HOME
DETAILS

ശ്രീലങ്കയിലെ പ്രതിസന്ധി ഇന്ത്യക്കും കനത്ത വെല്ലുവിളി

  
backup
March 25 2022 | 20:03 PM

8945354321-65-2022

രാജാജി മാത്യു തോമസ്

അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ ഗ്രസിച്ചിരിക്കുന്നത്. ഇന്ധന എണ്ണകൾക്കും പാചകവാതകത്തിനും ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും ദ്വീപുരാഷ്ട്രത്തിൽ നീണ്ട മനുഷ്യനിരകളാണ് എവിടെയും. ഇന്ധനത്തിന് വേണ്ടിയുള്ള നീണ്ടനിരകൾ പലപ്പോഴും അക്രമത്തിലേക്ക് തിരിയുന്നതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് പട്ടാളത്തെ വിളിക്കേണ്ടി വന്നിരിക്കുന്നു. മണിക്കൂറുകൾ നീളുന്ന ക്യുവിൽ തളർന്നുവീണും അക്രമങ്ങളിലും എതാനുംപേർ കൊല്ലപ്പെട്ടതായി ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും കാരണം ജനങ്ങൾ ദ്വീപുവിട്ട് തമിഴ്‌നാട് തീരത്തേക്ക് പലായനം ചെയ്തു തുടങ്ങി. ശ്രീലങ്കയുടെ വടക്ക്, പടിഞ്ഞാറൻ തീരപ്രവിശ്യകളിൽനിന്ന് ആയിരക്കണക്കിന് തമിഴ്‌വംശജർ തമിഴ്നാട് തീരത്ത് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.


ശ്രീലങ്കയിലെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യയും വലിച്ചിഴയ്ക്കപ്പെടും എന്നതാണ് അവസ്ഥ. കേരളവും ചെറിയ തോതിലെങ്കിലും അഭയാർഥി പ്രവാഹത്തെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകൾ. ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയും സ്വതേ ദുർബലമായ സമ്പദ്ഘടനയെ ഏതാണ്ട് കടപുഴക്കിയ നിലയിലാണ്. 2019ൽ മുന്നൂറോളം മനുഷ്യജീവനുകൾ അപഹരിച്ച ന്യൂനപക്ഷ വിരുദ്ധ ഭീകരാക്രമണങ്ങളും കലാപവും ശ്രീലങ്കയുടെ മുഖ്യവിദേശനാണ്യ വരുമാനസ്രോതസായിരുന്ന വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്നുവന്ന മഹാമാരിയുടെ താണ്ഡവത്തോടെ അത് ഏതാണ്ട് പൂർണമായി നിലച്ചു. രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ പത്തുശതമാനത്തിൽ അധികവും വിനോദസഞ്ചാരത്തിൽ നിന്നുമായിരുന്നു. വിനോദസഞ്ചാരം ശ്രീലങ്കക്കാരുടെ പ്രധാന തൊഴിൽമേഖലയും തനതു ഉത്പന്നങ്ങളുടെ വിപണിയുംകൂടിയായിരുന്നു. വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ തൊഴിൽ, വരുമാനം എന്നിവയെ ഏറെ പ്രതികൂലമായി ബാധിച്ചു. പതിറ്റാണ്ടുകൾ നീണ്ട വംശീയ വെറിയെ തുടർന്ന് വിദേശങ്ങളിലേക്ക് കുടിയേറിയിരുന്ന ശ്രീലങ്കൻ തമിഴ് പ്രവാസികൾ ദ്വീപിലേക്ക് അയച്ചിരുന്ന പണത്തിന്റെ വരവിനും മഹാമാരി പ്രതിബന്ധമായി. അത് ശ്രീലങ്കൻ തമിഴരുടെ പ്രധാന വരുമാന സ്രോതസ് അടച്ചു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാഠിന്യം ഏറെ നേരിടേണ്ടിവന്നത് ചരിത്രപരമായ കാരണങ്ങളാൽ തമിഴർക്കാണ്.


ശ്രീലങ്ക ഇപ്പോൾ അകപ്പെട്ടിട്ടുള്ള ആഴമേറിയ സാമ്പത്തിക കുഴപ്പത്തിന് അധികാരം കൈയാളുന്ന രാജപക്‌സെ കുടുംബത്തിന്റെ സ്വേച്ഛാധികാര ഭരണത്തിന്റെ പങ്ക് തെല്ലും കുറച്ചല്ല. പ്രസിഡന്റ് ഗോതബായ രാജപക്‌സയുടെ ജ്യേഷ്ഠസഹോദരൻ മഹീന്ദ രാജപക്‌സെയാണ് പ്രധാനമന്ത്രി. അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇഷ്ടക്കാരും ഉൾപ്പെട്ട കുടുംബവാഴ്ചയാണ് അവിടെ നടക്കുന്നത്. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, ഇന്ത്യൻ നോട്ടുനിരോധനം, ചരക്ക് സേവന നികുതി എന്നിവ നടപ്പാക്കിയതുപോലെ, ശ്രീലങ്കയിൽ സമ്പൂർണ ജൈവകൃഷി നടപ്പാക്കിയത് ഭക്ഷ്യോത്പാദനത്തെ വൻതകർച്ചയിലേക്ക് നയിച്ചു. അരിയുടെയും നാളികേരത്തിന്റെയും തേയിലയുടെയും മറ്റുകാർഷികോത്പന്നങ്ങളുടെയും ഉത്പാദനം പകുതിയിലും താഴെകണ്ടു ഇടിഞ്ഞു. തേയില അവരുടെ മുഖ്യ കയറ്റുമതി ഉത്പന്നമാണെന്നത് ഓർക്കുക. നാളികേരം, കൊപ്ര, കള്ളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ചാരായം എന്നിവയ്ക്ക് നല്ല ആഭ്യന്തര, വിദേശ വിപണി മൂല്യമാണ് ഉണ്ടായിരുന്നത്. കാർഷിക ഉത്പാദനം കൂപ്പുകുത്തിയതോടെ പരമ്പരാഗതമായി ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യോത്പന്നങ്ങൾ അടക്കം നിത്യോപയോഗ സാധനങ്ങൾ കൂടുതലായി ഇറക്കുമതിചെയ്യാൻ രാജ്യം നിർബന്ധിതമായി. മഹാമാരി സമുദ്രോത്പന്നങ്ങൾ അടക്കമുള്ളവയുടെ കയറ്റുമതിക്കും തിരിച്ചടിയായി. വിനോദസഞ്ചാരത്തിൽനിന്നും കയറ്റുമതിയിൽനിന്നുമുള്ള വിദേശനാണ്യ വരവ് നിലച്ച രാജ്യത്തിന് ഇറക്കുമതിക്ക് പരിമിതമായ കരുതൽശേഖരത്തെ ആശ്രയിക്കേണ്ടിവന്നു. അത് വിദേശ കടപ്പത്രങ്ങളുടെയും അവയുടെ പലിശയുടെയും തിരിച്ചടവിൽ വീഴ്ചയ്ക്ക് കാരണമായി. ഐ.എം.എഫിൽനിന്ന് വായ്പ എടുക്കില്ല എന്ന അപ്രായോഗിക നിലപാട് ഇന്ധനമടക്കം ഇറക്കുമതിചെയ്യേണ്ട ദ്വീപുരാഷ്ട്രത്തെ ഇന്ധന, ഭക്ഷ്യദൗർലഭ്യങ്ങളിലേക്കും നയിച്ചു.


സങ്കീർണമായ അയൽബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്നത്. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റാൻ അവർക്കു ഗണ്യമായ തോതിൽ ഇന്ത്യയെ ആശ്രയിക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ധന ഇറക്കുമതിക്ക് 500 ദശലക്ഷം ഡോളറും അവശ്യസാധനങ്ങൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ 100 കോടി ഡോളറിന്റെ വായ്പാപദ്ധതിയും ഇന്ത്യ ഇതിനകം അനുവദിക്കുകയുണ്ടായി. സമാന രീതിയിൽ 250 കോടി ഡോളറിന്റെ വായ്പാപദ്ധതി ചൈനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരം ഉറപ്പിക്കാൻ വൻ നികുതിയിളവുകൾ നൽകിയ രാജപക്‌സ കുടുംബ സർക്കാരിന്റെ നടപടിയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. സമ്പദ്ഘടനയിൽ ഘടനാപരമായ മാറ്റം കൂടാതെ വായ്പ നൽകാൻ ഐ.എം.എഫ് തയാറല്ല എന്നതാണ് ഇതുവരെ അവരിൽനിന്ന് വായ്പയെടുക്കാൻ ഭരണകൂടം വിസമ്മതിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആ നിലപാടിൽ ഗണ്യമായ അയവുവരുത്താൻ ശ്രീലങ്ക സന്നദ്ധമായിട്ടുണ്ട്. ഐ.എം.എഫ് ഇതിനകം ശ്രീലങ്കയുമായി ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതു ജനങ്ങളുടെ മേൽ നികുതിഭാരം വർധിപ്പിക്കും.


ശ്രീലങ്കയിൽ ഇന്ത്യക്കും ചൈനയ്ക്കും ഗണ്യമായ നിക്ഷിപ്തതാൽപര്യങ്ങളാണുള്ളത്. ചൈനയ്ക്ക് ഇന്ത്യാ സമുദ്രത്തിൽ ചുവടുറപ്പിക്കാൻ തന്ത്രപ്രധാന താവളമാണ് ശ്രീലങ്ക. തുറമുഖങ്ങളിലടക്കം അവർ ഇതിനകം അവിടെ വൻ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അത് തീർച്ചയായും ഇന്ത്യയുടെ സുരക്ഷയടക്കം ഉത്തമ താൽപര്യങ്ങൾക്കു കനത്ത വെല്ലുവിളിയുമാണ്. ഇന്ത്യക്ക് തുറമുഖങ്ങൾ, ഇന്ധന ശുദ്ധീകരണം, വിതരണം, സൗരോർജമടക്കം ഊർജമേഖല എന്നിവയിൽ കണ്ണുണ്ട്. അത് അദാനിയടക്കം മോദിഭരണകൂടത്തിന്റെ ചങ്ങാത്ത മുതലാളിത്ത താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഇന്ത്യയും ശ്രീലങ്കയുമായുള്ള ചരിത്രപരമായ പ്രശ്‌നങ്ങൾ മൂലം ഇന്ത്യക്ക് ലക്ഷ്യപ്രാപ്തിക്ക് ഏറെ മെയ്‌വഴക്കം പ്രകടിപ്പിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെയും ചൈനയുടെയും താൽപര്യങ്ങളുടെ മത്സരവേദിയായി ശ്രീലങ്ക മാറിക്കൂടായ്കയില്ല.


ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി രാജപക്‌സെ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ജനങ്ങൾ നിരാശരും പ്രക്ഷുബ്ധരുമാണ്. വൻ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്നുവരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിന്റെ രാജിക്കുവേണ്ടി മുറവിളി ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ സത്വരം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങൾ ശ്രീലങ്കയ്ക്കും ഇന്ത്യക്കും നിർണായകമാണ്. ഏതാണ്ട് പതിനൊന്നു ശതമാനത്തോളം വരുന്ന ഇന്ത്യൻ വംശജരായ തമിഴരുടെ രാജ്യം കൂടിയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയും തമിഴരും തദ്ദേശീയ സിംഹളരും തമ്മിലുള്ള ചരിത്രപരമായ ഭിന്നതയും സംഘർഷങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ഇന്ത്യക്ക് കരുതൽ ഉണ്ടാവണം. വീണ്ടുമൊരു വംശീയ സംഘർഷം തടയാൻ ശ്രീലങ്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ടേ മതിയാവൂ. അത് ഇന്ത്യയുടെ കൂടി ആവശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago