HOME
DETAILS

ബംഗ്ലാദേശിന്റെ വിസ്മൃത രാഷ്ട്രശില്‍പി

  
backup
April 08 2021 | 02:04 AM

article-about-bangladesh-latest

2021 മാര്‍ച്ച് 26നു ബംഗ്ലാദേശ് അതിന്റെ വിമോചനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 'ബംഗാബന്ധു' ശൈഖ് മുജീബുറഹ്മാന്‍ സ്വതന്ത്രബംഗ്ലാദേശിന്റെ ശില്‍പിയായി ഏറെ സ്മരിക്കപ്പെടുമ്പോള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെട്ട വംഗദേശത്തിന്റെ ഒരു വീര നേതാവുണ്ട്, ധീരേന്ദ്രനാഥ് ദത്ത. ഭാഷാധിഷ്ഠിത ദേശീയവാദത്തിനു വിത്ത് പാകിയത് ധീരേന്ദ്രനാഥ് ദത്തയായിരുന്നു. ബംഗ്ലാദേശിന്റെ വിമോചന പോരാട്ടത്തിന്റെ ഹോമാഗ്നിയില്‍ അദ്ദേഹം സ്വജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി, ഹിഫ്‌സത്തെ ഇസ്‌ലാം പോലുള്ള സംഘടനകള്‍ ബംഗ്ലാദേശില്‍ പിടിമുറുക്കുമ്പോള്‍ ധീരേന്ദ്രനാഥ് ദത്തയെ പോലുള്ള മതേതര രാഷ്ട്രശില്‍പികളെ വിസ്മരിക്കാനാണ് മുഖ്യധാരാ ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഇഷ്ടപ്പെടുന്നത്.

പാകിസ്താന്റെ ആദ്യ നിയമമന്ത്രിയും ഭരണഘടനാ നിര്‍മാണസമിതി അധ്യക്ഷനുമായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡലിനെപോലെ തീവ്രവാദത്തെ ഭയന്ന് രാജ്യം വിട്ട് ഇന്ത്യയിലേക്ക് വരാനൊന്നും ധീരേന്ദ്രനാഥ് ദത്ത തയാറായില്ല. പാകിസ്താനില്‍ അവശേഷിച്ച മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പാകിസ്താന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതില്‍ ദത്ത നിര്‍ണായക പങ്കുവഹിച്ചു. അതോടൊപ്പം ഭൂരിപക്ഷ ഭാഷയായ ബംഗാളി ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാ നിര്‍മാണസഭയില്‍ പോരാടുകയും ചെയ്തു. നവജാതരാഷ്ട്രമായ പാകിസ്താന്റെ ഔദ്യോഗിക ഭാഷ ഉര്‍ദു ആയിരിക്കുമെന്ന് മുഹമ്മദ് അലി ജിന്ന അര്‍ഥശങ്കക്കിടയിലാത്ത വിധം 1948 മാര്‍ച്ച് 21 നു ധാക്കയില്‍വച്ച് പ്രഖ്യാപിച്ചു. 1948 ഫെബ്രുവരി 25നു ധീരേന്ദ്രനാഥ് ദത്ത ബംഗാളി ഭാഷ ഔദ്യോഗിക ഭാഷകളില്‍ ഒന്നായിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണഘടനാ നിര്‍മാണസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാകിസ്താനിലെ ആറു കോടി തൊണ്ണൂറ് ലക്ഷം ജനങ്ങളില്‍ നാല് കോടി നാല്‍പത് ലക്ഷം ജനങ്ങള്‍ ബംഗാളികളാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ബംഗാളി ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ച കാര്യവും ദത്ത ഉന്നയിച്ചു. സാധാരണ ബംഗാളിക്ക് മണി ഓര്‍ഡര്‍ അയക്കണമെങ്കില്‍ പോലും ഇംഗ്ലീഷോ ഉര്‍ദുവോ അറിയണമെന്നനില വരുമെന്നും ബംഗാളിക്ക് മുദ്രപത്രം വാങ്ങാനോ മറ്റ് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ സാധിക്കാതെ വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈസ്റ്റ് ബംഗാളില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവായിരുന്ന ഖാജാ നാസിമുദ്ദിന്‍ അടക്കമുള്ള മുസ്‌ലിം രാഷ്ട്രീയക്കാര്‍ മൗനം പാലിച്ചപ്പോഴാണ് ധീരേന്ദ്രനാഥ് ദത്ത ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്. (ഖാജാ നാസിമുദ്ദിന്‍, 1948- 51 കാലത്ത് പാകിസ്താന്റെ ഗവര്‍ണര്‍ ജനറലും 1951- 53 കാലത്ത് പ്രധാനമന്ത്രിയുമായിരുന്നു). 1952 ഫെബ്രുവരി 21 നു ധാക്കയില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരേ വന്‍പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൊലിസ് പ്രക്ഷോഭകര്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ഒട്ടേറെ പേര്‍ രക്തസാക്ഷികളാവുകയും ചെയ്തു. ഈ സംഭവമാണ് ബംഗ്ലാദേശ് എന്ന ആശയത്തിന് ബീജാവാപം നല്‍കിയത്.

മുതിര്‍ന്ന ബംഗ്ലാദേശി പത്രപ്രവര്‍ത്തകനായ സയ്യിദ് ബദ്‌റുല്‍ അഹ്‌സന്‍ 'ധാക്ക ട്രിബൂണ്‍' പത്രത്തില്‍ 2021 ഫെബ്രുവരി 24നു 'ധീരേന്ദ്രനാഥ് ദത്ത: ദി ലാസ്റ്റ് ഫുള്‍ മെസ്സുര്‍ ഓഫ് ഡിവോഷന്‍' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍, ദത്ത ബംഗ്ലാദേശ് എന്ന സങ്കല്‍പം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കും സ്വതന്ത്ര ബംഗ്ലാദേശ് ആ മഹാനേതാവിനോട് കാണിച്ച നന്ദികേടും അടിവരയിട്ടു പറയുന്നുണ്ട്. ബംഗ്ലാദേശിന്റെ മോസസ് എന്നാണ് ബദ്‌റുല്‍ അഹ്‌സന്‍, ധീരേന്ദ്രനാഥ് ദത്തയെ വിശേഷിപ്പിക്കുന്നത്. ദത്തയുടെ ത്യാഗം അബ്രഹാം ലിങ്കണിന്റെ ആത്മത്യാഗം പോലെയായിരുന്നു എന്നാണ് അഹ്‌സന്‍ നിരീക്ഷിക്കുന്നത്. വിമോചന സമരത്തിന്റെ ആദ്യ നാളുകളില്‍ തന്നെ (1971 മാര്‍ച്ച് 29) പാകിസ്താന്‍ സൈന്യം, ദത്തയേയും അദ്ദേഹത്തിന്റെ ചെറുപ്രായക്കാരനായ മകന്‍ ദിലീപ് കുമാര്‍ ദത്തയേയും കുമിലയില്‍നിന്ന് അറസ്റ്റ് ചെയ്തു. മൊയ്‌നമോത്തി സൈനിക ക്യാംപിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ പീഡിപ്പിച്ചു കൊന്നു. ഭൗതികാവശിഷ്ടങ്ങള്‍ പോലും പിന്നീട് കണ്ടെത്താനായില്ല.

ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പാകിസ്താന്‍ നാഷണല്‍ കോണ്‍ഗ്രസിനു ഭരണഘടനാ നിര്‍മാണസമിതിയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍, പട്ടാള ഭരണത്തിലേക്കും തീവ്രവാദത്തിലേക്കും വഴുതിവീണപ്പോള്‍ പാര്‍ട്ടിയും ധീരേന്ദ്രനാഥ് ദത്തയെ പോലുള്ള നേതാക്കളും അപകടത്തിലായി. 1965ലെ ഇന്തോ - പാക് യുദ്ധകാലത്ത് ദത്തയുടെ മതവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹത്തെ ഭരണകൂടം തടവിലാക്കി. ബംഗ്ലാദേശ് വിമോചന സമരത്തെ പിന്തുണച്ച പാകിസ്താന്‍ നാഷണല്‍ കോണ്‍ഗ്രസിനും പക്ഷേ സ്വാതന്ത്ര ബംഗ്ലാദേശില്‍ കയ്‌പ്പേറിയ അനുഭവമാണുണ്ടായത്. വിമോചനാനന്തരം ബംഗ്ലാദേശ് നാഷണല്‍ കോണ്‍ഗ്രസായി രൂപാന്തരപ്പെട്ട പാര്‍ട്ടി, 1975ല്‍ ശൈഖ് മുജീബുറഹ്മാന്‍, ബംഗ്ലാദേശ് കൃഷക് ശ്രമിക് അവാമി ലീഗ് ഒഴികെയുള്ള പാര്‍ട്ടികളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ എന്നെന്നേക്കുമായി ഇല്ലാതായി.

ദത്തയുടെ ത്യാഗം ബംഗ്ലാദേശ് വിസ്മരിച്ചുവെന്നാണ് സയ്യിദ് ബദ്‌റുല്‍ അഹ്‌സന്‍ വിലപിക്കുന്നത്. കുമിലയില്‍ എന്തുകൊണ്ട് ഒരു ധീരേന്ദ്രനാഥ് ദത്ത മ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയറായില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. മതേതരവിരുദ്ധ രാഷ്ട്രീയവും ചരിത്ര നിരാസവും ബംഗ്ലാദേശിന്റെ മാത്രം പ്രശ്‌നമല്ല; ദക്ഷിണേഷ്യ മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇവിടെയാണ് ധീരേന്ദ്രനാഥ് ദത്തയെ പോലുള്ള വ്യക്തിത്വങ്ങളുടെ സ്മൃതികള്‍ പ്രസക്തമാവുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago