കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ വിമര്‍ശിച്ച സിവില്‍ പൊലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കോഴിക്കോട്: കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദ ജാതി വിവേചന വിഷയത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ വിമര്‍ശിച്ച സിവില്‍ പൊലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന ഉമേഷ് യു. വിനെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലം മാറ്റിയത്.
ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി പ്രശ്നങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ പരോക്ഷമായി ഉമേഷ് വിമര്‍ശിച്ചിരുന്നു. 'സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും' ഇല്ലേ എന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
'നായ്ക്കാട്ടം കഴുകിയാ നന്നാവൂല എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്, കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ലെന്ന്' എന്നിങ്ങനെ തുടങ്ങുന്നതാണ് കുറിപ്പ്. കുറിപ്പിന്റെ അവസാന ഭാഗത്ത് 'ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?' എന്നാണ് ഉമേഷ് വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."