HOME
DETAILS

ഇന്ത്യൻ റിപബ്ലിക്ക് നേരിടുന്ന വെല്ലുവിളികൾ

  
backup
January 26 2023 | 04:01 AM

5635163-125

എസ്.എ അജിംസ്


'ഒരു ഭരണഘടന എത്ര നല്ലതായിരുന്നാലും അത് നടപ്പിലാക്കുന്നവര്‍ മോശമായാല്‍ മോശം ഫലമേ ഉണ്ടാവൂ. ഒരു ഭരണഘടന എത്ര മോശമായിരുന്നാലും അത് നടപ്പാക്കുന്നത് നല്ല ആളുകളാണെങ്കില്‍ അത് നല്ല ഫലമുണ്ടാക്കും'. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഭരണഘടനാ ശില്‍പി അംബേദ്കര്‍ നടത്തിയ അവസാന പ്രസംഗത്തിലേതാണ് ഈ വരികള്‍.
ഇന്ത്യ എന്ന റിപബ്ലിക്കിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു മേല്‍ ഭരണഘടനയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച അംബേദ്കര്‍ അത് ജീവനില്ലാത്ത അക്ഷരങ്ങളായി മാറുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ റിപബ്ലിക് മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍ അംബേദ്കര്‍ ആശങ്കപ്പെട്ടതിന് വ്യത്യസ്തമായ പ്രതിസന്ധിയാണ് നേരിടുന്നത്.


'ഒരു ജനാധിപത്യ സമൂഹത്തില്‍ അടിസ്ഥാന ഘടന എന്നുപറയുന്നത് ജനങ്ങളുടെ ആധിപത്യമാണ്. പാര്‍ലമെന്റിന്റെ അപ്രമാദിത്വമാണ്. എക്‌സിക്യൂട്ടീവ് ഉന്നതിപ്രാപിക്കുന്നത് പാര്‍ലമെന്റിന്റെ പരമാധികാരത്തിലാണ്. സമ്പൂര്‍ണമായ പരമാധികാരം നിയമനിര്‍മാണ സഭക്കാണ്. മറ്റു ഭരണഘടനാ സ്ഥാപനങ്ങളില്‍ ആരിരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ സ്ഥാനത്തിരിക്കണം. മറ്റുള്ളവയിലേക്ക് കടന്നു കയറരുത്'. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന്റെ വാക്കുകളാണിത്. ഒറ്റ വായനയില്‍ ശരിയെന്ന് തോന്നുന്ന, എന്നാല്‍ പറഞ്ഞതിന്റെ പശ്ചാത്തലം മനസിലാക്കിയാല്‍ അപകടകരമെന്ന് മനസിലാവുന്ന വാക്കുകള്‍. സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കൊളീജിയവും കേന്ദ്ര സര്‍ക്കാരും പോര് തുടരുന്നതിനിടെ എരിതീയില്‍ എണ്ണ പകരുകയാണ് ഈ വ്യാഖ്യാനത്തിലൂടെ ഉപരാഷ്ട്രപതി.


എന്താണ് പാര്‍ലമെന്റിന്റെ പരമാധിപത്യം? ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായമാണ് രാജ്യത്തിന്റെ ഭരണഘടനയുടെ അന്തഃസത്തയെക്കാള്‍ പരമപ്രധാനം. നിലവില്‍ സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം സുതാര്യമോ ജനാധിപത്യപരമോ അല്ലെന്ന് വിമര്‍ശിക്കുക, അതിന് മുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ ഭൂരിപക്ഷാഭിപ്രായത്തെ സ്ഥാപിക്കുന്നതിലൂടെ സുപ്രിംകോടതി കൊളീജിയത്തിന് മുകളിലല്ല, ഭരണഘടനക്ക് മുകളില്‍ പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായത്തെ സ്ഥാപിക്കുകയാണ് ജഗ്ദീപ് ധന്‍ഘഡ്. ഭരണഘടനയെ നോക്കുകുത്തിയാക്കി ജനാധിപത്യ സംവിധാനത്തെ മജോറിറ്റേറിയന്‍ സംവിധാനമാക്കി പരിവര്‍ത്തിപ്പിക്കുന്നു. അംബേദ്കര്‍ ആശങ്കപ്പെട്ടതിനേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷം.


ജനാധിപത്യത്തില്‍ ഏതുഭരണഘടനാ സ്ഥാപനത്തിനാണ് പരമാധികാരവും അപ്രമാദിത്വവും? ജുഡിഷ്യറിക്കോ എക്‌സിക്യൂട്ടിവിനോ അതോ പാര്‍ലമെന്റിനോ? 'ഇവക്കൊന്നിനുമല്ല, ഭരണഘടനക്കാണ് അപ്രമാദിത്വം'. സുപ്രിംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ അസന്ദിഗ്ധമായി പറയുന്നു. പാര്‍ലമെന്റ് പാസാക്കുന്ന നിയമം ഭരണഘടനാപരമാണോ, ഒരു ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ ആരാണ് പരിശോധിക്കേണ്ടത് ? ഭരണഘടന അതിനുള്ള അധികാരം നല്‍കുന്നത് ജുഡിഷ്യറിക്കാണ്. അപ്പോള്‍ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമനിര്‍മാണം, അത് പാര്‍ലമെന്റ് ഐകകണ്‌ഠേന പാസാക്കിയതായാലും നേരിയ ഭൂരിപക്ഷത്തില്‍ പാസാക്കിയതായാലും ഭരണഘടനാ വിരുദ്ധമെന്ന് കണ്ടാല്‍ അത് റദ്ദാക്കാന്‍ ജുഡിഷ്യറിക്ക് അധികാരമുണ്ട്.


സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് പാസാക്കിയ നാഷനല്‍ ജുഡിഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മിഷന്‍ ആക്ട് റദ്ദാക്കി നിലവിലുണ്ടായിരുന്ന കൊളീജിയം സംവിധാനം തുടരാനുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ 2015ലെ വിധിയാണ് തര്‍ക്കങ്ങളുടെ കേന്ദ്ര ബിന്ദു. സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഭരണഘടന പറയുന്നത് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഉപദേശം കേട്ട് രാഷ്ട്രപതിയാണ് നിയമനം നടത്തേണ്ടത് എന്നാണ്. അതായത്, ചീഫ് ജസ്റ്റിസിന്റെ നിയമനത്തിലൊഴികെ ചീഫ് ജസ്റ്റിസിന്റെ ഉപദേശം കേട്ട് എക്‌സിക്യൂട്ടീവ് നിയമനം നടത്തണം. ഭരണഘടനയുടെ ഈ നിര്‍ദേശം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലാണ്. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഈ സ്വാതന്ത്ര്യം പരമപ്രധാനവുമാണ്. അമേരിക്കയില്‍ എക്‌സിക്യൂട്ടീവാണ്, അഥവാ പ്രസിഡന്റാണ് ജഡ്ജിമാരെ നിയമിക്കുന്നത്. ബ്രിട്ടനില്‍ വര്‍ഷങ്ങളായി ജുഡിഷ്യല്‍ നിയമന കമ്മിഷനാണ് ചുമതല. ഇവിടെയൊക്കെ ആവാമെങ്കില്‍ ഇന്ത്യയിലായിക്കൂടെ എന്ന ചോദ്യമുയരാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞവരായിരുന്നു ഭരണഘടനാ ശില്‍പികള്‍ എന്നതിന്റെ ഉത്തമോദാഹരണമാണ് ഭരണഘടന ജുഡിഷ്യറിക്ക് നല്‍കുന്ന സ്വാതന്ത്ര്യം.
എക്‌സിക്യൂട്ടീവിന്റെ ഹിതം ജുഡിഷ്യറിയില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയിലാദ്യമായല്ല, നെഹ്‌റുവിന്റെ കാലത്തും അതുണ്ടായിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് രാജ്യം ആദ്യമായി നടത്തിയ ഭരണഘടനാ ഭേദഗതിക്ക് കാരണമായ ഓര്‍ഗനൈസര്‍, ക്രോസ്‌റോഡ് കേസില്‍ നെഹ്‌റു ഭരണകൂടത്തിന് എതിരായിരുന്നു സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി.


