HOME
DETAILS

ആ കാഴ്ചകള്‍ ഇങ്ങനെയൊക്കെയായിരുന്നു

  
backup
March 27 2022 | 06:03 AM

%e0%b4%86-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86%e0%b4%af%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b5%86


രിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ ആ 21 വയസുകാരന്‍ മക്കയില്‍ വച്ച് ഒരു സ്വപ്‌നം കണ്ടു. താന്‍ അന്തരീക്ഷത്തിലൂടെ പറന്നു പറന്നു നടക്കുന്നു. അവിടെ എന്തൊക്കെയോ കാണുന്നു. ദിവസങ്ങള്‍ക്കു ശേഷം ഈ സ്വപ്‌നം വീണ്ടും കാണുന്നു. പിന്നീട് ഉറക്കം നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അയാള്‍ക്ക്. മനസിനെ വല്ലാതെ മഥിച്ച ആ സംഭവം ശാദുലിയ്യാ സൂഫീവര്യനായ ബുര്‍ഹാനുദ്ദീനോടു പറഞ്ഞു. എല്ലാം ശ്രവിച്ച അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കി. ആ അഭിപ്രായം കൂടി മാനിച്ചു യുവാവ് ഒരു തീരുമാനത്തില്‍ എത്തി. ലോകം ചുറ്റാനിറങ്ങുക. കാണുന്ന കാഴ്ചകള്‍ കുത്തിക്കുറിച്ചു ലോകത്തെ അറിയിക്കുക. അങ്ങനെയാണ് 1304 ഫെബ്രുവരി 24നു മൊറോക്കോയിലെ ടാന്‍ജിയര്‍ ഗ്രാമത്തില്‍ ബത്തൂത്ത കുടുംബത്തില്‍ ജനിച്ച ഇബ്‌നു ബത്തൂത്ത എന്ന മുഹമ്മദുബിന്‍ അബ്ദുല്ലാ അല്‍വലാത്തി അല്‍ തന്‍ജി ബത്തൂത്ത ലോകം ചുറ്റാനിറങ്ങിയത്.


ആധുനിക സംവിധാനങ്ങളോ യാത്രാമാര്‍ഗങ്ങളോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പായ്്ക്കപ്പലിലും ഒട്ടകപ്പുറത്തും കാല്‍നടയായും അലറിയടുക്കുന്ന തിരമാലകളേയും ചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളേയും ചുഴലിക്കാറ്റിനേയും പേമാരികളേയുമൊക്കെ അതിജീവിച്ചു 30 വര്‍ഷംകൊണ്ട് 1,17,000 കി.മീ താണ്ടി. 1325 ജൂണ്‍ 14നു യാത്രതിരിച്ച അദ്ദേഹം ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും സഞ്ചരിച്ചു. എല്ലാ ഭൂഖണ്ഡങ്ങളും ഭൂമിയിലെ ഒട്ടുമുക്കാല്‍ ദ്വീപുകളും ചൈനയും ഇന്ത്യയും ഉള്‍പ്പെടെ അദ്ദേഹം കാണാത്ത രാജ്യങ്ങളും സംസ്‌കാരങ്ങളും കേള്‍ക്കാത്ത ഭാഷകളുമില്ല. യാത്രയിലുടനീളം കണ്ടകാര്യങ്ങളെല്ലാം അദ്ദേഹം കുറിച്ചുവച്ചു. ആ ഗ്രന്ഥമാണ് പില്‍ക്കാലത്തു ലോകപ്രശസ്തമായ 'രിഹ്‌ല'. ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയതുമായ ഗ്രന്ഥം.


71ാം വയസില്‍ മരിക്കുമ്പോള്‍ ഇബ്‌നു ബത്തൂത്ത ഒരു സഞ്ചാരി മാത്രമായിരുന്നില്ല, ലോകത്തെ അറിയപ്പെട്ട ന്യായാധിപനും തത്വജ്ഞാനിയും ഭാഷാപണ്ഡിതനും സൂഫീവര്യനും മതപണ്ഡിതനുമൊക്കെയായിരുന്നു. ഒട്ടേറെ രാജ്യങ്ങളിലെ ന്യായാധിപന്‍, വിശിഷ്ടാതിഥി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി.
വ്യത്യസ്തനും രസികനുമായ സഞ്ചാരി എന്നറിയപ്പെടുന്ന ഇബ്‌നു ബത്തൂത്ത കേരളക്കരയിലുമെത്തി. ഇവിടെ കണ്ട കാര്യങ്ങള്‍ രസകരമായ രീതിയില്‍ അദ്ദേഹം രേഖപ്പെടുത്തി.

വെറ്റിലയും മാമ്പഴവും

നമ്മുടെ നാട്ടിലെ വെറ്റിലയെയും മാമ്പഴത്തെയും അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''ഒരു വള്ളിയിലാണ് വെറ്റില ഉണ്ടാകുന്നത്. മുന്തിരി കൃഷി പോലെയാണ് ഇതിന്റെയും കൃഷി. മുളകൊണ്ടുള്ള പന്തലിട്ടു കൊടുക്കുകയോ തെങ്ങിന്റെ അടുത്തു കൃഷിചെയ്തു അതിന്മേല്‍ പടര്‍ത്തുകയോ ആണ് ചെയ്യുക. കുരുമുളകു പടര്‍ന്നു കയറുന്നതുപോലെ വെറ്റിലച്ചെടിയും പടര്‍ന്നു കയറും. ഇതിനു കായ് ഇല്ല. ഇലകള്‍ക്കു വേണ്ടിയാണ് ഇതു വളര്‍ത്തുന്നത്. മാന്യനായ ഒരാള്‍ വീട്ടില്‍ എത്തിയാല്‍ ഇതില്‍ അഞ്ചെണ്ണം എടുത്തു കൊടുക്കും. അതിനര്‍ഥം വീട്ടിലെത്തിയ ആളെ അങ്ങേയറ്റം ആദരിക്കുന്നുവെന്നാണ്. ഉദ്യോഗസ്ഥന്റെയോ നാട്ടുപ്രമാണിമാരുടേയോ കൈയില്‍ നിന്നും വെറ്റില സ്വീകരിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് അവര്‍ കരുതുന്നത്. ജാതിക്ക പോലെയുള്ള അടക്ക വെട്ടി ചെറിയ കഷണങ്ങളാക്കി വെറ്റില ചേര്‍ത്തു കഴിക്കുന്നു. വെറ്റിലയില്‍ ചുണ്ണാമ്പും പുരട്ടിയാണ് കഴിക്കുക. ഇതിനു 'മുറുക്ക്' എന്നാണ് ഇവര്‍ പറയുക. വായിലെ ദുര്‍ഗന്ധം പോകാനായിട്ടാണത്രെ ഇവര്‍ ഇതു ചവയ്ക്കുന്നത്. വെറ്റില മുറുക്കുന്നവരുടെ ചുണ്ടുകളും വായും ചുവന്നിരിക്കും.


ഇവിടെ സുലഭമായി ലഭിക്കുന്ന ഒന്നാണ് മാമ്പഴം. മാതളനാരകം പോലെയാണെങ്കിലും അതിനേക്കാന്‍ ഇലയും തടിയും ഉണ്ട്. ഇതുണ്ടാകുന്ന മരത്തിനു വലിയ തണല്‍ നല്‍കാനും കഴിവുണ്ട്. ഈന്തക്കുലകള്‍ പോലെ ഇതിന്റെ കുലകളില്‍ ധാരാളം മാങ്ങ കാണാം. പഴുക്കുന്നതിനു മുമ്പ് ഇവയുടെ നിറം പച്ചയായിരിക്കും. ചിലത് ചവര്‍ക്കും. ചിലതു പുളിക്കും. ചിലത് മധുരിക്കും. പഴുത്തതിനു മഞ്ഞനിറമായിരിക്കും. ഇതു ചെറുതായി അരിഞ്ഞു കുരുമുളക്, ഉപ്പ്, ഇഞ്ചി എന്നിവ ചേര്‍ത്തു ഒരുതരം അച്ചാറുണ്ടാക്കുന്നു. ചോറിനോടൊപ്പം കഴിക്കാന്‍ ഇതു നല്ലതാണ്. മാമ്പഴത്തിന്റെ ഉള്ളിലാണ് അതിന്റെ കുരു ഇരിക്കുന്നത്.''

ചക്ക

''ചക്കപ്പഴം ഉണ്ടാകുന്ന ഒരു മരം അവിടെയുണ്ട്. ഈ മരം വളരെ വലുതാകും. ഇതിന്റെ ഇലകള്‍ക്കു ബദാമിന്റെ ഇലയോട് സാമ്യമുണ്ട്. ശാഖയുടെ അറ്റത്തല്ല, തടിയിലാണ് ചക്കയുണ്ടാകുന്നത്. മണ്ണിനോട് ഏറ്റവും അടുത്ത ഭാഗത്തുണ്ടാകുന്ന ചക്കയ്ക്ക് നല്ല സ്വാദുണ്ടെന്നാണ് പറയുന്നത്. തടിയുടെ മുകള്‍ഭാഗത്തേക്കു പോകുംതോറും സ്വാദ് കുറയും. വലിയ ചുരക്കയേക്കാള്‍ വലുപ്പമുണ്ടാകും ചില ചക്കകള്‍ക്ക്. ഇതിന്റെ പുറംതോല്‍ പശുവിന്‍ തോല്‍ പോലെയാണ്. രോമത്തേക്കാള്‍ ശക്തിയുള്ള മുള്ളുകളാണ് ഇതിനു പുറത്തുള്ളത്. മണംകൊണ്ടാണ് ചക്ക പഴുത്തോ എന്നു തിരിച്ചറിയുന്നത്. പഴുത്ത ചക്ക നേരെ രണ്ടായും നാലായും മുറിക്കുന്നു. നൂറും ഇരുന്നൂറും ചുളകളാകും ഒരു ചക്കയില്‍ ഉണ്ടാവുക. മഞ്ഞനിറമുള്ള ചുളകള്‍ക്കരികില്‍ മഞ്ഞനിറമുള്ള നാരുകളും ഉണ്ടാകും. ഈ നാരുകള്‍ ചക്കയെ പൊതിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. കടും മധുരമാണ് ചക്കപ്പഴത്തിന്. ഇത്രയും മധുരമുള്ള മറ്റൊരു സാധനവും ഞാന്‍ അവിടെ കണ്ടില്ല. ഓരോ ചുളയ്ക്കുള്ളിലും ഒരുതരം കായ് പോലെയുള്ള കുരുവുമുണ്ട്. ഇതു മുളപ്പിച്ചാണ് ചക്കമരം ഉണ്ടാക്കുന്നത്. ചക്ക പുഴുങ്ങിയാലും നല്ല സ്വാദാണ്.''

തുഗ്ലക്കിനെ കുറിച്ച്

ചരിത്രത്തില്‍ കൊള്ളരുതാത്തവനായി മുദ്രയടിക്കപ്പെട്ട മുഹമ്മദ് ഷാ തുഗ്ലക്കിനെ കുറിച്ച് ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയതിങ്ങനെ: ''ദാനധര്‍മങ്ങളിലെന്നപോലെ ചോരചിന്തുന്നതിലും മടിയില്ലാത്ത സുല്‍ത്താനായിരുന്നു മുഹമ്മദ് ഷാ തുഗ്ലക്ക്. സുല്‍ത്താന്റെ ദൃഷ്ടിയില്‍പെടുന്ന ദരിദ്രര്‍ക്ക് ഒരിക്കലും വെറുംകൈയോടെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ മഴയില്ലാത്തതു കാരണം രാജ്യമെങ്ങും കടുത്ത ക്ഷാമം നേരിടുകയും വന്‍ വില നല്‍കിയാല്‍പോലും സാധനങ്ങള്‍ ലഭിക്കാതെയും വന്നു. ഈ സമയത്തു ജനങ്ങളെ രക്ഷിക്കാനായി അദ്ദേഹം റേഷന്‍ കാര്‍ഡ് സമ്പ്രദായം ആരംഭിച്ചു. (ഇന്ത്യയില്‍ ആദ്യമായി റേഷന്‍ കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയത് ഒരുപക്ഷേ തുഗ്ലക്ക് ആയിരിക്കാം). ഈ കാര്‍ഡ് കാണിച്ചു ആറുമാസത്തേക്കു ജനങ്ങള്‍ക്കാവശ്യമുള്ള ഗോതമ്പ് സൗജന്യമായി വിതരണം ചെയ്തു. പണക്കാര്‍ക്കും പാവങ്ങള്‍ക്കുമെല്ലാം ഒരുപോലെയായിരുന്നു വിതരണം ചെയ്തിരുന്നത്.''


മറ്റൊരവസരത്തിലും ഇതുപോലെ ക്ഷാമം ഉണ്ടാവുകയും എവിടെ നോക്കിയാലും ദാഹിക്കുന്ന കണ്ണുകളും വിശക്കുന്ന വയറുകളും മാത്രമാണ് കാണാനായതെന്നും വിശപ്പടക്കാനായി മൂന്നു സ്ത്രീകള്‍ കുതിരത്തോല്‍ വേവിച്ചു തിന്നുന്നത് കണ്ടുവെന്നും ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തുന്നു.


''വേവിച്ച കുതിരത്തോല്‍ ചന്തകളില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നു. തുഗ്ലക്കിന്റെ ഏറ്റവും ക്രൂരമായ പ്രവൃത്തികളില്‍ ഒന്നായിരുന്നു തലസ്ഥാനം ഡല്‍ഹിയില്‍ നിന്നു ദൗലത്താബാദിലേക്കു മാറ്റിയത്. സുല്‍ത്താനെ വിമര്‍ശിച്ചുകൊണ്ടു പ്രജകള്‍ നിരന്തരം കത്തുകള്‍ ദര്‍ബാര്‍ ഹാളില്‍ കൊണ്ടിടുക പതിവായിരുന്നു. അതില്‍ അരിശംപൂണ്ട തുഗ്ലക്ക് തലസ്ഥാനത്തെ എല്ലാ കെട്ടിടങ്ങളും ഏറ്റെടുക്കുകയും മൂന്നു ദിവസത്തിനുള്ളില്‍ എല്ലാവരും താമസം മാറണമെന്നു കല്‍പ്പിക്കുകയുമായിരുന്നത്രെ. പോകാത്തവര്‍ക്കു കടുത്ത ശിക്ഷയും അദ്ദേഹം നല്‍കി.''

ഇബ്‌നു ബത്തൂത്ത കണ്ട തപാല്‍ ഓട്ടം

ഇന്ത്യയില്‍ അക്കാലത്ത് രണ്ടു തരത്തിലുള്ള തപാല്‍ വ്യവസ്ഥ ഉണ്ടായിരുന്നതായി ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തുന്നു. കുതിര വഴിയുള്ളതും ആളുകള്‍ കൊണ്ടുപോകുന്നതും. സുല്‍ത്താന്റെ കീഴിലുള്ള പ്രത്യേക കുതിരകള്‍ കൊണ്ടുപോകുന്ന തപാലുകള്‍ ആറുമൈല്‍ ദൂരം വരെയേ പോകൂ. അവിടെ തയാറായി നില്‍ക്കുന്ന പ്രത്യേക വേഷം ധരിച്ച കുതിരക്കാരനെ അവ ഏല്‍പ്പിക്കും. അവര്‍ നല്‍കുന്നതു തിരികെ കൊണ്ടുവരും. അതിനായി പ്രത്യേക സമയവും നിശ്വയിച്ചിട്ടുണ്ട്. നിലത്തു കമ്പുനാട്ടി നിഴല്‍ അടയാളപ്പെടുത്തിയായിരുന്നു സമയം കണ്ടെത്തിയിരുന്നത്. ആളുകള്‍ കൊണ്ടുപോകുന്ന തപാല്‍ ഓരോ നാഴികയ്ക്കുള്ളിലും മൂന്നു സ്ഥലത്തായി ഒരുക്കിയിട്ടുള്ള കാവല്‍പ്പുരകളിലെ ഓട്ടക്കാരെ ഏല്‍പിക്കും. അവിടെ അരയും തലയും മുറുക്കി ഓടാന്‍ തയാറായി നില്‍ക്കുന്ന ഓരോരുത്തരും ഉണ്ടാകും. ഇവരുടെ കൈയില്‍ രണ്ടു മുഴം നീളമുള്ള ഒരു കുന്തം ഉണ്ടാകും. അതിന്റെ അറ്റത്ത് ഒരു ചെറു കിങ്ങിണി കെട്ടിയിരിക്കും. തപാല്‍ കൈയിലേന്തി കുന്തവുമായി ഓട്ടക്കാരന്‍ വരുന്നുണ്ടെന്നു അറിയിക്കാനാണ് ഇങ്ങനെ കിങ്ങിണി കെട്ടിയിരിക്കുന്നത്. ഓരോ സ്ഥലത്തും നില്‍ക്കുന്ന ഓട്ടക്കാരെ ഇതേല്‍പിച്ചു അവര്‍ നല്‍കുന്ന തപാലുമായി മടങ്ങുകയാണ് ഓരോരുത്തരും ചെയ്യുക.
സതി കണ്ട് ബോധമറ്റു വീണു

ഇന്ത്യയിലെ സതിയെക്കുറിച്ചും ഇബ്‌നു ബത്തൂത്ത കുറിച്ചു. മുന്‍കാലങ്ങളില്‍ മരണപ്പെട്ട ബന്ധുക്കളോടു തങ്ങളുടെ അന്വേഷണം അറിയിക്കണമെന്നു ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ പോകുന്ന ഭാര്യമാരോട് പലരും പറഞ്ഞുവിടുന്നത് കാണാനായി. ചിതയില്‍ ചാടി മരിക്കുന്ന വേദനാജനകമായ ഈ കാഴ്ച തനിക്കു കണ്ടുനില്‍ക്കാനായില്ലെന്നും ഒരിക്കല്‍ ഇതു കണ്ടു ബോധക്ഷയം ഉണ്ടായതായും അദ്ദേഹം പറയുന്നു.

കൊല്ലം രാജാവും നിര്‍ഭയമായി സഞ്ചരിക്കാവുന്ന മലബാറും

''കോലം(കൊല്ലം) മുലൈബാറിലെ(മലബാര്‍) ഏറ്റവും ഭംഗിയുള്ള പട്ടണമാണ്. ഇവിടെ വലിയ അങ്ങാടിയുണ്ട്. സുലിബന്‍ എന്ന ജാതിക്കാരായിരുന്നു ഇവിടുത്തെ പ്രധാന വ്യാപാരികള്‍. അവര്‍ വലിയ ധനികരുമായിരുന്നു. കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ നല്‍കിയിരുന്ന രാജാവായിരുന്നു അവിടെ ഭരിച്ചിരുന്നത്. ഒരിക്കല്‍ രാജാവ് തോട്ടത്തില്‍ ഉലാത്തുകയായിരുന്നു. കൂട്ടത്തില്‍ മകളുടെ ഭര്‍ത്താവും ഉണ്ട്. നടത്തത്തിനിടയില്‍ വഴിയില്‍ കിടന്ന ഒരു മാങ്ങ മരുമകന്‍ എടുത്തു. അനുവാദം കൂടാതെ ഇത് എടുത്തതില്‍ കോപിഷ്ഠനായ രാജാവ് മരുമകനെ വധിക്കാന്‍ ആജ്ഞാപിക്കുകയും മൃതദേഹം മാങ്ങയോടൊപ്പം പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ശിക്ഷയുടെ കാഠിന്യം ജനങ്ങളെ കാണിക്കാനായിരുന്നു ഇതു ചെയ്തത്.
സാന്താപ്പൂര്‍ മുതല്‍ കോലം(കൊല്ലം) വരെയുള്ള രാജ്യത്തെയാണ് മുലൈബാര്‍ (മലബാര്‍) എന്നു വിളിച്ചിരുന്നത്. സമുദ്രതീരത്തു കിടക്കുന്ന ഈ രാജ്യത്തിനു രണ്ടു മാസത്തെ യാത്രയുണ്ട്. ഇവിടെയുള്ള എല്ലാ വഴികളിലും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. വഴികളില്‍ ഇടയ്ക്കിടക്കു സത്രങ്ങളും അടുത്ത് ഒരു കിണറും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്കു വെള്ളം കുടിക്കാനായിട്ടായിരുന്നു ഇതു നിര്‍മിച്ചിരുന്നത്. വെള്ളം കൊടുക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു. രണ്ടു മാസത്തെ യാത്രയ്ക്കിടയില്‍ ജനവാസമില്ലാത്തതും കൃഷിയില്ലാത്തതുമായ ഒരിടവും കണ്ടില്ല. വേലി കെട്ടിത്തിരിച്ച തോട്ടങ്ങള്‍ക്കു നടുവിലായിരുന്നു വീടുകള്‍. അധികമാളുകളും നടന്നായിരുന്നു യാത്ര. അടിമകള്‍ ചുമടെടുക്കുന്നതായും കാണപ്പെട്ടു. മുലൈബാറിലെപ്പോലെ നിര്‍ഭയമായി സഞ്ചരിക്കാവുന്ന ഒരു രാജ്യവും ലോകത്ത് മറ്റൊരിടത്തും തനിക്കു കാണാനായില്ല.


മുസ്‌ലിം യോഗി!

മംഗലാപുരത്തു വച്ചു ഒരു മുസ്‌ലിം യോഗിയെ കാണാനിടവന്നു. ഒരിടത്ത് ഒരു വലിയ പീഠം സ്ഥാപിച്ചു അതിനു മുകളിലായിട്ടായിരുന്നു അദ്ദേഹം ഇരിക്കുന്നത്. അനങ്ങാതെ ഒന്നും കഴിക്കാതെ 25 ദിവസത്തോളം അയാള്‍ പീഠത്തിനു മുകളില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. 25 ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് അവിടെനിന്നും പോകേണ്ടിവന്നു. ഈ യോഗിയുടെ കൈയില്‍ അത്ഭുതശക്തിയുള്ള ചില ഗുളികകള്‍ ഉണ്ടെന്നും അതു കഴിച്ചാല്‍ ഏതാനും മാസം ഭക്ഷണമില്ലാതെ ജീവിക്കാനാകുമെന്നുമാണ്് അവിടുത്ത ആളുകള്‍ പറയുന്നത്. അത്രയ്ക്കും ഔഷധവീര്യമുള്ളതാണ് ആ ഗുളിക.
കേരളത്തിന്റെ ഓരോ രാജ്യത്തിന്റെയും അതിര്‍ത്തിക്കു 'രക്ഷാ കവാടം' എന്നാണ് പറയുന്നത്. അതിര്‍ത്തിയില്‍ രാജ്യത്തിന്റെ പേരെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിടും. കുറ്റക്കാര്‍ മറ്റൊരു രാജാവിന്റെ അതിര്‍ത്തിയില്‍ അഭയംതേടിയാല്‍ എത്ര സൈനികശക്തിയുള്ള രാജാവാണെങ്കിലും പിന്നീട് ആ കുറ്റക്കാരനെ പിടിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഏതെങ്കിലും വസ്തുവിന്റെയോ സാധനത്തിന്റെയോ വില്‍പന രാജാവ് നിരോധിക്കുകയാണെങ്കില്‍ ആ സാധനത്തില്‍ ഒരു മരക്കമ്പ് കെട്ടിത്തൂക്കിയിടും. പിന്നീട് അതു വാങ്ങാന്‍ ആരും വരുകയില്ല.

കോഴിക്കോട്
സമാധാനമുള്ള രാജ്യം

ലോകത്തെമ്പാടുമുള്ള യാത്രയില്‍ നിരവധി തവണ അപകടങ്ങളില്‍പ്പെട്ടതും മര്‍ദനം ഏല്‍ക്കേണ്ടിവന്നതും പട്ടിണികിടക്കേണ്ടി വന്നതുമെല്ലാം ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യം കോഴിക്കോടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഹജ്ജ് യാത്രയില്‍ നാലാം ഖലീഫയായ അലിയ്യുബ്‌നു അബീത്വാലിന്റെ ഖബറിടം സന്ദര്‍ശിച്ചത് ഏറെ സന്തോഷത്തോടെയാണ്് ഇബ്‌നു ബത്തൂത്ത വിവരിച്ചിട്ടുള്ളത്. മാലി ദ്വീപു സന്ദര്‍ശിച്ചപ്പോള്‍ അവിടെ ജയിലുകള്‍ കാണാനായില്ല. ചരക്കുകള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളിലെ മരത്തടികളില്‍ ബന്ധിച്ചായിരുന്നു കുറ്റവാളികളെ സൂക്ഷിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago