ഇശ്‌റത്ത് കേസ്: എക്കാലവും അലയടിക്കുന്ന ചോദ്യങ്ങള്‍
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രതികളായ അവസാന പൊലിസുകാരെയും കുറ്റവിമുക്തരാക്കുകയും അപ്പീല്‍ പോകാതെ അത് അന്വേഷിച്ച സി.ബി.ഐ തന്നെ കേസ് കെട്ടിപ്പൂട്ടുകയും ചെയ്യുമ്പോള്‍ പൊതുമണ്ഡലത്തില്‍ മായ്ക്കാന്‍ കഴിയാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയുണ്ട്. ഇതിലേറ്റവും വലുത് ഏറ്റുമുട്ടല്‍ അന്വേഷിച്ച ജസ്റ്റിസ് തമാങ് റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകളാണ്. 2004 ജൂണ്‍ 15ന് മലയാളിയായ ജാവേദ് ശൈഖ്, മുംബൈയിലെ വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, സീഷാന്‍ ജോഹര്‍ അബ്ദുല്‍ഗനി, അജ്മല്‍ അലി എന്നിവരെ ഗുജറാത്ത് പൊലിസ് മോദിയെ കൊല്ലാനെത്തിയ ലഷ്‌കര്‍ സംഘമെന്നാരോപിച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് ആദ്യം കണ്ടെത്തിയത് ജസ്റ്റിസ് തമാങ്ങാണ്. അതോടെയാണ് കേസ് വഴി മാറുന്നത്. പൊലിസിന്റെ കള്ളക്കഥയെ പൊളിക്കുന്ന ഒട്ടേറെ കണ്ടെത്തലുകള്‍ ജസ്റ്റിസ് തമാങ്ങിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കാറില്‍ സഞ്ചരിച്ചിരുന്ന ഇശ്‌റത്ത് ജഹാനുള്‍പ്പെടെയുള്ള തീവ്രവാദികളിലൊരാള്‍ കാറില്‍ നിന്നിറങ്ങി പൊലിസിനു നേരെ എ.കെ 56 തോക്കുപയോഗിച്ചു വെടിവച്ചുവെന്നും തിരിച്ചുള്ള വെടിവയ്പ്പില്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലിസ് കഥ. എന്നാല്‍ ഫൊറന്‍സിക് പരിശോധന ഇത് തള്ളിക്കളഞ്ഞു. വെടിവയ്ക്കുമ്പോള്‍ സ്വാഭാവികമായും കൈയില്‍ പുരളേണ്ട വെടിമരുന്നിന്റെ അംശം കൊല്ലപ്പെട്ട ആരുടെയും കൈയിലുണ്ടായിരുന്നില്ല. അതായത് കാറിലുണ്ടായിരുന്ന ആരും വെടിവച്ചിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് എ.കെ 56 തോക്കിന്റെ ഉപയോഗിച്ച ഒരു കാട്രിഡ്ജ് പോലും പൊലിസിന് കണ്ടെടുക്കാനായതുമില്ല.
പൊലിസ് വാദ പ്രകാരം പൊലിസ് സര്‍വിസ് റിവോള്‍വര്‍, എ.കെ 47, സ്‌റ്റെന്‍ ഗണ്‍ എന്നിവയുപയോഗിച്ച് 70 റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ട്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത് ഉപയോഗിച്ച 50 കാട്രിഡ്ജുകള്‍. ഇവയാകട്ടെ എ.കെ 56 തോക്കില്‍ നിന്നുള്ളവയായിരുന്നുവെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തി. പൊലിസ് പറയുന്ന മൂന്ന് തോക്കില്‍ നിന്നുള്ള ഉപയോഗിച്ച ഒരു കാട്രിഡ്ജ് പോലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തില്ല. സംഭവത്തിനിടെ ഒരിക്കല്‍ പോലും സ്വയരക്ഷയ്ക്കായി പൊലിസിന് വെടിവയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍നിന്നു വ്യക്തമായതായി തമാങ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. ജാവേദ് കൊല്ലപ്പെട്ടത് എ.കെ 56 തോക്കില്‍ നിന്നുള്ള വെടിയേറ്റാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതിനര്‍ഥം എ.കെ 56 തോക്ക് പൊലിസിന്റെ പക്കലായിരുന്നു. അബ്ദുല്‍ ഗനിയുടെ ദേഹത്തുണ്ടായിരുന്നതും ഇതേ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണ്. അയാളുടെ മൃതദേഹത്തിലുള്ള തോക്ക് പൊലിസ് പിന്നീട് സ്ഥാപിച്ചതായിരുന്നു. കൊല്ലപ്പെട്ട അജ്മല്‍ അലിയുടെ കീശയില്‍ 1250 രൂപയും സ്വന്തം ഫോട്ടോയുമുണ്ടായിരുന്നു. അതിനുപിന്നില്‍ സലിം എന്ന ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പൊലിസ് കസ്റ്റഡിയില്‍ വച്ചെടുത്തതായിരുന്നു ഈ ഫോട്ടോ. അതിനുപിന്നില്‍ എഴുതിയത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍, പൊലിസ് തന്നെയായിരുന്നു ഈ ഫോട്ടോ അലിയുടെ പോക്കറ്റിലിട്ടതെന്ന് തമാങ് റിപ്പോര്‍ട്ട് പറയുന്നു.
കൊല്ലപ്പെട്ട പാകിസ്താന്‍ സ്വദേശിയെന്ന് പൊലിസ് ആരോപിക്കുന്ന സീഷാന്‍ ജോഹര്‍ അബ്ദുല്‍ ഗനിയുടെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് പൊലിസ് തന്നെ നിക്ഷേപിക്കുകയായിരുന്നുവത്രെ. ഈ തിരിച്ചറിയല്‍ കാര്‍ഡല്ലാതെ പണമുള്‍പ്പെടെ മറ്റൊന്നും ഇയാളുടെ പാന്റ് പോക്കറ്റില്‍നിന്ന് കണ്ടെടുത്തില്ലെന്നത് അസാധാരണമാണെന്നും തമാങ് റിപ്പോര്‍ട്ട് പറയുന്നു. ജാവേദിന്റെ കീശയില്‍നിന്ന് കണ്ടെടുത്തത് ഡ്രൈവിങ് ലൈസന്‍സ് മാത്രമാണ്. പണമില്ലാതെ എങ്ങനെയാണ് ജാവേദ് മുംബൈയില്‍നിന്ന് അഹമ്മദാബാദിലെക്ക് പോയതെന്ന് തമാങ് ചോദിക്കുന്നു. ഇശ്‌റത്തിന്റെ മൃതദേഹത്തിലും കോളജ് തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കിയ നിലയിലുണ്ടായിരുന്നു. മുംബൈയില്‍നിന്ന് അഹമ്മദാബാദ് വരെ യാത്ര ചെയ്ത ഇശ്‌റത്ത് അഹമ്മദാബാദിലെത്തിയപ്പോഴും തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കി നടന്നത് അസാധാരണമാണെന്നും ഇത് പൊലിസ് തന്നെ കഴുത്തിലണിയിച്ചതായിരിക്കാമെന്നും തമാങ് കണ്ടെത്തുന്നു.
പൊലിസ് കഥ പ്രകാരം മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ സംഘം കൊല്ലപ്പെടുന്നത് 2004 ജൂണ്‍ 15ന് പുലര്‍ച്ചെ 4.30നാണ്. ഇന്‍ഡിക്ക കാറിലെത്തിയ സംഘത്തെ പൊലിസ് സാഹസികമായി പിന്തുടരുകയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജാവേദ് കൊല്ലപ്പെടുന്നത് ജൂണ്‍ 14ന് വൈകിട്ട് 8.30 നും ഒന്‍പതിനുമിടയിലുമാണ്. മറ്റുള്ളവര്‍ കൊല്ലപ്പെടുന്നത് രാത്രി 11നും അര്‍ധരാത്രിയ്ക്കുമിടയില്‍. പോസ്റ്റുമോര്‍ട്ടത്തിനെത്തുമ്പോള്‍ത്തന്നെ മൃതദേഹങ്ങളിലെ പേശികള്‍ വിറങ്ങലിച്ചിരുന്നുവെന്ന് തമാങ് റിപ്പോര്‍ട്ടിലുണ്ട്. കൊല നടന്നിട്ട് 12 മുതല്‍ 24 മണിക്കൂര്‍വരെ സമയമായിരിക്കാമെന്നതിന്റെ ലക്ഷണമായിരുന്നു അത്. ഏറ്റവും അവസാനം കൊല്ലപ്പെടുന്നത് ഇശ്‌റത്താണ്. അവള്‍ മറ്റു കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിരിക്കണം. 15ന് പുലര്‍ച്ചെ പൊലിസ് മൂന്ന് മൃതദേഹങ്ങള്‍ കാറിലിട്ട് വെടിവയ്ക്കുകയും പിന്നീട് അംജദ് അലിയുടെ മൃതദേഹം ഡിവൈഡറിനു മുകളില്‍കൊണ്ടു വന്നിടുകയുമായിരിക്കണം(ഇയാള്‍ ഡിവൈഡര്‍ മറഞ്ഞുനിന്ന് പൊലിസിനു നേരെ വെടിവച്ചുവെന്നായിരുന്നു പൊലിസ് ഭാഷ്യം). ഏറ്റുമുട്ടല്‍ നടന്ന പ്രതീതിയുണ്ടാക്കാന്‍ കാറിന്റെ ഇടതു ടയര്‍ പൊലിസിന്റെ തോക്കുപയോഗിച്ച് വെടിവച്ചു തകര്‍ത്തു. എ.കെ 56 തോക്കുപയോഗിച്ച് 50 റൗണ്ട് എങ്ങോട്ടോ വെടിവച്ചു. ഈ തോക്ക് കാറിലിട്ടു. ഈ തോക്കാണ് പിന്നീട് ഇവരില്‍നിന്ന് കണ്ടെടുക്കുന്നതെന്നും തമാങ് റിപ്പോര്‍ട്ട് തുടരുന്നു.
കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക കാറും പൊലിസിന്റെ ജിപ്‌സിയും തമ്മിലുള്ള ദൂരം പൊലിസ് തയാറാക്കിയ സീന്‍ മാപ്പ് പ്രകാരം 33 അടിയാണ്. അതിനും പിന്നില്‍ 66 അടിയായിരുന്നു കാറില്‍നിന്ന് പൊലിസുകാര്‍ ഏറ്റുമുട്ടലിന് പൊസിഷനെടുത്ത ദൂരം. എന്നാല്‍ വെടിയേറ്റ പാടുകള്‍ പ്രകാരം ഇത്രയും ദൂരെനിന്നല്ല ഇവര്‍ക്ക് വെടിയേറ്റത്. വെടിയുണ്ട കടന്നുപോയതും പുറത്തേക്കുപോയതുമായ പാടുകളില്‍ നടത്തിയ പരിശോധനയില്‍ ഇതു അടുത്തുപിടിച്ച തോക്കുകൊണ്ടുള്ള വെടിയാണെന്ന് വ്യക്തമായതായി തമാങ് പറയുന്നു. ജൂണ്‍ 12 മുതല്‍ മറ്റുള്ളവര്‍ക്കൊപ്പം പൊലിസിന്റെ കസ്റ്റഡിയിലായിരുന്നു ഇശ്‌റത്ത്. മുംബൈയില്‍ നിന്നുള്ള മുസ്‌ലിമായതിനാല്‍ അവരെ ലഷ്‌കറിന്റെ പ്രവര്‍ത്തകയായി വിശേഷിപ്പിക്കുകയായിരുന്നുവെന്നും തമാങ് ചൂണ്ടിക്കാട്ടുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ അതിന് പിന്തുണ നല്‍കിയവരില്‍ അന്ന് കോണ്‍ഗ്രസ് ഭരണത്തിന് കീഴിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമുണ്ടായിരുന്നു. ഇശ്‌റത്തും കൊല്ലപ്പെട്ട മറ്റുള്ളവരും ലഷ്‌കര്‍ അംഗങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. അന്ന് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉന്നത പദവി വഹിച്ചിരുന്ന രാജേന്ദ്രകുമാറാണ് ഇവരെ കൊലപ്പെടുത്താന്‍ പൊലിസിനെ സഹായിക്കും വിധം ഇശ്‌റത്തും സംഘവും ലഷ്‌കര്‍ ഭീകരരാണെന്ന വ്യാജ ഇന്റലിജന്‍സ് ഇന്‍പുട്ടുണ്ടാക്കിയത്. പിന്നീട് ചിദംബരം ആഭ്യന്തരമന്ത്രിയായതോടെ ഇയാളെ മാറ്റി. കേസില്‍ രാജേന്ദ്രകുമാര്‍ പ്രതിയാവുകയും ചെയ്തു. യു.