ലഖിംപൂർ ഖേരി ആക്രമം: മുഖ്യപ്രതി കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായി
ലക്‌നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര ജയിൽ മോചിതനായി. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയതിനെ തുടർന്ന് കർഷകർ കൊല്ലപ്പെട്ടിരുന്നു.
എട്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് മിശ്രക്കും കുടുംബാംഗങ്ങൾക്കും കോടതി മുന്നറിയിപ്പ് നൽകി. ഇത് ലംഘിക്കുകയോ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചക്കകം യുപി വിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യ കാലയളവിൽ മിശ്രയുടെ പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."