ചെറാപൂഞ്ചിയെന്ന ഓറഞ്ചുകളുടെ ദേശം
ചെറാപൂഞ്ചിയിലേക്ക് എന്നെങ്കിലും പോകുമെന്ന് കരുതിയതേയല്ല. യാത്ര അങ്ങനെയാണല്ലോ, അത് അവിചാരിതമായി സംഭവിക്കുന്നതാവുമല്ലോ പലപ്പോഴും. മേഘാലയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് എ്ത്തുവോളം ആ ചിന്തയേ മനസിലുണ്ടായിരുന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചെറാപൂഞ്ചി കാണുകയെന്ന ലക്ഷ്യവുമായാണ് വന്നത്. തീവണ്ടിയില്‍ പരിചയപ്പെട്ട കോഴിക്കോട്ടുകാരുടെ സംഘം അവിടം സന്ദര്‍ശിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് എനിക്കും ആ നാടുകൂടി കണ്ടുകളയാമെന്ന മോഹം തോന്നിയത്. പക്ഷേ ഷില്ലോങ്ങില്‍ ചെന്നിട്ടാണ് പോകേണ്ടതെന്നൊന്നും ഓര്‍ത്തിരുന്നില്ല.
പച്ചപിടിച്ച മരങ്ങളും എപ്പോഴും ഇലത്തുമ്പില്‍നിന്നു കണ്ണീര്‍കണംപോലെ മഴവെള്ളം ഉറ്റിവീഴുകയും ചെയ്യുന്ന ഒരു പ്രദേശമായാണ് ഹൃദയം ചെറാപൂഞ്ചിയെ മെനഞ്ഞെടുത്തത്. അതൊന്ന് കണ്ട് അനുഭവിച്ചു വേണം തിരിച്ചുപോകാന്‍. ഷില്ലോങ്ങിലും സൈറ്റ് സീയിങ്ങിനായി ഷെയറിങ് വാഹനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ദിവസവും രാവിലെ എം.എസ്.ടി.സി (മേഘലയ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി)യുടെ ബസ് ചെറാപൂഞ്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞത് പുരിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമായിരുന്നു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആ യാത്രയില്‍ സന്ദര്‍ശിക്കും. തലേ ദിവസം ബുക്ക് ചെയ്താലെ ആ ബസില്‍ സീറ്റ് ലഭിക്കൂ.
ബസിനെക്കുറിച്ച് അറിയാത്തവരും കുടുംബമായി എത്തുന്നവരുമെല്ലാം ഷില്ലോങ്ങില്‍നിന്നു ടാക്‌സി പിടിച്ചാണ് സൈറ്റ് സീയിങ്ങിനായി പോകുക. ഒരു പകല്‍ മുഴുവന്‍ സഞ്ചരിച്ചാലും കണ്ടു തീരാത്തത്ര സ്ഥലങ്ങള്‍ ഷില്ലോങ്ങിലും ചെറാപൂഞ്ചിയിലുമുണ്ട്. പ്രത്യേകിച്ചും നിരവധി വെള്ളച്ചാട്ടങ്ങളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ടാക്‌സിക്കാര്‍ 1,600 മുതല്‍ 1,800 രൂപ വരെയാണ് ചെറാപൂഞ്ചി യാത്രക്ക് ആവശ്യപ്പെട്ടത്. തനിച്ച് അത്രയും തുക നല്‍കുന്നതെങ്ങനെ. കുറേനേരം കറങ്ങിയിട്ടും ഷെയറിങ് വാഹനം ലഭിക്കാത്തതിനാല്‍ മുറിയെടുത്ത് ലഗേജ് വച്ച ശേഷം അന്വേഷണം തുടരാമെന്ന് തീരുമാനിച്ചു.
അത്യാവശ്യം വേണ്ടുന്ന വസ്തുക്കള്‍ ഷോള്‍ഡര്‍ ബാഗില്‍ കരുതി പുറത്തേക്കിറങ്ങി. ചെറാപൂഞ്ചിയിലേക്ക് പോയേ തീരൂ. ആ ഒരു യാത്ര നടന്നില്ലെങ്കില്‍ ഷില്ലോങ്ങിലേക്ക് കയറി വന്നതില്‍ ഒരു കാര്യവുമില്ലാത്ത സ്ഥിതിയാവും. ഡാര്‍ജീലിങ്ങിനെ അപേക്ഷിച്ച് ഇടുക്കിപോലുള്ള ഒരു ഹൈറേഞ്ചില്‍ എത്തിയ പ്രതീതി. ഉച്ചയായതിനാല്‍ തണുപ്പ് അധികമില്ല. വീണ്ടും ടാക്‌സിക്കാരെ സമീപിച്ചു. കറുപ്പ് നിറത്തിലുള്ള മാരുതി 800 കാറുകളാണ് ഷില്ലോങ്ങിലെ ടാക്‌സികള്‍. ചെറാപൂഞ്ചിയിലേക്ക് ഷെയറിങ്ങില്‍ പോകാനാവുമോയെന്ന അന്വേഷണത്തിനിടെയായിരുന്നു അബ്ദുല്‍ എന്ന ഡ്രൈവറെ പരിചയപ്പെട്ടത് പണ്ടെങ്ങോ ബീഹാറില്‍നിന്നു വന്നവരായിരുന്നു അയാളുടെ കുടുംബം. പിന്നീട് ഈ നഗരത്തിലായി മക്കളും പേരമക്കളുമായി അബ്ദുലും കുടുംബവും.
1,400 രൂപ നല്‍കിയാല്‍ ചെറാപൂഞ്ചിയിലെ പ്രധാന കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോകാമെന്ന് അവന്‍ പറഞ്ഞു. നാലു വെള്ളച്ചാട്ടം ഉള്‍പ്പെടെയുള്ളവ കണ്ട ശേഷം വൈകുന്നേരത്തോടെ തിരിച്ചെത്താനാവും. ഒരാളെക്കൂടി കിട്ടിയാല്‍ പോകാമെന്നായി ഞാന്‍. അയാള്‍ക്കൊപ്പം പൊലിസ് ബസാര്‍ ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രധാനപ്പെട്ട നാലു കവലകളില്‍ ചെന്നെങ്കിലും പദ്ധതി പാളി. ഒടുവില്‍ ആ വണ്ടിക്കാരന്റെ സന്നദ്ധതയെ മനസാ പ്രശംസിച്ച് പുറത്തിറങ്ങി ഗലികളിലൂടെ നടന്നു.
ഹെന്തൊരു മനുഷ്യനാ, എന്തുവന്നാലും ആ വണ്ടിയില്‍ പോകണമായിരുന്നു. ഹൃദയം പരിഭവിക്കുന്നു. തിരിച്ചുനടക്കണോ, ആ മനുഷ്യന്റെ ഫോണ്‍ നമ്പര്‍ മൊബൈലിലുണ്ട്. തിരിച്ചുവിളിച്ചാലോ. എന്തുകൊണ്ടോ ആ നിമിഷം ശരീരം മരവിച്ച അവസ്ഥയിലായിരുന്നു. വീണ്ടും കുറെ അന്വേഷിച്ചിട്ടും ഷെയറിങ് വണ്ടി കണ്ടെത്താനായില്ല.
