കെ.എസ്.ആര്‍.ടി.സി സർവിസ് നാമമാത്രം; മലബാറിൽ ജനം വലഞ്ഞു
സ്വന്തം ലേഖിക
കോഴിക്കോട്
സ്വകാര്യ ബസുകള്‍ പൂര്‍ണമായും പണിമുടക്കുകയും ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി സർവിസുകളും ഇല്ലാതെയും വന്നതോടെ മലബാറില്‍ ജനം ദുരിതത്തിലായി. ദേശീയ പാതകളും പ്രധാനപ്പെട്ട നഗരങ്ങളും ഒഴികെ ഗ്രാമപ്രദേശങ്ങളിലെല്ലാം യാത്രാ സൗകര്യമില്ലാതെ യാത്രക്കാർ നട്ടംതിരിഞ്ഞു. സ്വകാര്യ ബസ് സമരത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി. തയാറാവാത്തതും തിരിച്ചടിയായി. ദേശീയപാതകളില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളാണ് ഭൂരിഭാഗവും. ലോക്കല്‍ സര്‍വിസുകള്‍ തീരെ കുറവാണെന്നതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. പലപ്പോഴും ലോക്കൽ സർവിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. വാര്‍ഷിക പരീക്ഷാ സമയത്തെ ബസ് പണിമുടക്ക് കാരണം വിദ്യാര്‍ഥികളും അധ്യാപകരുമടക്കം കൃത്യ സമയത്ത് സ്കൂളിലെത്താനാവാതെ ദുരിതത്തിലായി. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, മേപ്പയ്യൂര്‍ ,നാദാപുരം, മാവൂര്‍, നരിക്കുനി, ബാലുശേരി ഭാഗങ്ങളിലും കൊയിലാണ്ടി-താമരശേരി, വടകര-പേരാമ്പ്ര, ബാലുശേരി-പേരാമ്പ്ര, കോഴിക്കോട്-മുക്കം റൂട്ടുകളിലും
യാത്രയ്ക്ക് സ്വകാര്യ ടാക്സികൾ മാത്രമായിരുന്നു ആശ്രയം. മലപ്പുറം ജില്ലയില്‍ തിരൂര്‍, മഞ്ചേരി,നിലമ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ഒഴികെ ഗ്രാമ പ്രദേശങ്ങളിലേക്കൊന്നും തന്നെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നില്ല. മാത്രമല്ല മലപ്പുറം ഡിപ്പോയില്‍ നിന്ന് വൈകിട്ട് അഞ്ചിന് ശേഷം കെ.എസ്.ആർ.ടി.സി ട്രിപ്പുകള്‍ എടുക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. കാസർകോട്ടെ തൃക്കരിപ്പൂർ, ബന്ദടുക്ക, പൈവളിഗെ, വേലമ്പാടി തുടങ്ങിയ ഇടങ്ങളിലും കെ.എസ്.ആർ.ടി.സി സർവിസുകളുടെ അഭാവം ജനത്തെ ദുരിതത്തിലാഴ്ത്തി. കാഞ്ഞങ്ങാട് -കാസർകോട്, കാസർകോട് - കണ്ണൂർ റൂട്ടിലും ലിമിറ്റഡ്, ലോക്കൽ സർവിസുകൾ നാമമാത്രമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലബാറിലെ മറ്റു ജില്ലകളും സ്ഥിതി സമാനമാണ്. ഈ മേഖലകളിൽ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കും നഗരത്തിൽ എത്താൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഓട്ടോകളും ടാക്സികളും അമിത ചാർജ് ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. കോഴിക്കോട് ജില്ലയിൽ ഏതാനും കുടിയേറ്റ ഗ്രാമങ്ങളിലേക്ക് മാത്രമാണ് കെ.എസ്. ആർ.ടി.സി ആവശ്യത്തിന് ലോക്കൽ സർവിസ് നടത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മലബാർ മേഖലയിൽ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിന് തടസമാവുന്നതെന്നാണ് കെ.എസ്. ആർ.ടി.സി അധികൃതർ നൽകുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."