പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്‍പി ബി.വി ദോഷി അന്തരിച്ചു
അഹമ്മദാബാദ്: പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്‍പിയും 2018ലെ പ്രിറ്റ്‌സ്‌കെര്‍ പ്രൈസ് ജേതാവും നഗര ആസൂത്രകനും വിദ്യാഭ്യാസ വിചക്ഷണനും 2022ലെ റിബ സ്വര്‍ണ മെഡല്‍ ജേതാവുമായ ബാല്‍കൃഷ്ണ വിത്തല്‍ദാസ് ദോഷി (95) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. വാസ്തുവിദ്യയിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കെര്‍ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരം (2018) ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ്. 2022ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റിന്റെ (റിബ) റോയല്‍ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.
70 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഇന്ത്യയിലെ ശ്രദ്ധേയമായ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ബി.വി ദേഷിക്ക് സാധിച്ചു. നൂതനവും അതിമനോഹരവുമായ നിര്‍മാണചാരുതയിലൂടെ ആര്‍കിടെക്ചര്‍ ലോകത്തിന്റെ ദിശനിര്‍ണയിക്കുന്നതില്‍ തന്റെ പങ്ക് അടയാളപ്പെടുത്തിയ ബി.വി ദോഷി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വാസ്തുശില്‍പിയായാണ് പരിഗണിക്കപ്പെടുന്നത്. നഗര ആസൂത്രണം, സോഷ്യല്‍ ഹൗസിങ്, അക്കാദമിക് സേവനങ്ങള്‍ എന്നിവയിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ലോകത്തെമ്പാടുമുള്ള വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."