ഷില്ലോങ്ങിലെ ഞായറാഴ്ച
നഗരത്തിന്റെ മറ്റൊരു കോണില്‍നിന്നാണ് ചെറാപൂഞ്ചിക്കുള്ള ടാറ്റ സുമോകള്‍ പുറപ്പെടുന്നത്. ആ മേഖലയില്‍ താമസിക്കുന്നവരാണ് ട്രിപ്പടിക്കുന്ന ഇത്തരം വണ്ടികളില്‍ യാത്രചെയ്യുന്നത്. ചെറാപൂഞ്ചിയെന്ന വിശാലമായ പ്രദേശത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇറങ്ങാമെന്നു മാത്രം. രണ്ടും കല്‍പ്പിച്ച് ആ ടാക്‌സിസ്റ്റാന്റിലേക്ക് നടന്നു. വഴിയില്‍ കണ്ടവരോടെല്ലാം ചോദിച്ചാണ് അവിടെയും എത്തിയത്. 2016 നവംബര്‍ 27 ഞായറാഴ്ചയായതിനാല്‍ നഗരത്തെ ആലസ്യം ബാധിച്ചിരുന്നു.
കടകള്‍ മിക്കവാറും അടഞ്ഞുകിടക്കുന്നു. സ്റ്റാന്റും ശോകമൂകം. പുറപ്പെടാന്‍ നില്‍ക്കുന്ന വണ്ടികളുടെ ബഹളമില്ല. ആകെ അവിടെ കണ്ടത് ഒരു ടാറ്റാ സുമോ മാത്രം. ചെറാപൂഞ്ചിക്ക് പോകാനുള്ളതായിരുന്നു ആ വണ്ടി. സന്തോഷം തോന്നി. ഒരാള്‍ മാത്രമാണ് അതിലുള്ളത്. 11 പേര്‍ കയറിയാലെ വണ്ടി നിറയൂ. നിര്‍ജീവമായ ഇന്നത്തെ അവസ്ഥയില്‍ വൈകുന്നേരംവരെ കാത്തുകിടന്നാലും വണ്ടിയില്‍ യാത്രക്കാര്‍ എത്തിച്ചേരണമെന്നില്ല.
ചെറാപൂഞ്ചിയിലേക്ക് തിരിച്ചുപോകേണ്ട വണ്ടിയായത് അനുഗ്രഹമായി. തിരിച്ചുപോകേണ്ട വണ്ടിയായതിനാല്‍ ആറേഴ് പേരെ കിട്ടിയാല്‍ പോകുമെന്ന് ഡ്രൈവര്‍ പറഞ്ഞു. യാത്രക്കാര്‍ എത്തിയില്ലെങ്കിലും 12.30ന് പുറപ്പെടുമെന്ന് അയാള്‍ പറഞ്ഞതോടെ ഹൃദയത്തില്‍ സന്തോഷത്തിന്റെ അലയൊലികള്‍. സൈഡ് സീറ്റില്‍ ബാഗ് വച്ച് പ്രതീക്ഷയോടെ അവിടെ ചുറ്റിപറ്റി നിന്നു.
ദേവദാരുക്കല്‍
നിഴല്‍വിരിക്കുന്ന റോഡ്
കെട്ടിടത്തിന്റെ താഴ്ഭാഗത്തായിരുന്നു ഗുഹപോലുള്ള ആ ടാക്‌സി സ്റ്റാന്റ്. മുന്‍പ് ആ ഭാഗത്ത് വന്യമൃഗങ്ങള്‍ മേഞ്ഞുനടന്നിരിക്കണം. വണ്ടി കുഴിയില്‍ നിന്നെന്നവണ്ണം മുകളിലേക്ക് പ്രയാസപ്പെട്ട് കയറി. ചുറ്റിവളഞ്ഞ് കയറ്റങ്ങളും ചെറിയ ഇറക്കങ്ങളും പിന്നിട്ട് മുഖ്യപാതയിലെത്തി. പിന്നില്‍ മൂന്നു പേര്‍ക്കു കൂടി സീറ്റുണ്ട്. വഴിയില്‍നിന്ന് ആരെയെങ്കിലും കിട്ടുമെന്ന് ഡ്രൈവര്‍ പ്രതീക്ഷിച്ചിരിക്കണം. വളഞ്ഞുപുളഞ്ഞു കയറിപോകുന്ന പാത. താഴ്ചയില്‍ ഫലവൃക്ഷത്തോട്ടങ്ങള്‍. മനോഹരമായ ഫാം ഹൗസുകള്‍. അവ യൂറോപ്യന്‍ നിര്‍മിതിയുടെ മേന്മ വിളമ്പരം ചെയ്തു. ചിലയിടങ്ങളില്‍ വെട്ടിയൊതുക്കിയ ചായത്തോട്ടങ്ങള്‍ക്ക് നടുവിലായിരുന്നു അവയുടെ സ്ഥാനം. നട്ടുച്ചയായിട്ടും കുളിരുണ്ട്. മേഘം നിഴല്‍വിരിച്ച റോഡ്. വഴിയരുകില്‍ ജനവാസത്തിന്റെ ലക്ഷണമെന്ന് പറയാവുന്നത് ആ ഫാം ഹൗസുകള്‍ മാത്രമായിരുന്നു.
വണ്ടി നല്ലവേഗത്തിലാണ് നീങ്ങുന്നത്. ദേവദാരുക്കള്‍ ചോലതീര്‍ക്കുന്ന റോഡ് വളഞ്ഞുപുളഞ്ഞു ആകാശങ്ങളിലേക്ക് കയറിപോകുന്നു. ദേവദാരുവിന് ചുവട്ടിലായി തുല്യ അകലത്തില്‍ അധികം ഉയരമില്ലാത്ത മരങ്ങള്‍ കണ്ടു. ഓറഞ്ചിനോട് സാമ്യമുള്ളതായിരുന്നു അവയുടെ ഇലകള്‍. കുറേകൂടി മുന്നോട്ടുപോയപ്പോള്‍ മൂന്നു പയ്യന്മാര്‍ വണ്ടിക്കുനേരെ കൈനീട്ടി. ഡ്രൈവര്‍ സന്തോഷത്തോടെ ബ്രേക്ക് ചവിട്ടി. ഇരുപതോ, ഇരുപത്തിരണ്ടോ വയസുള്ളവരായിരുന്നു ആ മൂവര്‍ സംഘം. ഞാന്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. എന്റെ ഇരിപ്പിടം ഉയര്‍ത്തിയാലെ അവര്‍ക്ക് പിന്നിലേക്കു പോകാനാവൂ. വണ്ടി വീണ്ടും നീങ്ങി.
വിജനമായ റോഡില്‍ തനിച്ച്
ആകാശച്ചെരിവോളം പരന്നുകിടക്കുന്ന തുറസായ പ്രദേശം. വഴി ചോദിക്കാന്‍ ഒരാളെ കണ്ടെങ്കില്‍. എസ്റ്റേറ്റ് റോഡുപോലെ നേര്‍ത്തതായിരുന്നു ആ മേഖലയിലെ പാത. കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോള്‍ സ്വാമി വിവേകാന്ദ മഠത്തിലേക്ക് തിരിയുന്ന മൂന്നുംകൂടിയ ഒരു കവല കണ്ടു. മഠത്തിലേക്കുള്ള റോഡരുകില്‍ കാവല്‍നില്‍ക്കുന്ന യുവാവിനടുത്തേക്ക് നടന്നു. വാഹനങ്ങളില്‍നിന്ന് പാര്‍ക്കിങ് ഫീ ഈടാക്കാനായി നിയമിച്ചതാണ് അവനെ. അര കിലോമീറ്ററോളം മുകളിലാണ് ചെറാപൂഞ്ചിയിലെ പ്രധാന അങ്ങാടിയായ സൊഹ്‌റയെന്ന് അവന്‍ പറഞ്ഞു.
