അദാനിയില്‍ നിന്ന് വൈദ്യുതി: മുഖ്യമന്ത്രി നേരിട്ട് നടത്തിയതെന്ന് ചെന്നിത്തല: കരാര്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി
ആലപ്പുഴ/ തിരുവനന്തപുരം: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് ആണ് കരാര്‍ ഉണ്ടാക്കിയതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പുതിയ കരാറുണ്ടെങ്കില്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം നിയമവിരുദ്ധമാണെന്നു ആവര്‍ത്തിക്കുകയാണ് രമേശ് ചെന്നിത്തല. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.
പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറില്‍ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കള്‍ക്കാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തന്റെ സമനില തെറ്റിയെന്ന എം.എം മണിയുടെ പ്രതികരണം കാര്യമാക്കുന്നില്ല. എല്ലാ ആരോപണങ്ങളിലും ഇതാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ ആരോപണം എല്ലാം വാസ്തവം എന്ന് തെളിഞ്ഞു.
താന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളിലും സര്‍ക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. സ്പ്രിംഗ്‌ളറടക്കം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും തന്റെ സമനില തെറ്റിയെന്ന് തന്നെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പറഞ്ഞത് പിന്നീടെന്തായി അദ്ദേഹം ചോദിച്ചു. ആയിരം കോടി അദാനിക്ക് കിട്ടുമ്പോള്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാല്‍ മതി.
ഏപ്രില്‍ 6 ന് ബോംബിടാന്‍ പോകുന്നത് ജനങ്ങളാണ്. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, തങ്ങള്‍ പറഞ്ഞിട്ടില്ല.
വൈദ്യുതി മന്ത്രിക്ക് കരാറിനെ കുറിച്ച് ഒന്നും അറിയില്ല. അതു കൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എം എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."