ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ സ്കോർ; 385 റൺസിന്റെ വിശ്വാസത്തിൽ ഇന്ത്യ
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ കൂറ്റൻ സ്കോർ നേടി ഇന്ത്യ. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 385 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്‌കോറാണ് ഇന്‍ഡോറില്‍ കുറിച്ചത്. 2009ല്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 392 റൺസാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരെയുള്ള ഏറ്റവും ഉയർന്ന സ്കോർ.
83 പന്തുകളില്‍നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒന്‍പതു ഫോറുകളും ആറ് സിക്‌സും ചേർന്നതാണ് രോഹിതിന്റെ ഇന്നിംഗ്സ്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ സെഞ്ചറി തികയ്ക്കുന്നത്.
ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചറിയിലെത്തി. 13 ഫോറും, നാല് സിക്‌സും ഉൾപ്പെട്ടതാണ് ഗില്ലിന്റെ സെഞ്ച്വറി. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ കുത്തനെ ഉയർത്തിയത്. രോഹിതും ഗില്ലും ചേർന്ന് 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു സമ്മാനിച്ചത്. സ്‌കോര്‍ 212 ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ മൈക്കിള്‍ ബ്രേസ്‌വെല്‍ ബോള്‍ഡാക്കി. തൊട്ടുപിന്നാലെ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡെവോണ്‍ കോണ്‍വെ ക്യാച്ചെടുത്തു ഗില്ലും മടങ്ങി.
പിന്നാലെ എത്തിയ ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 17 റൺസ് നേടിയപ്പോൾ കോഹ് ലിയെ 27 പന്തില്‍ നിന്ന് 36 റൺസ് നേടി.
വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ സുന്ദറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും 9 റണ്‍സെടുത്ത താരത്തെ ടിക്നര്‍ പുറത്താക്കി.
പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 47-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് ശാര്‍ദൂല്‍ പുറത്തായെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 360 കടന്നിരുന്നു. 49-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 36 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്.
ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടോം ലാതം ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."