അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു
അമ്പലപ്പുഴ: ദേശീയപാതയിൽ ഇന്നു പുലർച്ചെ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), കൊല്ലം മൺട്രോത്തുരുത്ത് അനു നിവാസിൽ രാധാമണിയുടെ മകൻ അമൽ (28), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ് എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന ആൾട്ടോ കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടുകയായിരുന്നു. നാലുപേർ സംഭവ സ്ഥലത്തും അമൽ മെഡിക്കൽ കോളജിലുമാണ് മരിച്ചത്.
മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഐ.എസ്.ആർ.ഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോവുകയായിരുന്നു.
കാർ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് പൊലിസ് പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."