പി.എ കാലത്തും മോദിക്കായി ഇന്റലിജന്‍സ് നിയന്ത്രിച്ചിരുന്ന രാജേന്ദ്രകുമാര്‍ ആരായിരുന്നുവെന്ന് കൂടി അറിയണം. 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഗുജറാത്ത് തലവനായിരുന്നു രാജേന്ദ്രകുമാര്‍. ഗോധ്ര തീവയ്പ്പ് ഐ.എസ്.ഐ ആസൂത്രണം ചെയ്തതാണെന്ന മോദി സര്‍ക്കാരിന്റെ കള്ളക്കഥ അന്നത്തെ ഡി.ജി.പി കെ. ചക്രവര്‍ത്തിയെക്കൊണ്ട് പറയിച്ചത് രാജേന്ദ്രകുമാറായിരുന്നു. ഗുജറാത്തിലെത്തുന്നതിന് മുന്‍പ് ഛണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് മേഖലയുടെ ഇന്റലിജന്‍സ് ഡയരക്ടറായിരുന്നു രാജേന്ദ്രകുമാര്‍. അന്ന് നരേന്ദ്ര മോദിക്കായിരുന്നു ബി.ജെ.പിയുടെ ഹരിയാന, പഞ്ചാബ് മേഖലകളുടെ ചുമതല.
ആര്‍.എസ്.എസുകാരനായ രാജേന്ദ്രകുമാര്‍ മോദിയുടെ സുഹൃത്തായി. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിതന്നെയാണ് അദ്വാനിയില്‍ സമ്മര്‍ദം ചെലുത്തി എന്‍.ഡി.എ ഭരണകാലത്ത് രാജേന്ദ്രകുമാറിനെ ഗുജറാത്തിലെത്തിക്കുന്നത്. മുഖ്യമന്ത്രിയെ മോദിഭായി എന്നു വിളിക്കുന്ന അടുപ്പം. ഗുജറാത്തില്‍ എ.ഡി.ജിപിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മോദിയ്ക്കു വേണ്ടി രാജേന്ദ്രകുമാര്‍ തയാറാക്കിയ അനവധി കള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. റാസിവ ജാമില്‍ ശൈഖ് എന്ന പാകിസ്താന്‍ യുവാവിനെ ചോദ്യം ചെയ്യലിന്റെ പേരില്‍ ഗുജറാത്തിലെ സുയിഗാം പൊലിസ് സ്‌റ്റേഷനില്‍ 2003 മെയ് 12ന് തല്ലിക്കൊന്നപ്പോള്‍ അതിലുമുണ്ടായിരുന്നു രാജേന്ദ്രകുമാറിന് പങ്ക്. ഇതു സംബന്ധിച്ച് എഫ്.ഐ.ആര്‍ നമ്പര്‍ 004/05 പ്രകാരം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുള്‍െപ്പടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസ് മൂടിവയ്ക്കാന്‍ രാജേന്ദ്രകുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന് അന്ന് കേസന്വേഷിച്ച പൊലിസ് തന്നെ ആരോപിച്ചു. എന്നിട്ടും രാജേന്ദ്രകുമാറിന് യു.പി.എ ഭരണകാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നത പദവികളിലെത്തുന്നതിന് തടസമൊന്നുമുണ്ടായില്ല. രാജേന്ദ്രകുമാര്‍ മാത്രമല്ല, എന്‍.ഡി.എ ഭരണകാലത്ത് അദ്വാനിയുടെയും നരേന്ദ്രമോദിയുടെയും വിശ്വസ്തരായി സുപ്രധാനപദവികളില്‍ കയറിപ്പറ്റിയവര്‍ യു.പി.എ ഭരണകാലത്തും നോര്‍ത്ത് ബ്ലോക്കിന്റെ പ്രിയപ്പെട്ടവരായിരുന്നുവെന്നത് രഹസ്യമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."