അഞ്ച് ജഡ്ജിമാര്‍ നെഹ്‌റുവിന് എതിരായ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് സയ്യിദ് ഫസല്‍ അലി സര്‍ക്കാരിനനുകൂലമായി വിധിയെഴുതി. കോടതിയില്‍ തിരിച്ചടിയേറ്റ നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യം അപരിമേയമല്ലാതാക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ആദ്യ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എച്ച്.ജെ കനിയ പദവിയിലിരിക്കെ മരിച്ചപ്പോള്‍ സീനിയറായ ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയാണ് ചീഫ് ജസ്റ്റിസ് ആവേണ്ടിയിരുന്നത്. നെഹ്‌റു അതിനെ ശക്തമായി എതിര്‍ത്തു. സുപ്രിംകോടതിയിലെ അഞ്ച് ജഡ്ജിമാരും രാജി ഭീഷണി മുഴക്കിയപ്പോഴാണ് നെഹ്‌റു വഴങ്ങിയത്. ഇന്ദിരാഗാന്ധിയും സുപ്രിംകോടതിയും തമ്മിലുണ്ടായിരുന്ന പോരും വിധേയത്വവും അടിയന്തിരാവസ്ഥയും കടന്ന് ഇന്ത്യന്‍ ജനാധിപത്യം പിന്നെയും വളര്‍ച്ച പ്രാപിച്ചു.


നെഹ്‌റുവിലോ ഇന്ദിരയിലോ മുരടിച്ചു പോയില്ല ഇന്ത്യന്‍ ജനാധിപത്യം. അത് സ്വാഭാവികമായി നേടിയ വളര്‍ച്ചയുടെ ഭാഗം തന്നെയാണ് സുപ്രിംകോടതി സ്വീകരിച്ച കൊളീജിയം സംവിധാനം. തെറ്റുകുറ്റങ്ങളില്ലാത്തതോ സുതാര്യമോ അല്ല കൊളീജിയം സംവിധാനമെന്ന വിമര്‍ശനം നിലനില്‍ക്കുന്നതോടൊപ്പം തന്നെ, ആ സംവിധാനം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന് നല്‍കുന്ന സംഭാവന കാണാതിരുന്നു കൂടാ. കൊളീജിയം സംവിധാനം ഭരണഘടനയുടെ പിന്തുണയില്ലാത്തതാണെന്നത് ശരി. അത് സുതാര്യമാവേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കൊളീജിയത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് സുതാര്യത കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. ഡല്‍ഹി, മദ്രാസ്, ബോംബെ, കല്‍ക്കത്ത ഹൈക്കോടതികളിലെ ജഡ്ജിമാരായി ചില സീനിയര്‍ അഭിഭാഷകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ തര്‍ക്കം.
കിരണ്‍ റിജിജു കൊളീജിയം സംവിധാനത്തിനെതിനെരേയാണ് ശബ്ദമുയര്‍ത്തുന്നതെങ്കിലും ഇതിനോടുള്ള കൊളീജിയത്തിന്റെ പ്രതികരണം ചില ഗൗരവമുള്ള യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സൗരഭ് കൃപാലിന്റെ പേര് ഡല്‍ഹി ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്യുന്നത് 2017ലാണ്. അന്നത്തെ കൊളീജിയം മൂന്ന് തവണ അദ്ദേഹത്തിന്റെ പേര് കേന്ദ്ര സര്‍ക്കാരിനയക്കാതെ നീട്ടിവച്ചു. ആ കാലഘട്ടത്തിലെ ചീഫ് ജസ്റ്റിസുമാര്‍ ആരെല്ലാമായിരുന്നുവെന്നോര്‍ത്തു നോക്കുക. ഒരാള്‍ ഇപ്പോള്‍ രാജ്യസഭയിലുമിരിപ്പുണ്ട്.
2021 നവംബറിലാണ് ഒടുവില്‍ സൗരഭ് കൃപാലിന്റെ പേര് സുപ്രിംകോടതി കൊളീജിയം കേന്ദ്രത്തിനയക്കുന്നത്. എന്തുകൊണ്ടാണ് മൂന്ന് തവണ കൊളീജിയം സൗരവ് കൃപാലിന്റെ പേര് കേന്ദ്രത്തിനയക്കാതിരുന്നതെന്ന കാര്യം അജ്ഞാതമായിരുന്നു. എന്നാല്‍, എന്താണ് കാരണമെന്ന് ഇപ്പോള്‍ കൊളീജിയം തന്നെ വ്യക്തമാക്കുന്നു. സൗരഭ് കൃപാലിനെ കുറിച്ച് രണ്ട് കത്തുകള്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) 2019ലും 2021 ഏപ്രിലിലും കേന്ദ്രത്തിനയക്കുന്നു. ഈ കത്ത് കൊളീജിയത്തിന് കൈമാറിയിരുന്നോ എന്നറിയില്ല. 2021 നവംബറില്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിനയച്ച ശേഷം ആ ഫയലില്‍ കേന്ദ്രം അടയിരുന്നു. 2022 നവംബര്‍ 25ന് ഈ കത്തുകള്‍ സഹിതം സൗരഭ് കൃപാലിന്റെ ഫയല്‍ കൊളിജിയത്തിന് മടക്കിയയച്ചു.


ഈ കത്തിലെന്താണെന്ന് കൊളീജിയം തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സൗരഭ് കൃപാല്‍ സ്വവര്‍ഗാനുരാഗിയാണ്. അദ്ദേഹത്തിന്റെ പങ്കാളി സ്വിസ് പൗരനാണ്. ഈ രണ്ടു കാരണങ്ങള്‍ പ്രഗല്‍ഭനായ ഒരു അഭിഭാഷകനെ ജഡ്ജിയാക്കാതിരിക്കാനുള്ള കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയ കൊളീജിയം പ്രമേയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു പ്രമേയം പരസ്യപ്പെടുത്തുന്നത്.


മദ്രാസ് ഹൈക്കോടതിയിലക്ക് ജോണ്‍ സത്യന്‍ എന്ന അഭിഭാഷകനെ ജഡ്ജിയായി നിയമിക്കുന്നതിനും കേന്ദ്രം ഉടക്കിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ ഷെയര്‍ ചെയ്തതാണ് ജോണ്‍ സത്യന്റെ അയോഗ്യത.
കൊളീജിയം തന്നെ ശിപാര്‍ശ ചെയ്ത മറ്റൊരു പേര് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയും മഹിളാ മോര്‍ച്ചയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വിക്ടോറിയ ഗൗരിയുടേതാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തക ജഡ്ജിയാവുന്നതില്‍ കൊളീജിയവും പ്രശ്‌നം കാണുന്നില്ല. അതോ കണ്ടില്ലെന്ന് നടിക്കുന്നതോ, അറിയില്ല. കേന്ദ്രത്തിനും അതില്‍ പ്രശ്‌നമില്ല. സുതാര്യതയോടെ കൊളീജിയം സംവിധാനം നിലനില്‍ക്കേണ്ടത് ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മുകളിലെ ഉദാഹരണങ്ങളില്‍ നിന്ന് മനസിലാക്കാം.
ഭരണഘടനയെ മുന്നില്‍ നിര്‍ത്തി തന്നെ അതിനെ അട്ടിമറിക്കുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയുമാണ് മോദി ഭരണകൂടം ചെയ്യുന്നത്. ഘടനാപരമായി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിന് വഴങ്ങിയാല്‍ അര്‍ധജനാധിപത്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭാവി ഇരുളില്‍ തന്നെയാകും. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു ചെറുവെട്ടമെങ്കിലു പൗരന്‍ പ്രതീക്ഷിക്കുന്ന ജുഡിഷ്യറി കൂടി കൂരിരുട്ടിലായിപ്പോകും. ഈ റിപബ്ലിക് തന്നെ അപകടത്തിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago