ക്ലിഫ് ഹൗസിൽ കല്ലിട്ടെന്ന് ബി.ജെ.പി; കൃഷിമന്ത്രിയുടെ വസതിയിലെന്ന് പൊലിസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കെതിരേ പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അതിരടയാളക്കല്ലിട്ടെന്ന് ബി.ജെ.പി. ആറ് യുവമോർച്ച പ്രവർത്തകർ മതിൽചാടി കടന്നാണ് അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസ് വളപ്പിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30നു തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടുവഴി ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവർത്തകർ മതിൽ ചാടി വളപ്പിലേക്കു കടന്നു. കല്ലുകൾ പ്രതിഷേധ സൂചകമായി വളപ്പിൽ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലിസ് വിവരം അറിഞ്ഞത്.
വലിയ പൊലിസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അതേസമയം മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയിൽ യുവമോർച്ച പ്രവർത്തകർ കുറ്റിനാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിന്നിലാണെന്ന് പൊലിസ് വിശദീകരിച്ചു.
ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷിമന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും.
എന്നാൽ പൊലിസ് പറയുന്നത് അസത്യമാണെന്നും ക്ലിഫ് ഹൗസിനു പുറകിൽ തന്നെയാണ് കല്ല് നാട്ടിയത് എന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. എന്തായാലും അതീവ സുരക്ഷ മേഖലയായ ക്ലിഫ് ഹൗസ് പരിസരത്ത് ഇവർ എത്തിയതിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് നിഗമനം. അന്വേഷിക്കാൻ സംസ്ഥാന പൊലിസ് മേധാവി നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."