ബാബരി സംരക്ഷിച്ചിരുന്നെങ്കിൽ ഇന്ന് ബി.ജെ.പി ഭരിക്കില്ലായിരുന്നു
സുപ്രഭാതം കോഴിക്കോട് ഹെഡ് ഓഫിസ് സന്ദർശിച്ച മുൻ കേന്ദ്രമന്ത്രിയും നയതന്ത്ര പ്രതിനിധിയും ഗ്രന്ഥകാരനുമായ മണിശങ്കർ അയ്യരുമായി കെ.എ സലിം, അർശദ് തിരുവള്ളൂർ എന്നിവർ നടത്തിയ അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ.
? ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരുന്നു മണിശങ്കർ അയ്യർ. എന്നാലിപ്പോൾ കുറച്ചു മാസങ്ങളായി താങ്കൾ അത്ര സജീവമല്ല?
= നിങ്ങൾ പറഞ്ഞത് ശരിയല്ല, കുറച്ചു മാസങ്ങളായല്ല, കുറെ വർഷങ്ങളായി തന്നെ ഞാൻ രാഷ്ട്രീയത്തിൽ സജീവമല്ല. കോൺഗ്രസ് പാർട്ടി എന്നെ സസ്‌പെൻഡ് ചെയ്തതാണ് ഒരു കാരണം. മറ്റൊരു കാരണം കൊവിഡാണ്. എന്നാലും ആദ്യകാലത്ത് മാധ്യമങ്ങളിലൂടെ സജീവമായിരുന്നു. എനിക്കാണെങ്കിൽ മാധ്യമങ്ങളിലൂടെ സജീവമായിരിക്കണമെന്നൊന്നുമില്ല. കുറച്ചു കാലംകൊണ്ട് മാധ്യമങ്ങൾക്കും എന്നിൽ താൽപര്യം ഇല്ലാതായി.
? ഒന്നിലും സജീവമല്ലാത്ത ഈ സമയത്ത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത പുസ്തകം എഴുതുന്ന തിരക്കിലാണോ?
= ഞാൻ എന്റെ ആത്മകഥയെഴുതിക്കൊണ്ടിരിക്കുകയാണ്. അത് 1500 പേജുള്ളതാണ്. എന്റെ പ്രസാധകർ അത് വായിച്ച് ചുരുക്കാനുള്ള നിർദേശം നൽകിക്കൊണ്ടിരിക്കുകയാണ്. പുസ്തകം ഈ വർഷം ഒക്ടോബറിലോ അടുത്ത വർഷം ഫെബ്രുവരി-മാർച്ചിലോ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
? താങ്കൾ രാജീവ് ഗാന്ധിയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. രാജീവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുമായി താങ്കൾക്ക് അത്ര അടുപ്പമില്ല?
= അത് വളരെ ശരിയാണ്. എന്നാലും അടുത്ത ദിവസങ്ങളിലായി ഞാൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വലിയ സംതൃപ്തി തന്ന കൂടിക്കാഴ്ചയായിരുന്നു അത്. രാഹുലുമായി വർഷങ്ങളായുള്ള അകൽച്ച മാറിവരുന്നുണ്ട്. അങ്ങനെയാണെന്ന് ഞാൻ പ്രതീക്ഷിക്കുകയെങ്കിലും ചെയ്യുന്നു. രാജീവ് ഗാന്ധിയെക്കുറിച്ച് റിമംബറിങ് രാജീവ് എന്ന ഒരു പുസ്തകമേ എഴുതിയിട്ടുള്ളൂ. രാജീവ് ഗാന്ധിയുടെ കുടുംബത്തിന്റെ വാമൊഴി ചരിത്രത്തെക്കുറിച്ചുള്ള നാലു വാള്യം വരുന്ന പുസ്തകം ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്റെ വരാനിരിക്കുന്ന ആത്മകഥയിൽ വലിയൊരു ഭാഗം രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായ ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ളതാണ്. എന്റെ ജീവിതത്തിലെ നിരവധി കാര്യങ്ങൾ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ടുണ്ടായതാണ്. നിരവധി മറ്റു കാര്യങ്ങളും പുസ്തകത്തിലുണ്ടാകും.
? കോൺഗ്രസുമായി ബന്ധപ്പെട്ട് എന്താണ് ഗാന്ധി കുടുംബത്തിൽ യഥാർഥത്തിൽ നടക്കുന്നത്?
= കോൺഗ്രസ് പാർട്ടിയും നേതാക്കളും എല്ലാവരും അംഗീകരിക്കുന്ന ഒരേ ഒരു കുടുംബമാണ് ഇപ്പോഴും ഗാന്ധി കുടുംബം. ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ വേണ്ടെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെടുന്നില്ല. കോൺഗ്രസ് ഭരണഘടനയിലേക്ക് തിരിച്ചുപോകണമെന്നാണ് ജി 23 നേതാക്കൾ ആവശ്യപ്പെടുന്നത്. പ്രധാനമായും അതിലെ മൂന്ന് സുപ്രധാന കാര്യങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. ഒന്നാമത്തേത്, കോൺഗ്രസ് പ്രവർത്തകസമിതിയിൽ 10 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുണ്ടായിരിക്കണം. രണ്ടാമത്തേത്, കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണം. മൂന്നാമത്തേത്, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുനഃസ്ഥാപിക്കണം. ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ തന്നെ കോൺഗ്രസ് ശക്തമാവും. പിന്നെ ആശയപരമായ കാര്യമാണ് ശ്രദ്ധിക്കേണ്ടത്. കുറച്ച് കാലമായി കോൺഗ്രസ് മൃദുഹിന്ദുത്വ പാർട്ടിയായി മാറിയിരിക്കുന്നു. ഇത് തിരുത്തണം. പിന്നീട് സാമ്പത്തിക നയം, വിദേശനയം തുടങ്ങിയവയിൽ വ്യക്തത വരുത്തണം. അത്തരത്തിൽ പാർട്ടിയെ ഒരു ബദലായി വളർത്തുകയാണ് അടുത്ത ഘട്ടം.
? ജി 23 നേതാക്കൾക്ക് ഈ ലക്ഷ്യം നേടാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
= ജി 23 കോൺഗ്രസിന്റെ എതിരാളികളല്ല. ഗാന്ധി കുടുംബത്തിന് എതിരായ സംവിധാനവുമല്ല. അതൊരു വിപ്ലവ വിഭാഗവുമല്ല. നല്ല പരിചയസമ്പത്തുള്ള നേതാക്കളുടെ കൂട്ടമാണത്. മാർച്ച് 16ന് നടന്ന അവരുടെ യോഗത്തിൽ ഞാൻ പങ്കെടുത്തതാണ്. അഞ്ചു മുൻ മുഖ്യമന്ത്രിമാരാണ് ആ യോഗത്തിലുണ്ടായിരുന്നത്. ഏഴു പേർ മുൻ കേന്ദ്രമന്ത്രിമാരായിരുന്നു. ഇത്രയും അനുഭവ സമ്പത്തുള്ള നേതാക്കളെ മുന്നോട്ടുവയ്ക്കാൻ മറ്റേതെങ്കിലും പാർട്ടിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പാർട്ടിക്ക് യുവാക്കൾക്കൊപ്പം അനുഭവസമ്പത്തുള്ളവരെയും ആവശ്യമുണ്ട്.
? താങ്കൾ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന കാലത്തിനിടയിൽ രാജ്യത്ത് നിരവധി കാര്യങ്ങൾ നടന്നു. ബാബരി കേസിൽ വിധിയുണ്ടായി. പൗരത്വ നിയമഭേദഗതി വന്നു. കശ്മിരിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞു?
= ഞങ്ങൾ (കോൺഗ്രസ്) നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ബാബരി മസ്ജിദ് വിഷയം കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ടായി. അത് ഇന്നു രാജ്യത്ത് ഭൂരിപക്ഷമുള്ള വർഗീയശക്തികളെ തുറന്നുവിട്ടു. രാജ്യത്ത് മതേതരത്വം സ്ഥാപിക്കുകയെന്നതായിരിക്കണം കോൺഗ്രസിന്റെ ആദ്യത്തെ ലക്ഷ്യം. രണ്ടാമത്, പാവപ്പെട്ടവർക്ക് മുൻഗണന നൽകുന്ന സാമ്പത്തിക നയത്തിലേക്ക് തിരികെപ്പോകണം. കേരളത്തിലെ യു.ഡി.എഫ് പോലെ തമിഴ്‌നാട്ടിലെ ഡി.എം.കെ സഖ്യം പോലെ രാജ്യമെമ്പാടും മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയാറാകണം.
? ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് ഏറെക്കാലം മുമ്പു തന്നെ കോൺഗ്രസിന്റെ തകർച്ച തുടങ്ങിയെന്ന് താങ്കൾ നിരീക്ഷിച്ചിരുന്നു. ബാബരി തകർത്തത് എങ്ങനെയാണ് കോൺഗ്രസ് തകർച്ചയ്ക്ക് കാരണമായത്?
= ബാബരി മസ്ജിദിന്റെ തകർച്ചായിരുന്നു കോൺഗ്രസ് നേരിട്ട ഏറ്റവും വലിയ അടി. അതിൽ നിന്ന് മോചിതനാവാൻ ഇതുവരെ സാധിച്ചിട്ടില്ല. കോൺഗ്രസ് സർക്കാർ ബാബരി മസ്ജിദ് സംരക്ഷിച്ചിരുന്നെങ്കിൽ ബി.ജെ.പി ഇന്ന് അധികാരത്തിലെത്തുമായിരുന്നില്ല. ബി.ജെ.പിക്ക് വളർച്ചയുണ്ടായത് കോൺഗ്രസ് ബാബരി മസ്ജിദിനെ സംരക്ഷിക്കാൻ തയാറാകാത്തത് കൊണ്ടാണ്.
? താങ്കൾ രാഷ്ട്രീയക്കാരൻ മാത്രമല്ല, നയതന്ത്ര പ്രതിനിധിയും കൂടിയായിരുന്നു. ഉക്രൈൻ-റഷ്യ യുദ്ധത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്. റഷ്യ വീണ്ടും സോവിയറ്റ് യൂനിയനുണ്ടാക്കാനുള്ള നീക്കത്തിലാണോ. എന്താണ് പ്രതിസന്ധിക്ക് പരിഹാരം?
= പരിഹാരം വളരെ ലളിതമാണ്, റഷ്യ അധിനിവേശം അവസാനിപ്പിക്കുക. ഈ അധിനിവേശംകൊണ്ട് രണ്ട് രാജ്യത്തിനും ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല. അധിനിവേശത്തിനു പിന്നിൽ ഇന്ത്യൻ മാധ്യമങ്ങൾ അവഗണിക്കുന്ന വലിയൊരു കഥയുണ്ട്. റഷ്യയുമായി ഏറ്റവും കൂടുതൽ കരയതിർത്തിയുള്ളതും കടലതിർത്തിയുള്ളതുമായ രാജ്യം ഉക്രൈനാണ്. ഉക്രൈനുമായുള്ള സൗഹൃദം റഷ്യക്ക് വളരെ പ്രധാനമാണ്. ഉക്രൈന്റെ കിഴക്കൻ ഭാഗത്തുള്ളവർ റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരാണ്. എന്നാൽ പടിഞ്ഞാറൻ ഉക്രൈനിലുള്ളവർക്ക് പടിഞ്ഞാറൻ രാജ്യങ്ങളോടാണ് താൽപര്യം. റഷ്യയോട് താൽപര്യമുള്ള മുൻ പ്രസിഡന്റിനെ പുറത്താക്കുന്നതിൽ അമേരിക്ക വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉക്രൈൻ ഭരണാധികാരി മികച്ച രാജ്യസ്‌നേഹിയാണെങ്കിലും അത്ര ബുദ്ധിമാനായ ഭരണാധികാരിയല്ല. അദ്ദേഹത്തിന്റെ രാജ്യം ഇപ്പോൾ തകരാൻ കാരണം അദ്ദേഹത്തിന്റെ പിഴവാണ്. റഷ്യയാകട്ടെ നയതന്ത്ര പരിഹാരം കാണുന്നതിന് പകരം ക്രൂരമായ അധിനിവേശം നടത്തി. വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചയിലൂടെ പരിഹാരം തേടിയാൽ റഷ്യയുടെ സുരക്ഷയും ഉക്രൈന്റെ പരമാധികാരവും ഒരു പോലെ സംരക്ഷിക്കപ്പെടും. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി കാലം ഓർക്കണം. സോവിയറ്റ് യൂനിയൻ ക്യൂബയിൽ മിസൈൽ സ്ഥാപിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് കെന്നഡി ആണവാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ക്യൂബയിൽ മിസൈൽ സ്ഥാപിക്കുന്നത് 70 മൈൽ മാത്രം കടലതിർത്തിയുള്ള അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിൽ റഷ്യയുമായി അതിനെക്കാൾ അതിർത്തിയുള്ള ഉക്രൈൻ ശത്രുത പുലർത്തുന്നത് റഷ്യ ഭീഷണിയായി കാണുന്നതിൽ അസാധാരണമായൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."