HOME
DETAILS

മാറ്റം കൊതിച്ച് ഇസ്‌റാഈല്‍

  
backup
April 07 2021 | 04:04 AM

6545341653-2

 


ലോകത്തെ ഏക ജൂതരാഷ്ട്രമായ ഇസ്‌റാഈലില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നെതന്യാഹുവിനു വലിയ തിരിച്ചടിയായി. 2009 മുതല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ ജനങ്ങള്‍ക്ക് മടുത്തിരുന്നു. ഇസ്‌റാഈല്‍ ജനത ആഗ്രഹിക്കുന്നതുപോലെ ഇനി എതിര്‍പക്ഷം ഭരണമേറ്റെടുത്തേക്കാം. ഇക്കുറി തീവ്രവലതിനെ പുറത്തിരുത്തി മധ്യവലതുപക്ഷമായിരിക്കും അധികാരമേറ്റെടുക്കുക. ഇസ്‌റാഈലില്‍ രണ്ട് വര്‍ഷത്തിനിടെ നടന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഭരണപക്ഷത്തെ നിയന്ത്രിച്ചിരുന്ന ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള നെതന്യാഹു ചെറുകക്ഷികളെയും തീവ്രയാഥാസ്ഥിതികരായ പാര്‍ട്ടികളെയും കൂടെക്കൂട്ടി ഭരണം നിലനിര്‍ത്താന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഭൂരിപക്ഷമുണ്ടാക്കാനായില്ല. നെതന്യാഹു വിരുദ്ധ മുന്നണിയായിരിക്കും ഇനി ഇസ്‌റാഈല്‍ ഭരിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിനെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അസ്തിത്വ പ്രതിസന്ധിയുള്ളതിനാല്‍ പതിവുപോലെ വിവിധ കക്ഷികള്‍ മര്‍മ്മപ്രധാനമായ വിഷയങ്ങള്‍ ഉയര്‍ത്താതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.


ഇസ്‌റാഈലില്‍ 36ാം ഭരണകൂടത്തിനുവേണ്ടി 120 അംഗ പാര്‍ലമെന്റിലേക്ക് 39 പാര്‍ട്ടികളാണ് മത്സരിച്ചത്. ഭൂരിപക്ഷം നേടാന്‍ ഒരു കക്ഷിക്ക് 61 സീറ്റെങ്കിലും വേണമായിരുന്നു. നാളിതുവരെയും കൂട്ടുകക്ഷിഭരണമാണ് അധികാരത്തില്‍ വന്നിട്ടുള്ളത്. ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ഇന്നുവരെ ആര്‍ക്കും ഒറ്റയ്ക്ക് അത് നേടാനായിട്ടില്ലെന്നത് പോലെ ഇക്കുറിയും അതുണ്ടായില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടി 37 സീറ്റില്‍നിന്ന് 30 ആയി കുറഞ്ഞു. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് അധികാരപങ്കാളിത്തം വാഗ്ദാനം നല്‍കി പിന്തുണ തേടുകയായിരുന്നു. ഇക്കുറി നെതന്യാഹു പാളയത്തിലെ ഷാസ്, യു.ടി.ജെ, റിലീജ്യസ് സിയോണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് 52 സീറ്റുകളാണ് നേടിയത്. ലിക്കുഡ് പാര്‍ട്ടിയോടോപ്പം ചില തീവ്രവലതുപക്ഷ പാര്‍ട്ടികളെ കൂടി അണിനിരത്തിയാണ് കഴിഞ്ഞ തവണ ഭരണം നേടിയത്. എന്നാല്‍, എന്നും നെതന്യാഹുവിനെ പിന്തുണക്കുന്ന ചില തീവ്രയാഥാസ്ഥിതിക പാര്‍ട്ടികളുടെ പിന്തുണ ഇക്കുറിയുണ്ടായില്ലെന്ന് മാത്രമല്ല, പഴയ ചില കൂട്ടുകക്ഷികളും എതിരേ തിരിയുകയായിരുന്നു.

ഭരണത്തിലേറാന്‍
മധ്യവലതുപക്ഷം


നെതന്യാഹുവിനെ പുറത്താക്കാന്‍ വ്രതമെടുത്ത് ഗോദക്കു മുന്നില്‍നിന്ന പ്രധാന നേതൃത്വം മധ്യവലതുപക്ഷത്തെ യേഷ് ആറ്റിഡ് പാര്‍ട്ടിയും സഖ്യകക്ഷികളുമായിരുന്നു. വീക്ഷണ വ്യതിയാനങ്ങളോടെ എതിര്‍പക്ഷത്ത് നിലകൊള്ളുന്ന മധ്യമപാര്‍ട്ടിയായ യേഷ് ആറ്റിഡിനെ നയിക്കുന്നത് പ്രഗത്ഭനായ യൈര്‍ ലാപിഡാണ്. യേഷ് ആറ്റിഡിന് ഇത്തവണ 17 സീറ്റുകളാണ് ലഭിച്ചത്. കൂടെയുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് എട്ടും യിസ്രായേല്‍ ബെയ്തനു, ലാബര്‍ എന്നീ പാര്‍ട്ടികള്‍ക്ക് ഏഴും ലാബര്‍, ന്യൂ ഹോപ്പ് അറബ് ജോയിന്റ് ലിസ്റ്റ്, മെറേറ്റ്‌സ് എന്നീ പാര്‍ട്ടികള്‍ക്ക് ആറു വീതവും ചേര്‍ത്ത് 57 സീറ്റുകളാണ് യൈര്‍ ലാപ്പിഡിന്റെ നേതൃത്വത്തില്‍ ഏകീകരിച്ചത്. നേരത്തെ നെതന്യാഹു പാളയത്തിലുണ്ടായിരുന്ന ഏഴുസീറ്റുകള്‍ ലഭിച്ച യാമിന പാര്‍ട്ടിയെയോ നാലു സീറ്റുകള്‍ ലഭിച്ച അറബ് - ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയെയോ കൂടെനിര്‍ത്തി ഏറ്റവും വലിയ കക്ഷിയാക്കി അധികാരം നേടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യൈര്‍ ലാപിഡ്. എല്ലാ രാഷ്ട്രീയസമവാക്യങ്ങളും തെറ്റിക്കുന്ന തരത്തിലേക്കാണ് ഇക്കുറി അധികാര പങ്കാളിത്തമുണ്ടാകുന്നത്.
ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച് ഭരണകക്ഷിയിലുണ്ടായ അഭിപ്രായഭിന്നതയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിച്ചത്. ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ പേറിയാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞതവണ സര്‍ക്കാരുണ്ടാക്കുമ്പോഴുള്ള ധാരണകള്‍ ലംഘിച്ചതാണതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാന സഖ്യകക്ഷിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 18 മാസത്തിനുശേഷം പ്രധാനമന്ത്രി പദവി ഒഴിഞ്ഞുകൊടുക്കണമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു അധികാരമേറ്റത്. എന്നാല്‍, ആ വ്യവസ്ഥയില്‍നിന്ന് ഒഴിഞ്ഞ് മാറാനുള്ള ആസൂത്രിതമായ മലക്കംമറിച്ചിലാണ് പിന്നീട് കണ്ടത്. നെതന്യാഹു ഭരണകൂടം രാജ്യത്ത് കൊവിഡ് എന്ന മാഹാമാരിയെ പ്രതിരോധിക്കുന്നതിനിടെ വാക്‌സിനുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നും അതുകൊണ്ടുതന്നെ വാക്‌സിനേഷന്‍ കാംപയില്‍ പരാജയപ്പെട്ടുവെന്ന ആരോപണവും സര്‍ക്കാര്‍വിരുദ്ധ പോരാട്ടങ്ങളില്‍ ശക്തമായിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തത്, വെസ്റ്റ് ബാങ്കിലെ ജൂത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അലംഭാവം തുടങ്ങിയവയും പ്രതിപക്ഷവും ഉയര്‍ത്തി. അതിനിടെയാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സ്ത്രീകള്‍ സ്വന്തമായ അവകാശമുള്ള മൃഗങ്ങളാണെന്ന് നെതന്യാഹു പരാമര്‍ശിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന്റെ ഗ്രാഫ് താഴോട്ടുപോകാനും കാരണമായി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭിന്നിപ്പും മുന്‍പ് പിന്തുണച്ച വലതുപക്ഷ പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞതും അഴിമതി ആരോപണം, സ്വജനപക്ഷപാതം എന്നിവയെല്ലാം തകര്‍ച്ചയ്ക്കു കാരണമായി.

അടിസ്ഥാന വിഷയങ്ങളില്‍നിന്ന്
ഒളിച്ചോടി


രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉയര്‍ത്തേണ്ട പ്രധാന വിഷയങ്ങളില്‍നിന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒളിച്ചോടിയെന്ന വിലയിരുത്തലുകളുണ്ട്. ഇസ്‌റാഈല്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരേണ്ട സുപ്രധാന വിഷയങ്ങള്‍ ഒരു പാര്‍ട്ടിയും ഇന്നുവരെയും ഉയര്‍ത്തിയില്ലെന്നത് വിചിത്രമായി തോന്നേണ്ടതില്ല. കാരണം, അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നവയാണ്. ഫലസ്തീനുമായി ബന്ധപ്പെട്ട അതിര്‍ത്തി വിഷയങ്ങള്‍, ഫലസ്തീന്‍ എന്ന രാജ്യത്തുനിന്ന് ഇസ്‌റാഈല്‍ കീഴടക്കിയ പ്രദേശങ്ങള്‍, ഇപ്പോഴും രാജ്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, രാജ്യത്തിനെതിരേ അന്താരാഷ്ട്ര കോടതിയിലുള്ള വിഷയങ്ങള്‍ എന്നിവയും കോടതിയലക്ഷ്യവും ദ്വിരാഷ്ട്രപദവിയും ബൈഡന്‍ സര്‍ക്കാരിനോടുള്ള വിദേശനയത്തിലെ ഭിന്നതയും ഒരു പാര്‍ട്ടിക്കും മുഖ്യവിഷയങ്ങളായില്ല. എന്നാല്‍, വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണകൂടത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ രാജ്യത്തിന്റെ വര്‍ത്തമാന ചിത്രം വ്യക്തമാക്കുന്നവയായിരുന്നു. ഉന്നതങ്ങള്‍ക്ക് പങ്കുണ്ടെന്ന് പരക്കെ ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രി അകപ്പെട്ടിട്ടുള്ള അഴിമതിയാകട്ടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന വലിയ സൂചന നല്‍കി. വിശ്വാസവഞ്ചന, തട്ടിപ്പ്, അഴിമതി തുടങ്ങി സുപ്രധാനമായ മൂന്നു കേസുകളിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. അത്തരം വിഷയങ്ങള്‍ക്കുപകരം എതിര്‍പക്ഷം പോലും പ്രധാനമന്ത്രിയെ പുറത്താക്കി അധികാരം കൈക്കലാക്കണം എന്ന ഒറ്റ പദ്ധതിയിലാണ് പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചത്.

