തലേക്കുന്നിൽ ബഷീർ ; കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം, ആന്റണിയുടെ വിശ്വസ്തൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു തലേക്കുന്നിൽ ബഷീർ. സംഘടനാരംഗത്തും പാർലമെന്ററി രംഗത്തും ഒരുപോലെ തിളങ്ങിയ പാർട്ടിയുടെ ന്യൂനപക്ഷ മുഖം. കേരള സർവകലാശാലയുടെ ആദ്യ ചെയർമാനായിരുന്ന ബഷീർ കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുതൽ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് വരെയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെന്നും എ.കെ ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീർ. 1977ൽ രാജൻ കേസിനെ തുടർന്ന് കരുണാകരൻ രാജിവച്ചപ്പോൾ എ.കെ ആന്റണിക്ക് മുഖ്യമന്ത്രിയാവാൻ കന്നിവിജയത്തിന്റെ മധുരം മാറുംമുമ്പായിരുന്നു ബഷീർ കഴക്കൂട്ടത്തിന്റെ എം.എൽ.എ സ്ഥാനം രാജിവച്ചത്. അന്ന് പ്രായം 31 മാത്രം. പകരം കിട്ടിയ പദവിയുമായി രാജ്യസഭയിലേക്കെത്തിയപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമെന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
വെമ്പായം മാണിക്കൽ പഞ്ചായത്തിൽനിന്ന് നീലപ്പതാകയേന്തി കെ.എസ്.യുവിലൂടെയാണ് ബഷീറിന്റെ വരവ്. ആന്റണി, വയലാർ, ഉമ്മൻ ചാണ്ടി കാലത്ത് തലസ്ഥാനത്തെ സംഘടനാ രാഷ്ട്രീയത്തിന്റെ തല ബഷീറായിരുന്നു. കെ.എസ്.യു ജില്ലാ അധ്യക്ഷനായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും കേരള രാഷ്ട്രീയത്തിലേക്ക് വളർന്ന അദ്ദേഹം മൂന്നു പതിറ്റാണ്ടോളം കെ.പി.സി.സി നിർവാഹസമിതി അംഗമായിരുന്നു. ജനറൽ സെക്രട്ടറിയായും കെ.പി.സി.സി ഉപാധ്യക്ഷനായും വർക്കിങ് പ്രസിഡന്റായും കോൺഗ്രസിൽ സജീവമായൊരു കാലത്തെ അടയാളപ്പെടുത്തി.
വയലാർ രവിക്കു പിന്നാലെ എത്തിയാണ് 1984ൽ ചിറയൻകീഴിന്റെ എം.പിയായത്. 1989ൽ വിജയം ആവർത്തിച്ച അദ്ദേഹം തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സുശീലാ ഗോപാലനോട് 1,106 വോട്ടുകൾക്ക് പരാജയപ്പെട്ടു. എ. സമ്പത്തിനോട് തോറ്റാണ് 1996ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അവസാനമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."