പ്രപഞ്ചം പശുവിനോട് കടപ്പെട്ടിരിക്കുന്നു, ഗോവധം ഇല്ലാതായാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും; പശുക്കളെ കടത്തിയെന്ന കേസിൽ വിചിത്ര വിധിയുമായി ഗുജറാത്ത് കോടതി
അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്ന കേസിൽ യുവാവിനെ ജീവപര്യന്തം തടവിനും കനത്തപിഴയ്ക്കും ശിക്ഷിച്ച് വിചിത്ര വിധിന്യായയവുമായി ഗുജറാത്ത് കോടതി. പശുവിനെ കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി സമിർ വിനോദ് ചന്ദ്ര വ്യാസ് ആണ് വിധി പുറപ്പെടുവിച്ചത്.
പശുവുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാക്കുന്നില്ലെന്ന് പറഞ്ഞു തുടുങ്ങുന്ന വിധിന്യായത്തിൽ പശുക്കളെ വേദനിപ്പിക്കുന്നവർക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്ന സംസ്ത ശ്ലോകങ്ങളും ജഡ്ജി ഉദ്ധരിച്ചു.
വിധിന്യായത്തിലെ ചില വാചകങ്ങൾ ഇങ്ങനെ: പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതിരിക്കേണ്ടത് ഈ പ്രപഞ്ചത്തിന്റെ നിലനിൽപിന് അത്യാവശ്യമാണ്. പശു ഒരു മൃഗം മാത്രമല്ല, നമ്മുടെ മാതാവും ആണ്. പശുവിനെക്കാൾ വിനയാന്വിതരായി ഒരു വ്യക്തിയുമില്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും മൂന്നുകോടി ദൈവങ്ങളുടെയും ജീവിക്കുന്ന ഗ്രഹമാണ് പശു. ഗോഹത്യ ഇല്ലാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയും എല്ലായിടത്തും ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. ചാണകം കൊണ്ട് നിർമിച്ച വീടുകളെ ആറ്റോമിക് റേഡിയേഷൻ ബാധിക്കില്ല. ഗോമൂത്രം പല മാറാവ്യാദികൾക്കുമുള്ള പ്രതിവിധിയാണ്- ഉത്തരവിൽ പറയുന്നു.
2020ൽ മഹാരാഷ്ട്രയിൽനിന്ന് കന്നുകാലികളെ കടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മുഹമ്മദ് അമീന്റെ (22) കേസിലാണ് കോടതിയുടെ വിധി. ജീവപര്യന്തം തടവിനൊപ്പം അഞ്ചുലക്ഷം രൂപയുമാണ് പ്രതിക്ക് വിധിച്ചത്. 1954ലെ ഗുജറാത്ത് ആനിമൽ പ്രിസർവേഷൻ ആക്ട്, 1954 ലെ സെക്ഷൻ 5, 6, 7 എന്നിവ പകാരമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."