മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗ ചികിത്സയിലിരിക്കെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം.
1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് തലേക്കുന്നില്‍ ബഷീര്‍ നിയമസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടു തവണ (1984, 1989) ലോക്‌സഭാംഗമായി. എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചു.
1945ല്‍ തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി അധ്യക്ഷന്‍ അടക്കം നിരവധി പദവികള്‍ വഹിച്ചു. 1972 മുതല്‍ 2015വരെ കെ.പി.സി.സി നിര്‍വാഹക സമിതിയംഗമായിരുന്നു.
ചലച്ചിത്ര താരം പ്രേം നസീറിന്റെ സഹോദരിയും പരേതയുമായ സുഹ്‌റയാണ് ഭാര്യ. വിദേശത്തുള്ള മകന്‍ വന്ന ശേഷം മറ്റന്നാളായിരിക്കും കബറടക്കം. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."