റോഡില്‍ വീണ്ടുമൊരു വാഹനം പ്രതീക്ഷിച്ച് നില്‍ക്കവേയാണ് ചെറാപൂഞ്ചിയെക്കുറിച്ചുള്ള കാര്യങ്ങള്‍ മഴയായി പെയ്തത്. ഉച്ച സയമത്ത് റോഡില്‍ ചിലപ്പോള്‍ മണിക്കുറുകളോളം വാഹനങ്ങളെ കാണില്ലെന്ന് പാര്‍ക്കിങ് കേന്ദ്രത്തിലെ പയ്യന്‍ പറഞ്ഞത് ശരിയാവുമോയെന്ന് ഭയന്നു.
ചെറാപൂഞ്ചിയില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടെന്ന് അവന്‍ പറഞ്ഞിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയുടെ വിദൂരക്കാഴ്ചയും സന്ദര്‍ശര്‍ക്ക് താല്‍പര്യമുള്ളതാണത്രെ. ഒരു ദിവസം കറങ്ങിയാലും തീരാത്തത്രയുണ്ട് കാഴ്ചകള്‍. മൂന്നര മണിവരെ ഷില്ലോങ്ങിലേക്ക് വണ്ടികിട്ടുമെന്ന ആശ്വാസകരമായ വിവരവും അറിയിച്ചതും മറ്റാരുമായിരുന്നില്ല. ആളുകളുണ്ടെങ്കില്‍ അവസാന വണ്ടി പുറപ്പെടുക നാലു മണിക്കാണത്രെ.
റോഡരുകില്‍ വണ്ടിയും പ്രതീക്ഷിച്ച് അര മണിക്കൂറോളം നിന്നെങ്കിലും നിരാശനായി. മറ്റൊരാളെയും ആ പരിസരത്ത് കാണാനില്ലാത്തതിനാല്‍ വീണ്ടും അവന് അരികിലേക്ക് നടന്നു. ഒരു മണിക്കൂറിനകം ചുറ്റിക്കാണാവുന്ന ഇടങ്ങളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. സ്വന്തം മൊബൈലില്‍ നിന്ന് അവന്‍ ഒരു ടാക്‌സി ഡ്രൈവറെ വിളിച്ചു. അയാള്‍ ആവശ്യപ്പെട്ട വാടക കൂടുതലായതിനാല്‍ വീണ്ടും റോഡരികില്‍ ചെന്നുനിന്നു.
പത്തു മിനുട്ട് കഴിഞ്ഞിരിക്കണം മുകളില്‍ സ്ഥിതിചെയ്യുന്ന സൊഹ്‌റയില്‍നിന്ന് ഒരു ടാക്‌സി കാര്‍ കുന്നിറങ്ങി വരുന്നത് കണ്ടു. കൈ വീശിയതോടെ ആ മാരുതിക്കാര്‍ തൊട്ടടുത്തെത്തി. സമയം കൂറവായതിനാല്‍ ഒരൊറ്റ വെള്ളച്ചാട്ടം മാത്രം കാണാന്‍ അവനോടൊപ്പം പുറപ്പെട്ടു. 200 രൂപയായിരുന്നു വാടക. ഗള്‍ഫ് നാടുകളിലെല്ലാം കാണുന്ന ബംഗ്ലാദേശിയുടെ മുഖമായിരുന്നു ആ ഡ്രൈവര്‍ക്ക്. നാലു കിലോമീറ്ററോളം ദൂരെയായിരുന്നു ആ വെള്ളച്ചാട്ടം.
പുല്‍ച്ചെടികള്‍ മാത്രം
വളരുന്ന തുറസ്
കഷ്ടി രണ്ടര മീറ്ററോളം വീതിയേ ഞങ്ങള്‍ സഞ്ചരിക്കുന്ന റോഡിനുണ്ടായിരുന്നുള്ളൂ. പുല്‍ച്ചെടികള്‍ മാത്രം വളരുന്ന തുറസായ പ്രദേശം കിലോമീറ്ററുകളോളം പരന്നുകിടക്കുന്നു. അങ്ങിങ്ങായി ചില കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നു. സമതലത്തിന്റെ ഗര്‍ത്തങ്ങളില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞു വളരുന്നു. ചില സ്ഥലങ്ങളില്‍ വെള്ളം ഒഴുകുന്ന അരുവികള്‍ കണ്ടു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന റോഡില്‍നിന്ന് പത്തു പതിനഞ്ച് മീറ്റര്‍ താഴ്ചയിലായിരുന്നു അവയുടെ പ്രയാണം.
