ഇടതുമുന്നണി യോഗം നാളെ സിൽവർ ലൈൻ ചർച്ചയാകും, ബസ് ചാർജ് വർധന തീരുമാനവും ഉണ്ടാകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം നാളെ ചേരും. പദ്ധതി ധൃതിപിടിച്ചു നടപ്പിലാക്കുന്നതിൽ സി.പി.ഐയ്ക്കു പ്രതിഷേധമുണ്ട്. ഇക്കാര്യം അവർ യോഗത്തിൽ ഉന്നയിക്കും. ബസ് ചാർജ് വർധനവും ഓട്ടോ-ടാക്‌സി ചാർജ് വർധനവും യോഗം ചർച്ച ചെയ്യും. ബസ് ചാർജ് കൂട്ടാൻ യോഗം സർക്കാരിനു നിർദേശം നൽകാനാണു സാധ്യത.
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടൽ നടക്കുന്ന സ്ഥലങ്ങളിൽ ഉയർന്നുവരുന്ന സമരങ്ങളെ തള്ളിക്കളയരുതെന്നാണു സി.പി.ഐയുടെ നിലപാട്.
സ്ഥലം ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു പദ്ധതിയെ സംബന്ധിച്ചു ബോധവൽക്കരിക്കണമെന്നും അതിനുശേഷമേ കല്ലിടൽ അടക്കമുള്ള കാര്യങ്ങളിലേയ്ക്കു പോകാവൂ എന്നുമാണു സി.പി.ഐയുടെ ഇപ്പോഴത്തെ ആവശ്യം.
എന്നാൽ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന നിലപാടിലാണു സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും. അതുകൊണ്ടുതന്നെ ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. വൈദ്യുതി ചാർജ് വർധനയും യോഗം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."