കഥ പറയുന്ന കപ്പല്‍ ചാല്‍
അമേരിക്കയിലെ ന്യൂയോര്‍ക്ക് തുറമുഖത്തിന് മകുടംചാര്‍ത്തുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി (സ്വാതന്ത്ര്യ പ്രതിമ) നിര്‍മിച്ചത് സൂയസ് കനാലിനു വേണ്ടിയാണെന്ന് എത്ര പേര്‍ക്കറിയാം. ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സഞ്ചരിച്ച കനാലാണത്. ബി.സി 1850ല്‍ ചെങ്കടലിനെയും നൈല്‍ നദിയെയും ബന്ധിപ്പിക്കുന്ന കനാല്‍ പണിതത് ഫറോവ സെനുസ്രേത് മൂന്നാമനാവാമെന്ന് ചരിത്രം പറയുന്നു.
ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഫറോവ രാജവാഴ്ചയുടെ കാലത്താണ് പഴയ സൂയസ് കനാലിന്റെ പ്രവൃത്തി പൂര്‍ത്തിയായത്. എന്നാല്‍ പുതിയ സൂയസ് കനാലിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ട് ആറു വര്‍ഷമേ ആയിട്ടുള്ളൂ. 2015 ഓഗസ്റ്റിലാണത് തുറന്നുകൊടുത്തത്.
കനാലിന്റെ പ്രത്യേകതകള്‍
എട്ടു മീറ്ററാണ് (26 അടി) സൂയസ് കനാലിന്റെ ആഴം. വീതി അടിഭാഗത്ത് 22 മീറ്ററും ഉപരിതലത്തില്‍ 61 മീറ്റര്‍ മുതല്‍ 91 മീറ്റര്‍ വരെയുമാണ്. ഇതിനു പുറമെ കപ്പലുകള്‍ക്ക് പരസ്പരം ഉരസാതെ കടന്നുപോകാനായി ഓരോ 10 കിലോമീറ്ററിനിടയിലും പാസിങ് ബേകളുണ്ട്.
ലോകത്തെ ഏറ്റവും പഴക്കമേറിയ ഷിപ്പിങ് കനാലല്ല ഈജിപ്തിലെ സൂയസ് കനാല്‍. ഇതിലും നീളമുള്ള കനാലാണ് ചൈനയിലെ ഗ്രാന്റ് കനാല്‍. ബി.സി 468ല്‍ നിര്‍മിക്കപ്പെട്ട ഇതിന് 1,776 കിലോ മീറ്റര്‍ നീളമുണ്ട്. എന്നാല്‍ 1869 നവംബറില്‍ തുറന്ന സൂയസ് കനാലിന്റെ ഏറ്റവും വലിയ പ്രത്യേകത മനുഷ്യനിര്‍മിതമായ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ് എന്നതാണ്. സൂയസ് കനാലിന്റെ നീളം 193 കിലോ മീറ്ററാണ്. മെഡിറ്ററേനിയന്‍ സമുദ്രത്തെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പാലമാണ്. യൂറോപ്പിനും ഏഷ്യക്കുമിടയിലെ ദൂരം ഇത് ഗണ്യമായി കുറച്ചു. ആഗോളവ്യാപാരത്തിനും ചരക്കുനീക്കത്തിനും ഗതിവേഗം പകര്‍ന്നു. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തെ ഇന്ത്യന്‍ മഹാസമുദ്രവുമായി സൂയസ് കനാല്‍ ബന്ധിപ്പിക്കുന്നു.
വീതി കൂട്ടുന്നു
പല ഘട്ടങ്ങളിലായി വീതിയും ആഴവും കൂട്ടിയാണ് ഇന്നത്തെ സൂയസ് കനാലുണ്ടായത്. ഭീമാകാരന്മാരായ ചരക്കുകപ്പലുകള്‍ രംഗത്തുവന്നതോടെയാണിത്. കഴിഞ്ഞമാസം കനത്ത കാറ്റിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് കരയിലിടിച്ച എവര്‍ ഗിവണ്‍ എന്ന ജപ്പാന്‍ കപ്പലിന് 400 മീറ്റര്‍ വീതിയുണ്ട്.
1870നും 1884നുമിടയില്‍ 3,000 തവണയെങ്കിലും കപ്പലുകള്‍ സൂയസ് കനാലില്‍ കരയിലിടിച്ചുനിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കനാലിന് വീതിയില്ലാത്തതും വളവുകളുള്ളതുമായിരുന്നു കാരണം.
പിന്നീട് വീതിയും ആഴവും കൂട്ടി കൂട്ടി 1960ഓടെ 55 മീറ്റര്‍ വീതിയുണ്ടാക്കി. തീരത്തോട് ചേര്‍ന്ന ഭാഗത്ത് 10 മീറ്റര്‍ ആഴവും ചാനലിന് 12 മീറ്റര്‍ ആഴവും വരുത്തി. വേലിയിറക്ക സമയത്തും കപ്പലിന് സഞ്ചരിക്കാവുന്ന ആഴമാണുണ്ടാക്കിയത്. പിന്നീട് വമ്പന്‍ കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വീണ്ടും ആഴവും വീതിയും കൂട്ടിവന്നു.
കൂടാതെ പുതിയ പാസിങ് ബേകളും ബൈപാസുകളുമുണ്ടാക്കി. ഇങ്ങനെയുള്ള ഒരു ബൈപാസിലൂടെയാണ് എവര്‍ ഗിവണ്‍ കപ്പലിനെ ബിറ്റര്‍ തടാകത്തിലേക്കു മാറ്റിയത്.
അറബ്- ഇസ്‌റാഈല്‍
യുദ്ധകാലം
കനാലില്‍ ഗതാഗതം തടസപ്പെട്ട സംഭവങ്ങള്‍ പലപ്പോഴായി ഉണ്ടായി. എന്നാല്‍ നീണ്ടകാലം കനാല്‍ അടച്ചിട്ടത് 1964ലെ അറബ് ഇസ്‌റാഈല്‍ യുദ്ധകാലത്തായിരുന്നു. എട്ടുവര്‍ഷത്തോളം. പിന്നീട് 1975ലാണ് കനാല്‍ തുറന്നത്.
1949ല്‍ ഇസ്‌റാഈലിന് സൂയസ് കനാല്‍ ഉപയോഗിക്കാനുള്ള അനുമതി ഈജിപ്ത് നിഷേധിച്ചു. ഇസ്‌റാഈലിലേക്കു ചരക്കു കൊണ്ടുപോകുന്ന കപ്പലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. 1956ല്‍ കനാലിന്റെ ഭാഗങ്ങള്‍ കൈവശംവച്ച ഈജിപ്തിന്റെയും ഫ്രഞ്ച്, ബ്രിട്ടീഷ് സൈനികരെയും ഇസ്‌റാഈല്‍ ആക്രമിച്ചതോടെയാണ് ആദ്യമായി കനാല്‍ അടച്ചിട്ടത്. 1979ല്‍ ഈജിപ്തും ഇസ്‌റാഈലും സമാധാന കരാറിലെത്തി.
2015ല്‍ കനാലിനു നീളവും വീതിയും കൂട്ടാനായി ഈജിപ്ത് ഭരണകൂടം 850 കോടി ഡോളറിന്റെ വന്‍ പദ്ധതി നടപ്പാക്കി. അങ്ങനെ നീളം 29 കിലോ മീറ്റര്‍ കൂടി വര്‍ധിപ്പിച്ചു.
കനാല്‍ കടക്കാന്‍ വേണ്ട
സമയം
1939നു മുന്‍പ് കനാല്‍ താണ്ടാന്‍ ഒരു കപ്പലിന് 40 മണിക്കൂര്‍ വേണമായിരുന്നു. എന്നാലിന്ന് 11 മണിക്കൂര്‍ ധാരാളം.
