സി.പി.ഐ കാലുവാരുമെന്ന് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിക്ക് തലവേദനയായി സി.പി.ഐ-ഗണേഷ് കുമാര്‍ പോര്
കൊല്ലം: ഇടതുമുന്നണിക്ക് നാണക്കേടുണ്ടാക്കിയ പാലാ നഗരസഭയിലെ സി.പി.എം- കേരള കോണ്‍സ് (എം) കൈയാങ്കളിക്കു പിറകെ പത്തനാപുരം നിയോജകമണ്ഡലത്തിലെ സി.പി.ഐ- കെ.ബി ഗണേഷ് കുമാര്‍ പോര് മുന്നണിക്കു തലവേദനയാകുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) വൈസ് ചെയര്‍മാനും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ ഗണേഷ് കുമാര്‍ സി.പി.ഐക്കെതിരേ തിരിഞ്ഞതാണ് പോരിനു കാരണം.
സി.പി.ഐയിലെ ചിലര്‍ തന്റെ കാലുവാരുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. യോഗത്തില്‍ ആദ്യം ആരോപണവിധേയരുടെ പേരു പറഞ്ഞില്ലെങ്കിലും സി.പി.ഐ നേതാക്കള്‍ പ്രതിഷേധിച്ചതോടെ താന്‍ ഉദ്ദേശിച്ചത് ആരെയെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.ഇതോടെ യോഗത്തില്‍ പങ്കെടുത്ത ആരോപണവിധേയരായ സി.പി.ഐ നേതാക്കള്‍ ഗണേഷ്‌കുമാറിനെതിരേ തിരിയുകയായിരുന്നു.
തങ്ങളാരും പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ എല്‍.ഡി.എഫിലെത്തിയ ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരാവശ്യത്തിനും എം.എല്‍.യുടെ ഓഫിസില്‍ പോയിട്ടില്ലെന്നും സി.പി.ഐ എന്താണെന്നറിയണമെങ്കില്‍ ആദ്യം ബാലകൃഷ്ണപിള്ളയോട് ഗണേഷ് കുമാര്‍ ചോദിക്കണമെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്കെതിരേ ചില വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥികളെ നിര്‍ത്തിയതിനെച്ചൊല്ലി ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ത്തിരുന്നു. അതിന്റെ അലയൊലികളാണ് യോഗത്തിലുണ്ടായത്.
എന്നാല്‍ തെരത്തെടുപ്പ് കമ്മിറ്റി യോഗത്തെക്കുറിച്ച് വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എസ്. വേണുഗോപാല്‍ പറഞ്ഞു.
സി.പി.ഐയുമായി ഭിന്നതയില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ജില്ലാ നേതൃത്വവും പ്രതികരിച്ചു.
ഗണേഷ് കുമാറിന്റെ ഒറ്റയാന്‍ പോക്കില്‍ സി.പി.ഐക്കു മാത്രമല്ല സി.പി.എമ്മിനും അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഈ തര്‍ക്കത്തില്‍ സി.പി.എം ഇടപെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് മുന്നണിബന്ധത്തിനു പോറലേല്‍ക്കരുതെന്നാണ് സി.പി.എം നിലപാട്. 1987 മുതല്‍ സി.പി.ഐ സ്ഥിരമായി വിജയിച്ചിരുന്ന പത്തനാപുരത്ത് 2001 മുതല്‍ ഗണേഷ് കുമാറാണ് വിജയി. അന്നുമുതല്‍ സി.പി.ഐയും ഗണേഷ് കുമാറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല.
2011ല്‍ മണ്ഡലം സി.പി.എം ഏറ്റെടുത്തെങ്കിലും വിജയിക്കാനായില്ല. 2015ല്‍ കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായാണ് ഗണേഷ് കുമാര്‍ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."