സഹകരണ എക്‌സ്‌പോയ്ക്ക് കൊച്ചി വേദിയാകും
കൊച്ചി
സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതുമായ 'സഹകരണ എക്‌സ്‌പോ-2022' എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എറണാകുളം ബി.ടി.എച്ചിൽ സഹകരണ എക്‌സ്‌പോ സംഘാടക സമിതി രൂപീകരണയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ അപ്പക്‌സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങൾ പങ്കെടുക്കും.
സെമിനാറുകൾ, സഹകരണമേഖലയിലെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തൽ, സംസ്‌ക്കാരിക പരിപാടികൾ, സിമ്പോസിയങ്ങൾ എന്നിവയും സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. വിപുലമായ ഫുഡ്‌കോർട്ടും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംബന്ധിച്ച് വീഡിയോ പ്രദർശനങ്ങളും ഉണ്ടാകും. ബിസിനസ് മീറ്റുകളും സംഘടിപ്പിക്കും.
മിൽമ, മത്സ്യഫെഡ്, കയർഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും എക്‌സ്‌പോയിൽ അവസരം ഒരുക്കും.മന്ത്രി വി.എൻ വാസവൻ ചെയർമാനായ സംഘാടക സമിതിയിൽ മന്ത്രി പി.രാജീവ് കോ-ചെയർമാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വൈസ് ചെയർമാൻ. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറൽ കൺവീനറും രജിസ്ട്രാർ പി.ബി നൂഹ് കൺവീനറും ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ ജോയിന്റ് കൺവീനറുമാണ്. എം.പിമാർ, കൊച്ചി മേയർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ തുടങ്ങി 144 പേർ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."