ഫറോവയും സൂയസും
കാല്‍നട പാത പിന്നീട് റോഡായും ഹൈവേയായും വികസിക്കുന്നപോലെ ജലസേചനത്തിനുപയോഗിച്ചുവന്ന തോട് പ്രളയകാലത്ത് ജലഗതാഗതത്തിനുപയോഗിച്ച് വലിയ കനാലായി മാറിയ കഥയുണ്ട് സൂയസിനു പറയാന്‍. ബി.സി 1850ലാണ് ഈ കനാലിന്റെ തുടക്കമെന്നു പറയാം. തുമൈല താഴ്‌വരയിലേക്കായിരുന്നു അത്. ഇത് ഫറോവമാരുടെ കനാലെന്നാണ് അറിയപ്പെടുന്നത്.
ആരുണ്ടാക്കി?
ബി.സി 332ല്‍ അലക്‌സാണ്ടറുടെ പടയോട്ട കാലത്താണ് ആദ്യമായി സൂയസിലൂടെ താഴ്‌വരകളെയും തടാകങ്ങളെയും ബന്ധിപ്പിക്കുന്ന കനാലുകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് ഫ്രഞ്ചുകാര്‍ അവരുടെ കോളനിയായിരുന്ന ഈജിപ്തില്‍ നിന്ന് ചരക്കുകള്‍ കടത്താന്‍ വഴി തേടിയപ്പോള്‍ സൂയസ് മുനമ്പ് ചെങ്കടലിനെയും മെഡിറ്റേറേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന 121 കിലോ മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പോയിന്റാണെന്ന് കണ്ടെത്തി. ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് ചുറ്റി ഏഷ്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കുമെത്തുന്ന യാത്രാദൂരം ഇതിലെ കനാലുണ്ടാക്കിയാല്‍ ഗണ്യമായി കുറയുമെന്ന് അവര്‍ മനസിലാക്കി.
നെപ്പോളിയന്റെ വരവ്
നെപ്പോളിയന്‍ ബോണപാര്‍ട്ട് 1798ല്‍ ഈജിപ്ത് കീഴടക്കിയപ്പോഴാണ് സൂയസ് കനാല്‍ യാഥാര്‍ഥ്യമായത്. അദ്ദേഹം കൂടുതല്‍ സര്‍വേകള്‍ നടത്തി. 1856ല്‍ ചെങ്കടലില്‍ നിന്ന് മെഡിറ്ററേനിയനിലേക്കു കനാല്‍ നിര്‍മിക്കാനുറച്ചു. അങ്ങനെയാണ് ഫ്രാന്‍സിലെ സൂയസ് കനാല്‍ കമ്പനിക്ക് സൂയസ് മുനമ്പിലൂടെ കനാല്‍ വെട്ടി ഗതാഗതം തുടങ്ങാന്‍ 99 വര്‍ഷത്തേക്കു ഭൂമി ലീസിനു നല്‍കിയത്.
തുടര്‍ന്ന് കൈറോയിലെ ഫ്രഞ്ച് കോണ്‍സലായിരുന്ന ഫെര്‍ഡിനന്‍ഡ് ഡെ ലെസപ്‌സ് 1854ല്‍ സൂയസ് കരയിടുക്കിലൂടെ 100 മൈല്‍ നീളത്തില്‍ കനാല്‍ പണിയാന്‍ ഉസ്മാനിയ ഗവര്‍ണറില്‍ നിന്ന് കരാര്‍ സ്വന്തമാക്കി. എന്നാല്‍ കനാലുണ്ടാക്കുന്നതിനെ ബ്രിട്ടന്‍ ശക്തമായി എതിര്‍ത്തു. കനാല്‍ നൈല്‍നദിയില്‍ പ്രളയത്തിനു കാരണമാകുമെന്ന ഭീതി നിര്‍മാണം വൈകാനിടയാക്കി.
30,000 തൊഴിലാളികളുടെ
വിയര്‍പ്പ്
കനാല്‍ നിര്‍മാണത്തിന് ഭീമമായ മനുഷ്യാധ്വാനം ആവശ്യമായിരുന്നു. പിരമിഡുകള്‍ക്കെന്ന പോലെ ഈജിപ്ത് ഭരണകൂടം നാമമാത്ര വേതനം നല്‍കി ഭീഷണിപ്പെടുത്തി പാവപ്പെട്ട ജനങ്ങളെ കൊണ്ട് ജോലിചെയ്യിക്കുകയായിരുന്നു. 30,000 തൊഴിലാളികള്‍ തൂമ്പയും പിക്കാസുമെടുത്ത് മണ്ണു കിളച്ചാണ് കനാല്‍ പ്രവൃത്തി തുടങ്ങിയത്.
എന്നാല്‍ 1863ല്‍ അന്നത്തെ ഈജിപ്ഷ്യന്‍ ഭരണാധികാരി ഇസ്മാഈല്‍ പാഷ ആളുകളെ നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നത് വിലക്കിയതോടെ കനാല്‍ പണിക്ക് മതിയായ തൊഴിലാളികളില്ലാതായി. തുടര്‍ന്ന് നീരാവിയുടെയും കല്‍ക്കരിയുടെയും കരുത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്‍വെട്ടിമണ്ണുവാരി യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവൃത്തി മുന്നോട്ടുപോയി. പത്തുവര്‍ഷം കൊണ്ടാണ് കനാലിന്റെ പ്രവൃത്തി പൂര്‍ത്തിയായത്. പിന്നീട് യൂറോപ്യര്‍ക്ക് ആഫ്രിക്കയില്‍ കോളനികളുണ്ടാക്കാനിത് സഹായകമായിത്തീര്‍ന്നു എന്നത് ചരിത്രം.
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും
ഈജിപ്തും
1869ല്‍ കനാലിന്റെ പ്രവൃത്തി അന്ത്യത്തോടടുത്തപ്പോള്‍ ഫ്രഞ്ച് ശില്‍പി ഫ്രെഡറിക് അഗസ്റ്റെ ബര്‍തോള്‍ഡി കനാല്‍ നിര്‍മാണത്തിനു ചുക്കാന്‍പിടിക്കുന്ന ഫെര്‍ഡിനന്‍ഡ് ലെസപ്‌സിനെയും ഈജിപ്ത് അധികൃതരെയും കണ്ടു. സൂയസ് കനാലിന്റെ മെഡിറ്ററേനിയനിലേക്കുള്ള കവാടത്തില്‍ സ്ഥാപിക്കാന്‍ മനോഹരമായ ഒരു ശില്‍പം പണിയാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഈജിപ്ത് ഏഷ്യയിലേക്ക് പ്രഭ ചുരത്തുന്നു എന്ന പേരും അതിനായി കണ്ടുവച്ചു.
റോഡ്‌സിലെ യവനദേവ പ്രതിമ പോലെ ഭീമാകാരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. 93 അടി ഉയരമുള്ള ഈജിപ്ഷ്യന്‍ വസ്ത്രമണിഞ്ഞ ഒരു വനിതയുടെ പ്രതിമ. കപ്പലുകള്‍ക്ക് കനാലിലേക്ക് വഴികാട്ടുന്ന ഒരു ലൈറ്റ്ഹൗസായി അത് നിലനില്‍ക്കും. എന്നാല്‍ ആ സ്വപ്‌നത്തിനു പച്ചക്കൊടി കണ്ടില്ലെങ്കിലും ശില്‍പി അടങ്ങിയില്ല. 1886ല്‍ അദ്ദേഹമത് പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യം ലോകത്തിന് വെളിച്ചമേകുന്നു എന്നു പേരുമിട്ടു. ഇതാണ് ഇന്നും ന്യൂയോര്‍ക്ക് തുറമുഖത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."