HOME
DETAILS
MAL
നന്ദിഗ്രാമിലെ അട്ടിമറിശ്രമം; മമതയുടെ പരാതി തള്ളി
backup
April 05 2021 | 04:04 AM
ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. മമതയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ ഈ മാസം ഒന്നിനുനടന്ന വോട്ടെടുപ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അട്ടിമറിശ്രമം നടത്തിയെന്ന പരാതിയാണ് തള്ളിയത്. പരാതി തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പരാതി അന്വേഷിക്കാന്‍ കമ്മിഷന്‍ പ്രത്യേകനിരീക്ഷകരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചതിനുപിന്നാലെയാണ് കമ്മിഷന്റെ നടപടി.
നന്ദിഗ്രാമിലെ ബോയല്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും ഇവര്‍ക്ക് കേന്ദ്രസേന പിന്തുണ നല്‍കിയെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മമത ഉന്നയിച്ചത്.
എന്നാല്‍ പുറത്തുനിന്നുള്ളവര്‍ പോളിങ് തടസപ്പെടുത്തിയിട്ടില്ലെന്നും തോക്കുകളുമായി ആരും ബൂത്തിലെത്തിയിട്ടില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. ബൂത്തില്‍ വിന്യസിച്ച സി.ആര്‍.പി.എഫ് ഭടന്‍മാര്‍ക്കെതിരായ ആരോപണം സത്യമല്ല.
യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങളാണ് മമതയുടേത്. രാവിലെ മോക്ഡ്രില്‍ നടത്തുമ്പോള്‍ സി.പി.എം, ബി.ജെ.പി, സ്വതന്ത്രന്‍ എന്നിവരുടെ ഏജന്റുമാര്‍ ബൂത്തിലുണ്ടായിരുന്നു. ആ സമയത്ത് തൃണമൂലിന്റെ പ്രതിനിധികളാരും ഉണ്ടായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളും കമ്മിഷന്‍ പരിശോധിച്ചു. അതിലും ആക്രമണം നടന്നതിന് തെളിവ് കണ്ടെത്തിയില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
മമതയും ഏറെക്കാലം അവരുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന മണ്ഡലമെന്ന നിലയ്ക്ക് ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് നന്ദിഗ്രാം. പരാതി നിലവിലുള്ള ബൂത്തിലേക്ക് അവസാനനിമിഷം എത്തിയ മമത പിന്നീട് ബി.ജെ.പി ഗുണ്ടകള്‍ ബൂത്ത് പിടിച്ചെടുത്തെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബൂത്തില്‍ ഇരുന്നുതന്നെ ഗവര്‍ണറെ ഫോണില്‍ പരാതി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."