പ്രതിഷേധവുമായി ജനങ്ങള്‍


കഴിഞ്ഞ 12 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന നെതന്യാഹുവിനെതിരേ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാണ്. ഭരണവിരുദ്ധവികാരം ഉയര്‍ത്തുന്ന പ്രതിഷേധങ്ങളില്‍ അനുദിനം പങ്കാളിത്തം ഏറിവന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നഗ്ന പ്രതിമ ടെല്‍ അവീവ് നഗരത്തിലെ ഹബിമ ചത്വരത്തില്‍ പ്രത്യക്ഷപ്പെട്ടത് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു. ഒരു മതിലിനു പിറകില്‍ ഒളിക്കുന്നതായിട്ടാണ് പ്രതിമയെ കണ്ടത്. പ്രതിമ സ്ഥാപിച്ചവര്‍ക്കെതിരേ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായില്ല. ഇസ്‌റാഈല്‍ ഭരണം കയ്യാളുന്ന നെതന്യാഹു അധികാരം വിട്ടൊഴിയണമെന്ന് യുവജനങ്ങളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിനുവേണ്ടി പി.ആര്‍ കമ്പനികള്‍ പ്രചാരണത്തിനിറങ്ങി. യുവാക്കള്‍ പ്രതിഷേധങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഭരണകൂടത്തിനെതിരായ വികാരം പ്രകടിപ്പിച്ചു. വലതുപാളയങ്ങള്‍ തന്നെ നെതന്യാഹുവിനെതിരേ വരുന്നുവെന്നതാണു പതിവിനു വിപരീതമായി ഇത്തവണ കണ്ടത്. അത് അദ്ദേഹത്തിന് വലിയ പരീക്ഷണമായി. രാജ്യത്ത് ആദര്‍ശത്തിനും മൂല്യങ്ങള്‍ക്കും പകരം മുഖസ്തുതി പാടലും ചര്‍വിത ചര്‍വണങ്ങളിലുമാണ് ഭരണകൂട പാര്‍ട്ടികള്‍ക്ക് ശ്രദ്ധയെന്ന് പറഞ്ഞാണ് ജിയോഡന്‍ സറിന്റെ ന്യൂഹോപ്പ് പാര്‍ട്ടി വലതുപക്ഷ സഖ്യത്തില്‍നിന്ന് പിരിഞ്ഞത്. പാര്‍ട്ടിയെ സ്വകാര്യസ്വത്താക്കി കൊണ്ടുനടക്കുകയാണെന്നും സ്വന്തം ഇഷ്ടാനുസാരം പ്രവര്‍ത്തിക്കുകയാണെന്നുമുള്ള ആക്ഷേപവും നെതന്യാഹുവിന് വിനയായി.
പുതിയ മുന്നണി സമവാക്യങ്ങള്‍ ആദര്‍ശത്തേക്കാള്‍ അധികാരത്തിനാണ് വിലകല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. വംശീയതയ്ക്കും വിഭാഗീയ രാഷ്ട്രീയത്തിനും കേളികേട്ട, ഫലസ്തീന്‍ കുഞ്ഞുങ്ങളോട് പോലും ക്രൂരതകാണിക്കുന്ന ഇസ്‌റാഈലില്‍ പുതിയ ഭരണസാരഥ്യത്തിനു അടിസ്ഥാനപരമായി മാറ്റമുണ്ടാക്കാനാകുമോ എന്നതാണ് പ്രധാനം. ജൂതായിസത്തിനുപുറമേയുള്ള അറബ് വംശജരോട് തൊട്ടുകൂടായ്മയുള്ള കക്ഷികള്‍ക്ക് പക്ഷേ അധികാരം നിലനിര്‍ത്താന്‍ അറബികള്‍ കൂടി ആവശ്യമായിവന്നിരിക്കുന്നു. അതിനാല്‍, ചില കക്ഷികളെങ്കിലും ഈ തൊട്ടുകൂടായ്മ തല്‍ക്കാലം കണ്ണടച്ചേ മതിയാകൂ. അമേരിക്കയെ ചേര്‍ത്തുനിര്‍ത്തി ഗള്‍ഫ് രാജ്യങ്ങളിലേക്കും അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും വികസിപ്പിച്ചതായിരുന്നു നെതന്യാഹുവിന്റെ വിദേശനയം. വെറുപ്പ് ഉല്‍പ്പാദിപ്പിച്ച് വിദേശനയത്തില്‍ വിസ്‌ഫോടനമായ മാറ്റമുണ്ടാക്കിയ അദ്ദേഹത്തിനെക്കാള്‍ പുതിയ ഭരണനേതൃത്വത്തിനു എന്ത് ചെയ്യാനാകും? ഇറാന്‍ വിഷയത്തില്‍ യു.എസ് ഭരണകൂടം പുതിയ മുന്നേറ്റം നടത്തുമ്പോള്‍ ഇസ്‌റാഈല്‍ ഏതുവഴിക്കു നീങ്ങും, ഫലസ്തീനുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമോ, അതോ ക്രൂരതകള്‍ തുടരുമോ തുടങ്ങി അധികാരം പുതിയ കൈകളില്‍ എത്തുമ്പോള്‍ രാജ്യത്തുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളിലേക്ക് തന്നെയാകും ലോകം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago