സില്‍വര്‍ ലൈന്‍; ബഫർസോണിൽ നഷ്ടപരിഹാരമില്ല; നിർമാണത്തിനും അനുമതിയില്ല പാതയ്ക്കിരുവശത്തും 20 മീറ്റർ ബഫർസോണായേക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ബഫർസോണിന്റെ ഉടമസ്ഥവകാശം ഭൂവുടമകൾക്ക്.
നഷ്ടപരിഹാരവും ലഭിക്കില്ല, നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയും ഉണ്ടാകില്ല. പാതയ്ക്കു വേണ്ടിയുള്ള സ്ഥലം മാത്രമേ ഏറ്റെടുക്കുയുള്ളൂവെന്നും അതിനു മാത്രമേ നഷ്ടപരിഹാരം നൽകൂവെന്നും കെ. റെയിൽ വ്യക്തമാക്കി.
നിർദിഷ്ട പാതയുടെ (അലൈൻമെന്റ്) മധ്യത്തിൽനിന്ന് 30 മീറ്ററിനുള്ളിൽ ഒരു നിർമാണവും പാടില്ലെന്ന ശുപാർശയാണു പുതുക്കിയ ഡി.പി.ആറിൽ ഉള്ളത്. ഇരുവശത്തേക്കും 20 മീറ്റർ വീതം ബഫർസോൺ ഉണ്ടാകുമെന്ന സൂചനയാണ് ഇതുനൽകുന്നത്.
സിൽവർ ലൈൻ കടന്നു പോകുന്ന സമതല പ്രദേശങ്ങളിൽ 15 മീറ്റർ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളിൽ 25 മീറ്റർ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിനു മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂ.
ഇന്ത്യൻ റെയിൽവേയുടെ ബഫർസോൺ 30 മീറ്ററാണ്. റെയിൽവേയുടെ നിയമ പ്രകാരമായിരിക്കും സിൽവർ ലൈനിന്റെ പണി ആരംഭിക്കുമ്പോൾ ബഫർസോൺ നിശ്ചയിക്കുക. 30 മീറ്ററിൽ കുറഞ്ഞ് കേന്ദ്ര റെയിവേ മന്ത്രാലയം അനുമതി നൽകിയേക്കില്ല.
സുരക്ഷയും ഭാവി വികസനവും മുന്നിൽ കണ്ടാണ് ബഫർസോൺ നിശ്ചയിക്കുന്നത്. സിൽവർ ലൈൻ വേഗപാതയായതിനായിൽ ബഫർസോൺ പ്രദേശത്ത് അഞ്ച് മീറ്റർ വിട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് വാദമെങ്കിലും അതത്ര പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പാതയ്ക്ക് ഇരുവശവും മതിൽ കെട്ടി ഉയർത്തുന്നത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനും അതിവേഗപാതയുടെ പ്രകമ്പനം നിർമാണ പ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്.
കൂടാതെ ചെറിയ നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നാൽ പോലും ഭൂമിയുടെ അടിത്തറ ബലപ്പെടുത്തേണ്ടി വരും. ഇത് ഭീമമായ ചെലവിനു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."