HOME
DETAILS

മെട്രോ തൂണിൻ്റെ ബലക്ഷയം: ഉത്തരവാദികൾക്കെതിരേ നടപടി വേണം

  
backup
March 24 2022 | 19:03 PM

editorial95635936-2


പത്തടിപ്പാലത്ത് മെട്രോ റെയിലിന്റെ തൂണുകളിൽ ഒന്നിന് ബലക്ഷയമുണ്ടെന്ന് നിർമാണ ചുമതലയുണ്ടായിരുന്ന ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ വെളിപ്പെടുത്തിയിട്ടും ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. ഒരുമാസം മുമ്പാണ് തൂണിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇ. ശ്രീധരൻ അടക്കമുള്ള വിദഗ്ധർ ബലക്ഷയമുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.


യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് 70 ശതമാനം പണി പൂർത്തിയാക്കിയ പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന ആരോപണമുയർന്നപ്പോൾ സർക്കാർ ശുഷ്ക്കാന്തിയോടെയാണ് പ്രവർത്തിച്ചത്. പാലാരിവട്ടത്തിന് സംഭവിച്ചതിനേക്കാൾ ഗുരുതര വീഴ്ചയാണ് പത്തടിപ്പാലത്തെ മെട്രോ തൂൺ നിർമാണത്തിലുണ്ടായതെന്ന് വിശദമാക്കുന്ന വാർത്ത കഴിഞ്ഞ 22ന് സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു. തൂണിനുണ്ടായ ബലക്ഷയം അന്വേഷിക്കാൻ സർക്കാർ ഇതുവരെ ഉത്തരവിട്ടിട്ടില്ല.


പാലാരിവട്ടം പാലത്തിന്റെ നിർമാണവീഴ്ചയ്ക്ക് ഉത്തരവാദിയായ അന്നത്തെ പി.ഡബ്ല്യു.ഡി സെക്രട്ടറിക്കെതിരേയും പൊതുമരാമത്ത് മന്ത്രിക്കെതിരേയും നിയമനടപടി സ്വീകരിച്ച സർക്കാർ, മെട്രോ റെയിൽ നിർമാണത്തിൽ പാളിച്ച പറ്റിയെന്ന് ഇ. ശ്രീധരൻ സമ്മതിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ നിന്ന് പിറകോട്ടുപോകുന്നത് എന്തിനാണ്? ഉദ്യോഗസ്ഥരുടെ വീഴ്ചയല്ല തൂണിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. വീഴ്ചവരുത്തിയവർ ആരെങ്കിലും ഉണ്ടാകുമല്ലോ, അവരെ കണ്ടെത്തേണ്ടേ?
1999ൽ ഇ.കെ നായനാർ സർക്കാരാണ് കൊച്ചി മെട്രോ റെയിലിന് വേണ്ടി സാധ്യതാപഠനം നടത്തിയത്. 2011ൽ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ വൈകി. സംസ്ഥാന സർക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും ചേർന്ന് സംയുക്തമായി രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആയിരുന്നു നിർമാണചുമതല വഹിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ഡി.എം.ആർ.സിയെ ഏൽപ്പിക്കുകയും ചെയ്തു. ഈ കമ്പനിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ. ശ്രീധരൻ. 2016 ജൂൺ 7ന് നിർമാണം ആരംഭിച്ച മെട്രോ റെയിലിൻ്റെ ആദ്യഘട്ട ഉദ്ഘാടനം 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിച്ചത്. ജൂൺ 19ന് പൊതുജനങ്ങൾക്കായി മെട്രോ തുറന്നുകൊടുക്കുകയും ചെയ്തു. 5,182 കോടി രൂപ ചെലവഴിച്ച് നിർമിച്ച മെട്രോ റെയിലിനാണിപ്പോൾ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.


