരിച്ച് സംഘം നടത്തിയ പഠനം സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വിവരക്കേടു മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതായിരുന്നു. മണ്‍സൂണ്‍ കാലത്ത് കനത്ത മഴയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതുവഴി ഡാമുകളില്‍ വലിയ അളവില്‍ വെള്ളമെത്താനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് മുന്നറിയിപ്പുകള്‍ നല്‍കേണ്ടതുണ്ട്. അതുണ്ടായില്ല. ഡാമുകളുടെ പ്രവര്‍ത്തനം സുഗമമായാണോ നടക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. അതും ഉണ്ടായില്ല. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇതേപ്പറ്റി ഒരന്വേഷണവും ഉണ്ടായതുമില്ല. ഇതെല്ലാം കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ പ്രളയം രൂക്ഷമായ സമയത്ത് ഇടുക്കി ഡാമില്‍നിന്ന് ഓഗസ്റ്റ് 14 മുതല്‍ 18 വരെ പുറത്തേക്കുവിട്ട വെള്ളത്തിന്റെ അളവ് വളരെയധികം കുറയ്ക്കാമായിരുന്നു. ഈ സമയത്ത് 308.13 മില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമായിരുന്നു തുറന്നുവിടേണ്ടിയിരുന്നത്. എന്നാല്‍ 467.51 മില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമായിരുന്നു ഭീതിപ്പെടുത്തിക്കൊണ്ട് പുറത്തേക്കൊഴുക്കിയത്. 2018 ജൂലൈയില്‍ത്തന്നെ ഡാമുകള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഡാമുകളുടെ സുരക്ഷയെ കരുതിയെങ്കിലും ആ സമയത്ത് നിയന്ത്രിതമായ രീതിയില്‍ ഡാമുകളില്‍ നിന്നു വെള്ളം ഒഴുക്കിവിടേണ്ടതായിരുന്നു. പ്രളയസമയത്ത് ലോവര്‍പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലുണ്ടായ തടസം കാരണം പവര്‍ഹൗസിലേക്കുള്ള വെള്ളം തുറന്നുവിട്ടതുമില്ല. ഇതും പ്രളയത്തിനു ആക്കം കൂട്ടി.
കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയതും സമാനമായ പിഴവുകളായിരുന്നു.79 ഡാമുകളില്‍ ഒന്നുപോലും, വെള്ളപ്പൊക്ക നിയന്ത്രണത്തിനോ, അതു കുറയ്ക്കുന്നതിനോ വേണ്ടി പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. ഇതെല്ലാമാണ് വസ്തുത എന്നിരിക്കെ, ഡാം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ ന്യായീകരിക്കുംവിധം നിരന്തരം പച്ചക്കള്ളം പറയുകയായിരുന്നു സര്‍ക്കാര്‍. ഭരണപരമായ പിടിപ്പുകേട് മറച്ചുപിടിക്കാന്‍ പ്രകൃതിദുരന്തമെന്ന് പറഞ്ഞൊഴിഞ്ഞു.
ഒരു മഹാദുരന്തം വന്ന് കേരളത്തെ മൂടിക്കൊണ്ടിരുന്നപ്പോള്‍ വ്യര്‍ഥമായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നതിനുപകരം ഡാം മാനേജ്‌മെന്റും സര്‍ക്കാരും ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രളയത്തോടൊപ്പം അനേകരുടെ കണ്ണീര്‍ പ്രളയത്തിലും കേരളത്തിന് മുങ്ങിത്താഴേണ്ടി വരുമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."