ആ വഴില്‍ ഒരിടത്തും മനുഷ്യവാസത്തിന്റെ യാതൊരു അടയാളവും കണ്ടില്ല. ലക്ഷ്യത്തിലെത്തിയതോടെ എന്നെ പിടികൂടിയ ചിന്തകളും തോന്നലുകളും അപ്രത്യക്ഷമായി. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കേണ്ടിടത്ത് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ഒരു കവാടം. നാമ മാത്രമായ തുകയുടെ ടിക്കറ്റ് എടുത്തുവേണം അകത്തേക്ക് പ്രവേശിക്കാന്‍. കവാടം കടന്നു മുന്നോട്ടുനടന്നു. നേരത്തെ ഞങ്ങള്‍ വന്ന റോഡിന്റെ തുടര്‍ച്ചയായിരുന്നു വെള്ളച്ചാട്ടത്തിലേക്ക് നയിക്കുന്നത്. ചുറ്റുവട്ടത്തൊന്നും ഒരു തുള്ളിവെള്ളത്തിന്റെ നനവുപോലുമില്ല. കുറച്ചുകൂടി മുന്നോട്ടുപോയതോടെ കുറച്ചാളുകളെ കണ്ടു. വഴിവക്കില്‍ ഉപ്പും മുളകും ചേര്‍ത്ത കൈതച്ചക്ക പാക്കറ്റുകളില്‍ നിറച്ചുവച്ച് സ്ത്രീകള്‍ ഇരിക്കുന്നു. അവിടെയും പാക്കറ്റിന് പത്തു രൂപയായിരുന്നു ഈടാക്കിയിരുന്നത്.
കുറെ കരകൗശലവസ്തുക്കളും വില്‍പ്പനക്കായി വച്ചവയിലുണ്ട്. സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു വില്‍പ്പനക്കാര്‍. മൂന്നില്‍ മൂന്നു നാലു പേര്‍ നടക്കുന്നു. വഴിയുടെ ഇടതുവശത്ത് അല്‍പം അകലെയായി ഇരുമ്പ് പൈപ്പിട്ട കൈവരി കണ്ടു.
അവരെല്ലാം അങ്ങോട്ടാണ് നടക്കുന്നത്. കൈവരിക്ക് പിന്നില്‍ അഗാധമായ ഒരു ഗര്‍ത്തമായിരുന്നു. ആ കൈവരിയോട് ചേര്‍ന്നു നിന്ന് വലതുവശത്തേക്ക് മുഖം തിരിച്ചപ്പോള്‍ കൂറ്റന്‍ വെള്ളച്ചാട്ടം കണ്ടു. അത്ഭുതപ്പെട്ടുപോയി, ആ വരണ്ട പ്രദേശത്ത് അങ്ങനെയൊന്ന് പ്രതീക്ഷിക്കാവുന്നതല്ല.
പത്തുനൂറു മീറ്ററെങ്കിലും ഉയരത്തില്‍ നിന്നാണ് വെള്ളം നൂലുപോലെ താഴോട്ട് പതിക്കുന്നത്. മുകളില്‍ വെള്ളം ഒഴുകിയെത്തുന്ന പാറയിടുക്കിന് ചുറ്റും ഒരു ഇലപോലും കണ്ടില്ല. ഞങ്ങള്‍ നില്‍ക്കുന്ന കൈവരിയില്‍നിന്ന് അല്‍പം ദൂരെയായിരുന്നു ആ പറക്കെട്ട്.
