കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍: ത്രിദിന പ്രദര്‍ശനവും ബോധവത്കരണവും ഇന്ന് തുടങ്ങും
മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന ബോധവത്കരണ പരിപാടികളും ഫോട്ടോ പ്രദര്‍ശനവും വണ്ടൂര്‍ സുബ്ബറാവു പൈ റൂറല്‍ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നു തുടങ്ങും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ അധ്യക്ഷയാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാലിന്യ മുക്ത കേരളം വിഷയത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.പി ഹൈദരലി ക്ലാസെടുക്കും. തുടര്‍ന്ന് കേന്ദ്ര ഗാന-നാടക വിഭാഗം യക്ഷഗാനം അവതരിപ്പിക്കും.
നൈപുണ്യ വികസനവും സ്വയം തൊഴിലും, മുദ്രാ ബാങ്ക്, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസുകളുണ്ടാകും. ആകാശവാണി കോഴിക്കോട് നിലയത്തിനു വേണ്ടി പന്തീരങ്ങാടി നിഷയും സംഘവും 22ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. ഇതിനു പുറമെ വണ്ടൂര്‍ ബ്ലോക്കിലെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും. മൂന്ന് ദിവസത്തെ പ്രദര്‍ശനം 22ന് സമാപിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്കുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേന്ദ്ര പരസ്യ-ദൃശ്യ പ്രചാരണ വിഭാഗമാണ് (ഡി.എ.വി.പി) ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."