സൈബി ജോസ് ഹാജരായ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി
കൊച്ചി: അഭിഭാഷകനായ സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. കേസ് വീണ്ടും കേള്‍ക്കും. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്ന് കോടതിയെ ധരിപ്പിച്ചാണ് പ്രതികള്‍ ജാമ്യം നേടിയത്.
അനുകൂല വിധി വാങ്ങി നല്‍കാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹരജിയില്‍ ഹൈക്കോടതിയില്‍ അസാധാരണ നടപടി.
പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നീവര്‍ക്ക് ജാമ്യം നല്‍കിയത് ഇരയായ തന്റെ വാദം കേള്‍ക്കാതെ ആണെന്നായിരുന്നു പരാതി.
പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ 2022 ഏപ്രില്‍ 29 ല്‍ താന്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി.
ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വര്‍ഷം മുന്‍പ് നല്‍കിയ ജാമ്യ ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കുന്നതില്‍ അട്ടിമറി ഉണ്ടായോ എന്ന് കോടതി പരിശോധിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."