പാലക്കാട് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം: ശിശു ക്ഷേമ സമിതി സെക്രട്ടറി രാജി വെച്ചു, സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു
പാലക്കാട്: പാലക്കാട് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു. ആരോപണവിധേയനായ സെക്രട്ടറി കെ. വിജയകുമാര്‍ ആണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ല കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി.
മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെയാണ് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. വിജയകുമാര്‍ പല തവണയായി കുഞ്ഞുങ്ങളെ മര്‍ദിച്ചുവെന്ന് സമിതിയിലെ ആയയാണ് പരാതി നല്‍കിയത്. സ്‌കെയില്‍ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കലക്ടറെ സമീപിച്ചത്.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത ദിവസം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കൂടാതെ, വിജയകുമാറിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സി.പി.എം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."