HOME
DETAILS
MAL
വേളി വിനോദസഞ്ചാര ഗ്രാമം കാഴ്ചാനുഭവഗ്ഗളുടെ പറുദീസ
backup
April 04 2021 | 02:04 AM
കടല്‍ത്തീരങ്ങള്‍ പകരുന്ന തിരയിളക്കവും, ആളൊച്ചയും, സായാഹ്നങ്ങളിലെ അസ്തമയ കാഴ്ചകളിലേക്കും മാത്രമല്ല; തലസ്ഥാനത്തെ വേളി ടൂറിസ്റ്റ് ഗ്രാമം നമ്മെ കൊണ്ടെത്തിക്കുക. കായലോരത്തെ മനോഹാരിതകളും ബോട്ട് യാത്രയും ശില്‍പ കാഴ്ചകളുമെല്ലാം കൊണ്ടുതന്നെയാണ് ഇവിടം വ്യത്യസ്തമാകുന്നത്. വൈകുന്നേരങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന മനോഹരയിടമാണ് വേളി ബീച്ചും വേളി വിനോദ സഞ്ചാര ഗ്രാമവുമെല്ലാം. തിങ്ങിനിറഞ്ഞ കണ്ടല്‍ കാടുകളും ഫ്‌ളോട്ടിങ്ങ് റസ്റ്റൊറന്റും ഹൗസ് ബോട്ടിന്റെ പ്രതീതി പകരും. ഒപ്പം തലക്കുമീതെ ഇടക്കിടെ പറന്നുയരുന്ന വിമാനക്കാഴ്ചയും.
തലസ്ഥാന നഗരിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള വേളി വിനോദസഞ്ചാര ഗ്രാമം തിരുവനന്തപുരം ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമായാണ് പ്രവേശന നിരക്ക്. കുട്ടികളെ ആകര്‍ഷിക്കുന്ന പലതും പാര്‍ക്കില്‍ സംവിധാനിച്ചിട്ടുണ്ട്.
കായലിലൂടെ ഒരു ബോട്ട് യാത്ര
പ്രവേശന കവാടത്തിന്റെ നേരെയായി പാരാവാരം പോലെ പരന്നുകിടക്കുന്ന കായലില്‍ സംവിധാനിച്ചിരിക്കുന്ന ബോട്ടുയാത്ര അനുഭൂതിയുടെ രസം പകരുമെന്നതില്‍ സംശയമില്ല. ഫാമിലിയായി വരുന്നര്‍ക്ക് സഞ്ചാരിക്കാന്‍ പ്രത്യേക പാക്കേജ് ലഭ്യമാണ്.
കുഞ്ഞന്‍ ട്രെയിനില്‍
വേളി പാര്‍ക്കിലെ മുഖ്യ ആകര്‍ഷണമാണ് കുഞ്ഞന്‍ ട്രെയിന്‍. 45 പേര്‍ക്ക് സഞ്ചരിക്കാവുന്ന ട്രെയിന്‍ രാജ്യത്തെ ആദ്യ സൗരോജ്ജ ട്രെയിനാണ്. ഇതര പാര്‍ക്കുകളില്‍ നിന്നു വ്യത്യസ്തമായിട്ടാണ് ട്രെയിന്‍ സംവിധാനിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌റ്റേഷനുകളും പാലവും തുരങ്കവും അടക്കം പിന്നിട്ട് പാര്‍ക്കിന്റെ മുക്കിലും മൂലയിലും ഈ ട്രെയിന്‍ നമ്മളെ കൊണ്ടുപോകും. ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തു തന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. വേളി പാര്‍ക്കിന്റെ ഉള്‍വശത്തുകൂടി 1.6 കിലോമീറ്റര്‍ സഞ്ചരിച്ച് 40 മിനുട്ടില്‍ ട്രെയിന്‍ തിരിച്ചെത്തും.
ശില്‍പ വിസ്മയം
പാര്‍ക്കിന്റെ വലതുഭാഗത്ത് പൂന്തോട്ടവും ശില്‍പങ്ങളുമുണ്ട്. കായലിനോട് അഭിമുഖീകരിച്ചാണ് ഇത് സ്ഥിതിചെയ്യുന്നത്. സാമാന്യം വലിയ വലിപ്പത്തില്‍ ശംഖ് രൂപത്തില്‍ ശില്‍പമുണ്ട്, ഇതര ശില്‍പങ്ങളും ഇവിടെയുണ്ട്.
കടലോരം
പാര്‍ക്കിന്റെ ഇടതുഭാഗത്താണ് ബീച്ച് സ്ഥിതിചെയ്യുന്നത്. കായലിന്റെ കുറുകെയുള്ള തൂക്കുപാലം കടന്നുവേണം ബീച്ചിലെത്താന്‍. ബീച്ചിന്റെ പരിധിയുടെ ഒരു തലമുതല്‍ മറ്റേ ഭാഗം വരെ ഭിത്തി കെട്ടിയിട്ടുള്ളതിനാല്‍ അതിലൂടെ നടക്കാനും കാഴ്ചകള്‍ കാണാനുമാകും. എല്ലാ ബീച്ചുകളിലും കാണപ്പെടാറുള്ള കുതിരസവാരി സംഘങ്ങള്‍ ഇവിടെയുമുണ്ട്. ഫോട്ടോ ഫ്രെയിം ചെയ്യുന്ന ആളുകളെയും കാണാം.
എങ്ങനെ എത്തിച്ചേരാം
തലസ്ഥാന നഗരിയില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട്. ഓട്ടോക്ക് 250- 300 രൂപ വരെ ചെലവ് വരും. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് മാത്രം ദൂരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."