ത്രിപുര: കോണ്‍ഗ്രസുമായി ഭിന്നത; ഇടതുസ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റി; കോണ്‍ഗ്രസ് പട്ടിക ഇന്ന് പ്രഖ്യാപിക്കും
അഗര്‍ത്തല: ത്രിപുര നിയമസഭയിലേക്ക് മല്‍സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം മാറ്റി. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം റദ്ദാക്കി.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാണ് മല്‍സരിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സീറ്റ് പങ്കിടുന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്താന്‍ സാധിക്കാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്. തിങ്കളാഴ്ച സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിരുന്നു.
കോണ്‍ഗ്രസും സി.പി.എമ്മും നേതൃത്വം നല്‍കുന്ന ജനാധിപത്യ മതേതര മുന്നണിയുമായി സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളേയും സഹകരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ വൈകാന്‍ സാധ്യതയുണ്ട്. സീറ്റ് ധാരണ പൂര്‍ത്തിയാക്കാനായാല്‍ ഇന്ന് രണ്ട് പാര്‍ട്ടികളും മല്‍സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളുടെ പേരും പുറത്തുവിട്ടേക്കുമെന്ന് കരുതുന്നു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും സി.പി.എമ്മും തുല്യശക്തികളാണ്. ഇത്തരം സ്ഥലങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോവാനാവില്ല.
ചര്‍ച്ചകളും സീറ്റ് വിഭജനവും ഏതാണ്ട് പൂര്‍ത്തിയായെന്നും എ.ഐ.സി.സി ഇലക്ഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരജിത് സിന്‍ഹ പറഞ്ഞു. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."