ഛായാ ചിത്രം
പാതി ചാരിയ വാതിലിനിപ്പുറം വാര്‍ധക്യത്തിന്റെ ഗന്ധം. മുറിയുടെ കോണിലെ ഇരുമ്പു കട്ടിലില്‍ വൃത്തിയുള്ള വെള്ളമുണ്ട് വിരിച്ച മെത്ത. അരികിലായുള്ള മേശയില്‍ ഏതാനും പുസ്തകങ്ങളും കണ്ണടയും പെയിന്‍ബാമും. നരച്ചുതുടങ്ങിയ രാവിനു കാവലെന്നോണം അവള്‍ ജനല്‍പടിമേല്‍ ഇരുന്നു.
തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹം എപ്പോഴാവും വരിക? അതോ, ദേശ സഞ്ചാരങ്ങള്‍ക്കും പുതിയ ജീവിതരീതികള്‍ക്കുമിടയില്‍ തന്നെ മറന്നുപോയിരിക്കുമോ? ആകുലതകള്‍ക്കിടയിലും നിറയെ പീലികളുള്ള ആ വലിയ കണ്ണുകളും അവയ്ക്കു മുകളിലെ കട്ടിയുള്ള പുരികങ്ങളും സദാ പുഞ്ചിരിതൂകുന്ന മുഖവും ഓര്‍ത്ത് അവള്‍ നാണിച്ചുചിരിച്ചു. അദ്ദേഹം നല്‍കിയ ചുംബനങ്ങളുടെ സ്മരണയില്‍ അവളുടെ കവിളുകള്‍ തുടുത്തു. തുറന്നിട്ട ജനാലകളില്‍ കൂടി നേര്‍ത്ത വെളിച്ചം അരിച്ചരിച്ച് അകത്തേക്ക് കയറിവന്നു. മനോരാജ്യത്ത് നിന്നു പതിയെ പുറത്തിറങ്ങി അവള്‍ ചുറ്റുമൊന്ന് നോക്കി. എവിടെയാണ് താന്‍ എത്തപ്പെട്ടിരിക്കുന്നത്? അപരിചിതമായ ഗന്ധം, വസ്തുക്കള്‍, അവയ്ക്ക് താനുമായുള്ള ബന്ധമെന്താണ്?
ചുമരില്‍ പൊടിപിടിച്ച് തുടങ്ങിയ ഒരു ഫോട്ടോയിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു. ഗര്‍വ്വോടെ നിവര്‍ന്നിരിക്കുന്ന ഒരു വൃദ്ധന്റെ പടം. വൃദ്ധന്‍ തന്നെ നോക്കി ചിരിക്കുന്നുണ്ടോ? അയാളെ താന്‍ അറിയുമോ? വൃദ്ധന്റെ പടം അവളെ എന്തുകൊണ്ടോ അസ്വസ്ഥയാക്കി. സംശയത്തോടെ അവള്‍ നോക്കിനില്‍ക്കെ പിന്നില്‍ വാതില്‍ തുറക്കുന്ന ശബ്ദം. അദ്ദേഹമാണ്.
അദ്ദേഹം തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നിരിക്കുന്നു. ഈ മുറിയും, തന്നെ നോക്കിച്ചിരിക്കുന്ന വൃദ്ധന്റെ പടവും വിട്ട് തനിക്കിനി രക്ഷപ്പെടാം. അയാള്‍ ലൈറ്റിട്ട് അവളെ നോക്കിച്ചിരിച്ചു. ആ പുരികങ്ങളും നീണ്ട മൂക്കും നോക്കി അവള്‍ ഒന്നുകൂടി ഉറപ്പുവരുത്തി. അതെ, അദ്ദേഹം തന്നെ! പുഞ്ചിരിയോടെ അവളെ നോക്കി അയാള്‍ ചോദിച്ചു!
''ആഹാ! അമ്മ ഇത്ര നേരത്തെ എണീറ്റോ! അതോ, ഉറങ്ങിയതേയില്ലേ''
ചുമരിലെ ഫോട്ടോയിലേക്ക് ഒന്ന് കണ്ണെറിഞ്ഞ്, ഒന്നുകൂടി അവളെ നോക്കി, അയാള്‍ കുട്ടികളോടെന്നപോലെ വാത്സല്യം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു: ''ഓ! അമ്മ അച്ഛനോട് സംസാരിക്ക്യാ''
നിറപുഞ്ചിരിയുമായി നില്‍ക്കുന്ന അയാളുടെ മുഖത്തേക്ക് ഒരു ഞെട്ടലോടെ, കണ്ണിമ ചിമ്മാതെ അവള്‍ നോക്കിനിന്നു. കണ്ണുകളില്‍ നിന്നൂഴ്ന്നിറങ്ങിയ വലിയ തുള്ളികള്‍ മുഖത്തെ ചുളിവുകള്‍ക്കിടയില്‍ അലിഞ്ഞില്ലാതെയായി. മൃദുവായ കവിളുകളിലെ നനവ് തുടച്ചുകൊണ്ട് അയാള്‍ അവളെ തലോടി. കാലവും സ്മൃതിയും യാഥാര്‍ഥ്യവും ചേര്‍ന്ന് തന്നെ പരിഹസിക്കുന്നല്ലോ എന്നോര്‍ത്ത് നിറഞ്ഞ മിഴികളെ വകവയ്ക്കാതെ അവള്‍ മൃദുവായി മന്ദഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."