പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; വ്യക്തി പൂജയില്‍ അഭിരമിക്കരുത്; മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ച് പി. ജയരാജന്‍
കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും മുഖ്യമന്ത്രിയല്ല ക്യാപ്റ്റനെന്നും പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും ഓര്‍മപ്പെടുത്തി സി.പി.എം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിക്കാണ് പി.ജയരാജന്റെ പരോക്ഷ ഒളിയമ്പ്. കഴിഞ്ഞ ദിവസം ആളുകള്‍ പലതും വിളിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു പിന്നാലെയാണ് പി.ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയുള്ള ഓര്‍മപ്പെടുത്തല്‍.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല, എല്ലാവരും സഖാക്കളാണെന്നും ജയരാജന്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.
എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതുപോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."