റാഫേല്‍ കരാര്‍: പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം, കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാര്‍ക്ക് 10 ലക്ഷം യൂറോ(8.6 കോടി രൂപ) പാരിതോഷികമായി നല്‍കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു.
റാഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ഇന്ന് പുറത്തുവന്നെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയണ്ടതല്ലേയെന്നും സുര്‍ജേവാല ചോദിച്ചു.
ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍ (എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2016ല്‍ റാഫേല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് പണം നല്‍കിയത് സംബന്ധിച്ച് വന്‍ക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, ഇത്തരം ചെലവുകള്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ്. നേരത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേന്‍ ഗുപ്ത.
അതേസമയം പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരോ ബിജെപി നേതൃത്തമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."