2002 ഡിസംബർ 24ന് പ്രവർത്തനം ആരംഭിച്ച ഡൽഹി മെട്രോ റെയിലിന് ഇതുവരെ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ഡൽഹി മാതൃകയിൽ 2017ൽ പണി പൂർത്തിയായ കൊച്ചി മെട്രോ റെയിലിന്റെ തൂണ് അഞ്ചു വർഷത്തിനുള്ളിൽ ചെരിയാൻ തുടങ്ങിയിരിക്കുന്നു. നിർമാണത്തിലെ പിഴവ് തന്നെയാണ് ഇതിന്റെ കാരണം. ഡൽഹി മെട്രോ ലാഭത്തിൽ കുതിക്കുമ്പോൾ 2021ലെ കണക്കുപ്രകാരം കൊച്ചി മെട്രോയുടെ നാലുവർഷത്തെ നഷ്ടം 1,000 കോടിയാണ്. 5,182 കോടി ചെലവഴിച്ച് നിർമിച്ച കൊച്ചി മെട്രോ നാലുവർഷം പിന്നിട്ടപ്പോഴേക്കും 1,092 കോടിയുടെ നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്ന ആരോപണം കഴിഞ്ഞവർഷം ഉയരുകയുണ്ടായി. 2017-18ൽ 167 കോടിയായിരുന്നു നഷ്ടം. 2018-19ൽ അത് 281 കോടിയാണ്. 2019-20ൽ നഷ്ടം 300 കോടി കടന്നു. 2020-21ൽ 334 കോടിയായി. ഇനി 2021-22ലെ നഷ്ടക്കണക്കുകൂടി കിട്ടുമ്പോൾ കൊട്ടിഘോഷിച്ച മെട്രോ റെയിൽ ഓരോവർഷവും നഷ്ടത്തിൽ ഓടുന്നതിന്റെ പൂർണവിവരം കിട്ടും. പ്രതിദിനം 3.8 ലക്ഷം യാത്രക്കാർ മെട്രോയിലെത്തുമെന്നായിരുന്നു അവകാശവാദം. 2020ൽ അത് 4.6 ലക്ഷമായി ഉയരുമെന്നും കണക്കുകൂട്ടി. ഇതേരീതിയിലുള്ള കണക്ക് കൂട്ടലുകളാണ് സിൽവർലൈനിൻ്റെ കാര്യത്തിലും ഇപ്പോൾ നടക്കുന്നത്.


കൊച്ചിയിലെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് നിർദിഷ്ട സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു കൊച്ചി മെട്രോ റെയിൽ വിഭാവനം ചെയ്തിരുന്നത്. തുടക്കത്തിൽ മെട്രോയെ കൊച്ചിയിലെ യാത്രക്കാർ പരിഗണിച്ചെങ്കിലും പിന്നീട് കൈയൊഴിയുകയായിരുന്നു. ഇതേ അവസ്ഥയാണ് സർക്കാരിൻ്റെ നിർദിഷ്ട പദ്ധതിയായ സിൽവർലൈനിനും സംഭവിക്കുകയെങ്കിൽ അതിഭീമമായ കടക്കെണിയിലായിരിക്കും സംസ്ഥാനം വീഴുക.


സാങ്കൽപിക കണക്കുവച്ച് ബൃഹത്തായ പദ്ധതികൾക്ക് രൂപംകൊടുക്കുമ്പോൾ അത് നഷ്ടത്തിൽ കലാശിച്ചേക്കാം എന്നതിന് കൊച്ചി മെട്രോ പാഠമാണ്. അതിന് പുറമെയാണിപ്പോൾ നിർമാണത്തിലെ പാളിച്ചയും കണ്ടെത്തിയിരിക്കുന്നത്. പത്തടിപ്പാലത്തെ 347 നമ്പർ പില്ലറിലുണ്ടായ ബലക്ഷയം പരിഹരിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും തൂണ് ബലപ്പെടുത്തുന്ന പ്രവർത്തനമല്ല നടത്തുന്നത്. തൂണിന്റെ ചുറ്റും കോൺക്രീറ്റ് കൊണ്ട് ബലപ്പെടുത്തുകയാണ്. സാധാരണഗതിയിൽ മണ്ണിനടിയിൽ പാറ കാണുന്നതുവരെ പൈലിങ് തുടരണം. പാറ തുരന്നതിനുശേഷം വീണ്ടും പൈലിങ് നടത്തിയാണ് തൂണ് ഉറപ്പിക്കുക. ഇവിടെ 347 നമ്പർ പില്ലറിന്റെ പൈലിങ് പാറയുടെ ഒരുമീറ്റർ അകലെവച്ച് നിർത്തുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയാണ്. മാർഗനിർദേശങ്ങളൊന്നും പാലിക്കാതെയാണ് പൈലിങ് നടത്തിയത്. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് അതിശയമാണ്.
നിർമാണ പാളിച്ചക്ക് ഉത്തരവാദിയായവരെ കണ്ടെത്താതെ, ബലക്ഷയം പരിഹരിക്കാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. ഡി.എം.ആർ.സി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കമ്പനി തന്നെയല്ലേ നിർമാണപ്രവർത്തനവും നടത്തിയത്. സംസ്ഥാന സർക്കാരിനും പദ്ധതിയിൽ പങ്കാളിത്തം ഉണ്ടെന്നിരിക്കെ, ഡി.എം.ആർ.സിയുടെ അന്വേഷണറിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാതെ സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു വേണ്ടിയിരുന്നത്.
മെട്രോ തൂൺ നിർമാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവും സമ്മതിച്ചിരിക്കുകയാണ്. എങ്ങനെയാണ് പിഴവുപറ്റിയതെന്ന് ഇ. ശ്രീധരന് പറയാൻ കഴിയുന്നില്ലെങ്കിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago