കരിപ്പൂരിൽ എന്നും അവ്യക്തത! 18 വർഷത്തിനിടെ ഭൂമി ഏറ്റെടുക്കൽ മാറ്റിയത് നാലുതവണ
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി (മലപ്പുറം)
കരിപ്പൂർ വിമാനത്താവള വികസനത്തിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിൽ 18 വർഷമായി അവ്യക്തത. വികസന പ്രവർത്തനങ്ങൾ നേരത്തെ മനസിലാക്കി ദീർഘവീക്ഷണത്തോടെ ഭൂമി ഏറ്റെടുക്കാനാവാത്തതാണ് എയർപോർട്ട് അതോറിറ്റിക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 18 വർഷമായി സർക്കാർ മാറിമാറി വന്നിട്ടും ഇതുവരെ അര സെന്റ് ഭൂമിപോലും വിമാനത്താവളത്തിന് ഏറ്റെടുക്കാനായിട്ടില്ല.
12 തവണകളിലായി 1995 വരെ 337 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനു ശേഷം 2004ലാണ് വീണ്ടും ഭൂമി ഏറ്റെടുക്കൽ നടപടിക്ക് തുടക്കമായത്. വിമാനത്താവളത്തിൽ ടെർമിനൽ നിർമാണത്തിനായി 137 ഏക്കർ ഭൂമിയാണ് 2004ൽ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. പള്ളിക്കൽ വില്ലേജ് പരിധിയിൽനിന്ന് സ്ഥലമേറ്റെടുത്ത് ഇവിടെനിന്ന് കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 20 ഏക്കറും ഏറ്റെടുക്കാനും തീരുമാനിച്ചു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇതിനു സാധ്യമായില്ല. പിന്നീട് സർക്കാർ ലാന്റ് അക്വിസിഷൻ ഓഫിസ് തുറന്നെങ്കിലും കൃത്യമായ സ്‌കെച്ചെടുക്കാൻ പോലും കഴിഞ്ഞില്ല.
2013ൽ അതോറിറ്റി വീണ്ടും നിലപാടിൽ മാറ്റംവരുത്തി. റൺവേ നീളം കൂട്ടലും വിമാനങ്ങളുടെ ഏപ്രൺ അടക്കം 385 ഏക്കർ ഭൂമി ഒറ്റയടിക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചു.
എന്നാൽ നിലവിലുള്ള സ്ഥലത്ത് 120 കോടി മുടക്കി പുതിയ ടെർമിനൽ നിർമിച്ചതോടെ ഇതും വേണ്ടെന്നുവച്ചു. പിന്നീട് റൺവേ വികസനത്തിന് 96 ഏക്കറും കാർ പാർക്കിങ്ങിന് 15 ഏക്കറും എന്നായി. ഇതും സാധ്യമായില്ല. ഇതിനിടെയാണ് ഇന്നലെ കേന്ദ്രമന്ത്രി 18.5 ഏക്കർ എറ്റെടുത്ത് റൺവേ വികസനം നടത്തണമെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി സർക്കാരിനു പുതിയ പ്രപ്പോസൽ നൽകിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."