ആലപ്പുഴ ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ ദമ്പതികൾ മരിച്ചു
ആലപ്പുഴ:ദേശീയപാതയിൽ തുമ്പോളിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ ദമ്പതികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. രണ്ടു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികർത്ത് രാഹുൽ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാൽ, സീമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവരാണ് രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരം മൃഗശാല സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു കാറിലുള്ളവർ. ഏവിയേഷൻ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി. കാറിൻ്റെ മുൻ സീറ്റിലായിരുന്നു രാഹുലും ഭാര്യയും. പിൻസീറ്റിലായിരുന്നു മറ്റുള്ളവർ. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിക്കടയിൽപ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറിയുടെ മുൻഭാഗം മാത്രം തകർന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് സൗത്ത് എസ്ഐ പറഞ്ഞു. അപകടത്തെത്തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."