സ്വീഡനിൽ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; അക്രമവും വെറുപ്പും വളർത്തുക ലക്ഷ്യം
അബുദാബി: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇ, സഊദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്വീഡനിലെ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദന്റെ നേതൃത്വത്തിൽ വലതുപക്ഷ പ്രവർത്തകരാണ് ഈ മാസം 21 ന് ഖുര്‍ആന്‍ കത്തിച്ചത്.
ഖുര്‍ആൻ കത്തിച്ച സംഭവത്തെ സഊദി വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. സംവാദവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കുന്ന മൂല്യങ്ങളാണ് സമൂഹത്തില്‍ വ്യാപിക്കേണ്ടതെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. വെറുപ്പിനെയും തീവ്രവാദത്തെയും തള്ളിക്കളയണമെന്നും സഊദി ആഹ്വാനം ചെയ്തു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച യുഎഇ, വിദ്വേഷ പ്രചരണങ്ങളും ഹിംസയും ചെറുക്കണമെന്നും മതചിഹ്നങ്ങളെ ആദരിക്കണമെന്നും മതങ്ങളെ അവഹേളിച്ച് സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തരുതെന്നും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹത്തിന്റെ വികാരങ്ങളെ പ്രകോപിക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നതെന്ന് ഖത്തര്‍ പ്രതികരിച്ചു. വിശ്വാസങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും പേരുകളിലുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളെയും തള്ളിക്കളയുന്നതായും രാഷ്‍ട്രീയ അഭിപ്രായ ഭിന്നതകളില്‍ മാന്യത പുലര്‍ത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലും പറയുന്നു.
മുസ്‍ലിംകളുടെ വികാരം വ്രണപ്പെടുത്താനും അക്രമവും വെറുപ്പും വളര്‍ത്താനും ലക്ഷ്യം വെയ്ക്കുന്ന ഇത്തരം ശ്രമങ്ങള്‍ ചെറുക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് സ്വീഡനില്‍ അരങ്ങേറിയതെന്നും ശക്തമായ പ്രകോപനമാണിതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്‍ദുല്ല അല്‍ ജാബില്‍ അല്‍ സബാഹ് പ്രതികരിച്ചു.
എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ അനുവദിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബഹ്റൈനും പ്രസ്‍താവനയില്‍ പറഞ്ഞു.
അതേസമയം, തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുര്‍ആൻ കത്തിച്ച സംഭവത്തിൽ സ്വീഡിഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിച്ചു. നാറ്റോയിൽ അംഗമാകാനുള്ള സ്വീഡന്റെ നീക്കത്തിനും സംഭവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."