വെള്ളച്ചാട്ടത്തില്‍ മിഴിനട്ട് നിന്നു. മുമ്പൊരിടത്തും അത്തരം ഒന്ന് പരിചിതമായിരുന്നില്ല. മലയാളിയുടെ പരിസരങ്ങളില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് പച്ചപ്പ് ഒരു അവിഭാജ്യഘടകമാണ്. പാറക്കെട്ടുകള്‍ മാത്രമുള്ള ഒരിടത്തു നിന്നാണ് അത്ഭുതംപോലെ വെള്ളം ചാടിവരുന്നത്. വലിയൊരു കുഴിയിലേക്ക് പതിച്ച ശേഷം താഴെയുള്ള മരങ്ങള്‍ക്കും ചെടിപ്പടര്‍പ്പുകള്‍ക്കും ഇടയില്‍ അത് അപ്രത്യക്ഷമാവുന്നു.
പതിനഞ്ച് മിനുട്ടേ പരവാവധി കാത്തുനില്‍ക്കാന്‍ സാധിക്കൂവെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നു. ആ സമയത്തിനകം നിരീക്ഷണവും ഫോട്ടോ പിടിക്കലും പൂര്‍ത്തീകരിച്ച് വണ്ടി നിര്‍ത്തിയ കവാടത്തിന് പുറത്തെ പാര്‍ക്കിങ് മേഖലയിലേക്കു തിരിച്ചെത്തി. കൃത്യസമയം പാലിച്ചതിനാലാവാം അവന്‍ വായിച്ചുകൊണ്ടിരുന്ന നോട്ട്‌സില്‍നിന്നു തല ഉയര്‍ത്തി എന്നെ അത്ഭുതത്തോടെ നോക്കി.
സൊഹറയെന്ന കവല
ഷില്ലോങ്ങിലേക്ക് യാത്രക്കാരെയും പ്രതീക്ഷിച്ച് സൊഹറയിലെ കവലയില്‍ വാഹനം കിടപ്പുണ്ടായിരുന്നു. മൂന്നു നാലു കടകളും നാലഞ്ച് ടാക്‌സികള്‍ കാത്തുകിടക്കുകയും ചെയ്യുന്ന ഉള്‍നാടന്‍ അങ്ങാടിക്ക് സമാനമായിരുന്നു സൊഹ്‌റ. രണ്ടു പേര്‍ മാത്രമേ ആ സുമോയില്‍ യാത്രക്കാരായുള്ളൂ. സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. അങ്ങാടിക്ക് സമീപം നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ജോലിയില്‍ ഏര്‍പ്പെട്ട ഒരു ബീഹാര്‍ സ്വദേശിയായിരുന്നു യാത്രക്കാരില്‍ ഒരാള്‍. മറ്റൊരാള്‍ ആ നാട്ടുകാരനോ, ഷില്ലോങ്ങ് നിവാസിയോ ആയിരിക്കണം.
പത്തു മിനുട്ട് കഴിഞ്ഞതോടെ മറ്റൊരു സുമോയെത്തി. പാര്‍ക്കിങ് സ്ഥലത്ത് ഞങ്ങള്‍ കയറിയ വാഹനത്തിന് സമാന്തരമായ അതും തിരിച്ചുനിര്‍ത്തി. ആ വണ്ടിയില്‍ അവശേഷിച്ച രണ്ടു പേര്‍ പുറത്തിറങ്ങി, ഞങ്ങളുടെ വാഹനത്തിന് സമീപത്തുകൂടി നടന്നു എങ്ങോട്ടോ അപ്രത്യക്ഷരായി.
അധികം വൈകാതെ എവിടെ നിന്നെന്നറിയില്ല മൂന്നുനാലു പേര്‍കൂടി വന്നുകയറി. പത്തുമിനുട്ട് കൂടി കഴിഞ്ഞതോടെ വണ്ടി നിറഞ്ഞു. എന്‍ജിന്‍ ശബ്ദിച്ചു. സമീപത്തെ വണ്ടിയിലും ഒന്നു രണ്ടു പേര്‍ ഇരുപ്പുറപ്പിച്ചിരുന്നു. സാധാരണ വീണ്ടുമൊരു വണ്ടി ആ നേരത്ത് ഷില്ലോങ്ങിലേക്ക് പോകുക പതിവില്ലെന്ന് ബീഹാര്‍ സ്വദേശി സൂചിപ്പിച്ചു. എന്തായാലും തിരിച്ചെത്താന്‍ സാധിക്കില്ലെന്ന ഭയം എങ്ങോ പോയൊളിച്ചു. മഹാഭാഗ്യം. മടങ്ങാന്‍ വണ്ടി കിട്ടിയില്ലെങ്കില്‍ ലോഡ്ജ്‌പോലുമില്ലാത്ത ആ പ്രദേശത്ത് എന്തുചെയ്യുമായിരുന്നുവെന്ന് അപ്പോഴാണ് ഓര്‍ത്തതും നടുങ്ങിയതും.
ആ വണ്ടിയും നല്ല വേഗത്തിലാണ് ഓടുന്നത്. റോഡില്‍ നീങ്ങുന്ന വാഹനങ്ങളില്‍ മിക്കവയും വിനോദസഞ്ചാരികളെ കയറ്റിയവയായിരുന്നു. ആ നേരത്തും റോഡില്‍ സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. മടങ്ങുമ്പോള്‍ വഴിയോരക്കാഴ്ചകളില്‍ ആകാംക്ഷ കുറയുക സ്വാഭാവികം. പത്തു പതിനഞ്ച് മിനുട്ട് പോന്നതോടെ മഴ ചാറാന്‍ തുടങ്ങി. അതൊരു പെയ്ത്തായി രൂപാന്തരപ്പെട്ടില്ല. വര്‍ഷത്തില്‍ പത്തു മാസത്തോളം മഴതുള്ളികള്‍ ആര്‍ത്തലച്ചും നാരുകളായി ലോഭിച്ചും വീഴുന്ന മണ്ണാണ് ചെറാപൂഞ്ചിയിലേത്.
ഷില്ലോങ്ങിനോട് അടുക്കാറയപ്പോള്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ചാറ്റല്‍മഴ എത്തി. ടാക്‌സി ഞങ്ങളെ ഇറക്കിയത് നഗരത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു. സഹയാത്രികരില്‍ രണ്ടുപേര്‍ പൊലിസ് ബസാറിന് സമീപത്തുകൂടി പോകുന്നവരായത് അനുഗ്രഹമായി. ഡ്രൈവറോട് യാത്രപറഞ്ഞ് അവര്‍ക്കൊപ്പം കാലുകള്‍ നീട്ടിവച്ച് നടന്നു.
അഞ്ചു മണിയാവാറായിരുന്നു. രണ്ടു പേരും അതിവേഗമാണ് നടക്കുന്നത്. അവര്‍ക്കൊപ്പമെത്താന്‍ ഇടക്ക് ഒടേണ്ടിയും വന്നു.
പൊലിസ് ബസാറിലേക്ക് വഴി പിരിയുന്നിടത്തുവെച്ച് അവര്‍ മറ്റൊരു ഗലിയിലേക്ക് കയറി ജനബാഹുല്യത്തില്‍ അലിഞ്ഞില്ലാതായി. അപ്പോഴേക്കും ഞാന്‍ നില്‍ക്കുന്നിടത്തുനിന്ന് നേരെ നടന്നാല്‍ അങ്ങോട്ട് എത്തിച്ചേരാനാവുമെന്ന് പറയാന്‍ അവര്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."