ഡല്‍ഹി സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം; ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി സീരീസ് ഡല്‍ഹി സര്‍വകലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും പ്രദര്‍ശനം തടഞ്ഞു. പ്രദര്‍ശനം തടയുന്നതിന് യൂനിവേഴ്‌സിറ്റിയില്‍ വൈദ്യുതി രണ്ട് ദിവസമായി കറണ്ട് വിച്ഛേദിച്ചിരിക്കുകയാണ്. ഡോക്യുമെന്ററി വിദ്യാര്‍ഥികള്‍ ലാപ്‌ടോപ് വഴി പ്രദര്‍ശനം നടത്താനുള്ള പദ്ധതിയും തടഞ്ഞ് പൊലിസ്.
ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകളിലും ലാപ്പ്‌ടോപ്പിലുമായി ലിങ്ക് കൈമാറ്റത്തിലൂടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് തയ്യാറെടുത്തിരുന്നു. പ്രദര്‍ശനം ആരംഭിച്ച ഉടനെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പൊലീസ് കടന്നുവരികയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പട്ടതിന് തൊട്ടുപിന്നാലെയാണ് പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.
ഫ്രറ്റേണിറ്റി, ബാപ്‌സ, ഭീം ആര്‍മി തുടങ്ങിയ സംഘടനകളാണ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. സര്‍വകലാശാലയിലെ വൈദ്യുതിയും ഇന്റര്‍നെറ്റും അധികൃതര്‍ വിച്ഛേദിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എന്‍.എസ്.യു.ഐ, ഭഗത് സിങ് ചത്ര ഏക്ത മഞ്ച് എന്നിവരുടെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്‌ക്രീനിങ്ങിന് പദ്ധതിയിട്ട ഡല്‍ഹി സര്‍വകലാശാല ആര്‍ട്ട്‌സ് ഫാക്കല്‍റ്റിക്ക് പുറത്ത് കൂട്ടം കൂടുന്നത് നിരോധിച്ച് പൊലീസ് ഉത്തരവിട്ടിരുന്നു. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് പ്രദര്‍ശനം തടഞ്ഞത്.
കാമ്പസില്‍ കൂട്ട സ്‌ക്രീനിങ്ങോ പൊതു സ്‌ക്രീനിങ്ങോ അനുവദിക്കില്ലെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ അത് അവരുടെ ഫോണില്‍ കാണണോ എന്നത് അവരുടെ വിവേചനാധികാരമാണെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."