അവിശ്വാസപ്രമേയം മറികടക്കാൻ തീവ്രശ്രമവുമായി ഇമ്രാൻഖാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇമ്രാനോട് പറഞ്ഞതായി പാക് മന്ത്രി
ഇസ്‌ലാമാബാദ്
നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ അത് മറികടക്കാനായി തീവ്രശ്രമവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കൂറുമാറിയവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടെന്ന സുപ്രിംകോടതി നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഭരണം കൈവിട്ടുപോവാതിരിക്കാനുള്ള നീക്കം ഇമ്രാൻഖാനും അദ്ദേഹത്തിന്റെ തഹ്‌രികെ ഇൻസാഫ് പാർട്ടിയും (പി.ടി.ഐ) ഊർജിതമാക്കിയത്. പി.ടി.ഐയിലെ 24 എം.പിമാർ കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേർന്നതാണ് ഇമ്രാന് കനത്ത തിരിച്ചടിയായത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയിൽ വിജയിക്കാൻ സാധ്യത കൂടുതലാണ്.
രാജ്യത്തെ രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും ചൂണ്ടിക്കാട്ടി ഈമാസം എട്ടിനാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയത്. 342 അംഗ അസംബ്ലിയിൽ 172 പേരുടെ പിന്തുണയാണ് പ്രമേയം പാസാവാൻ വേണ്ടത്. സർക്കാർ വീഴുമെന്ന റിപ്പോർട്ടുകൾക്കിടെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോവാനും പി.ടി.ഐ ശ്രമിക്കുന്നുണ്ട്. കൂടുതൽ സമയം ലഭിക്കുകയാണെങ്കിൽ അതുവഴി വിമത എം.പിമാരെ സ്വന്തം പാളയത്തിലെത്തിക്കാമെന്നാണ് പി.ടി.ഐയുടെ കണക്കുകൂട്ടൽ.അതേസമയം, ഭരണകക്ഷിയുടെ ഭാവി തുലാസിലായിരിക്കെ നേരത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇമ്രാൻഖാന് നിർദേശം നൽകിയതായി പി.ടി.ഐ നേതാവും ആഭ്യന്തരമന്ത്രിയുമായ ശൈഖ് റാഷിദ് പറഞ്ഞു. ദേശീയ അസംബ്ലിയിൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് റാഷിദിന്റെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."